ഒരു ഇസ്രായേല്യഗോത്രത്തിന്റെ ഭൂപ്രദേശം—പുരാവസ്തു തെളിവുകൾ
ഇസ്രായേല്യർ വാഗ്ദത്തദേശം പിടിച്ചടക്കി എല്ലാ ഗോത്രങ്ങൾക്കും വീതംവെച്ചപ്പോൾ മനശ്ശെ ഗോത്രത്തിലെ പത്തു കുലങ്ങൾക്ക് അവകാശം കിട്ടിയത് ആ ഗോത്രത്തിലെ മറ്റു കുലങ്ങളുടെ അവകാശഭൂമിയിൽനിന്ന് അല്പം മാറിയാണ്. യോർദാനു പടിഞ്ഞാറായിരുന്നു ആ പ്രദേശം. (യോശുവ 17:1-6) എന്നാൽ അതിനു പുരാവസ്തുശാസ്ത്രം എന്തെങ്കിലും തെളിവുകൾ തരുന്നുണ്ടോ?
1910-ൽ ശമര്യയിൽ ചില ഉത്ഖനനങ്ങൾ നടത്തിയപ്പോൾ ചില കളിമൺപാത്രങ്ങളുടെ കഷണങ്ങൾ കണ്ടെടുത്തു. ഓസ്ട്രക്ക എന്നും അറിയപ്പെടുന്ന ഇവയിൽ എബ്രായഭാഷയിലുള്ള ചില ആലേഖനങ്ങളുണ്ടായിരുന്നു. വിലപിടിപ്പുള്ള വീഞ്ഞ്, സൗന്ദര്യവർധകലേപനം പോലുള്ള ആഡംബരസാമഗ്രികൾ തലസ്ഥാനനഗരിയായ ശമര്യയിലെ രാജകൊട്ടാരത്തിലേക്ക് എത്തിച്ചിരുന്നതിന്റെ രേഖകളായിരുന്നു അവ. ബി.സി. എട്ടാം നൂറ്റാണ്ടോളം പഴക്കമുള്ള, അത്തരം 102 ഓസ്ട്രക്ക ശമര്യയിൽനിന്ന് കണ്ടെടുത്തു. എന്നാൽ അതിൽ 63 എണ്ണമേ ശരിയായി വായിക്കാൻ കഴിയുമായിരുന്നുള്ളൂ. എങ്കിലും ഈ ശകലങ്ങൾ മൊത്തത്തിൽ പരിശോധിച്ചാൽ ആ കാലഘട്ടം ഏതായിരുന്നു എന്ന സൂചനയും കുലങ്ങളുടെ പേരുകളും വ്യാപാരയിടപാടുകൾ നടത്തിയവരുടെ പേരുവിവരങ്ങളും ലഭിക്കുന്നുണ്ട്.
ശമര്യയിൽനിന്നുള്ള ആ കളിമൺകഷണങ്ങളിൽ പരാമർശിച്ചിരിക്കുന്ന എല്ലാ കുലങ്ങളും മനശ്ശെ ഗോത്രത്തിലേതാണ് എന്നതു വളരെ ശ്രദ്ധേയമാണ്. എൻഐവി പുരാവസ്തുശാസ്ത്ര പഠനബൈബിൾ പറയുന്നതനുസരിച്ച്: “മനശ്ശെയുടെ കുലങ്ങളെക്കുറിച്ചും അവർ താമസിച്ചിരുന്ന സ്ഥലങ്ങളെക്കുറിച്ചും ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിവെക്കുന്നതാണു ബൈബിളിനു വെളിയിലുള്ള ഈ തെളിവുകൾ.”
ബൈബിളെഴുത്തുകാരനായ ആമോസ് പറഞ്ഞ വാക്കുകളുടെ കൃത്യതയും ശമര്യയിൽനിന്നുള്ള ഓസ്ട്രക്ക ശരിവെക്കുന്നു. തന്റെ നാളുകളിൽ ജീവിച്ചിരുന്ന ധനികരെക്കുറിച്ച് അദ്ദേഹം പറഞ്ഞത്: “പാനപാത്രം നിറയെ അവർ വീഞ്ഞു കുടിക്കുന്നു. വിശേഷപ്പെട്ട എണ്ണ ഒഴിച്ച് അവർ സ്വയം അഭിഷേകം ചെയ്യുന്നു” എന്നാണ്. (ആമോസ് 6:1, 6) ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന വീഞ്ഞും എണ്ണയും മറ്റും, മനശ്ശെയുടെ പത്തു കുലങ്ങളിൽപ്പെട്ടവർ അവരുടെ നാട്ടിലേക്ക് ഇറക്കുമതി ചെയ്തിരുന്നെന്നുതന്നെയാണു ശമര്യയിൽനിന്നുള്ള ഓസ്ട്രക്ക സൂചിപ്പിക്കുന്നത്.