ചരിത്രസ്മൃതികൾ
സന്തോഷവാർത്ത പ്രക്ഷേപണം ചെയ്യുന്നു
1924 ഫെബ്രുവരി 24 ഞായറാഴ്ച വൈകുന്നേരം, ബൈബിൾവിദ്യാർഥികളുടെ a പുതിയ റേഡിയോ നിലയമായ ഡബ്ല്യുബിബിആർ ആദ്യമായി പ്രക്ഷേപണം ആരംഭിച്ചു. ആദ്യത്തെ പ്രക്ഷേപണം എങ്ങനെയുണ്ടായിരുന്നു? ആരൊക്കെ അത് കേട്ടു? ‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത ഭൂലോകത്തെങ്ങും പ്രസംഗിക്കാൻ’ യഹോവയുടെ സാക്ഷികൾ എങ്ങനെയാണ് ഇപ്പോഴും ഏറ്റവും പുതിയ സങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്?—മത്തായി 24:14.
“അങ്ങനെ പരിപാടി തുടങ്ങി”
ആദ്യത്തെ പ്രക്ഷേപണം രാത്രി 8:30-ന് ആരംഭിച്ചു. അതു രണ്ടു മണിക്കൂർ നീണ്ടുനിന്നു. ന്യൂയോർക്കിൽ സ്റ്റേറ്റൺ ദ്വീപിലെ പുതുതായി പണിത ഒരു സ്റ്റുഡിയോയിൽവെച്ചാണ് ഇതു നടന്നത്. പ്രക്ഷേപണം വ്യക്തമായി കേൾക്കാമെന്ന് ഉറപ്പുവരുത്താൻ ഉത്തരവാദിത്വമുണ്ടായിരുന്നത്, റാൾഫ് ലെഫ്ലർ സഹോദരനായിരുന്നു. സഹോദരൻ ഇങ്ങനെ പറയുന്നു: “അന്ന് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നവർക്കെല്ലാം വലിയ ആവേശവും ടെൻഷനും ആയിരുന്നു.” ആളുകൾക്ക് നമ്മുടെ പ്രക്ഷേപണം കേൾക്കാൻ പറ്റുന്നുണ്ടായിരിക്കുമോ എന്ന് ഓർത്ത് അദ്ദേഹം ഉത്കണ്ഠപ്പെട്ടിരുന്നു. സഹോദരൻ പറയുന്നു: “എന്തായാലും എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ ഞാൻ അത് ഓണാക്കി. അങ്ങനെ പരിപാടി തുടങ്ങി.”
ഈ ചരിത്രപ്രധാനമായ പ്രക്ഷേപണത്തിന്റെ അവതാരകൻ വിക്ടർ ഷ്മിറ്റ് സഹോദരനായിരുന്നു. ആ റേഡിയോ നിലയത്തിന്റെ മേൽനോട്ടവും അദ്ദേഹത്തിനുതന്നെയായിരുന്നു. പ്രക്ഷേപണപരിപാടിയുടെ തുടക്കത്തിൽ അദ്ദേഹം കഴിവുള്ള പല പാട്ടുകാരെയും സംഗീതജ്ഞരെയും ക്ഷണിച്ചു. അവരെല്ലാവരും ബൈബിൾവിദ്യാർഥികൾതന്നെയായിരുന്നു. ആദ്യം ഒരു സഹോദരൻ പിയാനോ വായിച്ചു. പിന്നീട്, കാണാതെ പോയ ആടിനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തെ അടിസ്ഥാനമാക്കിയുള്ള “ദ നയന്റി ആന്റ് നയൻ” എന്ന പാട്ട് കോറ വെൽമാൻ പാടി. (ലൂക്കോസ് 15:4-7) അതെത്തുടർന്ന് മറ്റു പല പരിപാടികളും നടന്നു. അതിലൊന്നായിരുന്നു ഫ്രഡെറിക് ഡബ്ല്യു ഫ്രാൻസ് പാടിയ “ദ പെനിറ്റന്റ് ” എന്ന പാട്ട്. കാണാതെപോയ മകന്റെ അഥവാ മുടിയനായ പുത്രന്റെ കഥയെ അടിസ്ഥാനമാക്കിയുള്ള പാട്ടായിരുന്നു അത്.—ലൂക്കോസ് 15:11-25.
അക്കാലത്ത് ബൈബിൾവിദ്യാർഥികൾക്കു നേതൃത്വമെടുത്ത ജോസഫ് എഫ്. റഥർഫോർഡ് “മിശിഹൈക രാജ്യതാത്പര്യങ്ങൾക്കുവേണ്ടി” ഈ റേഡിയോ നിലയം സമർപ്പിച്ചുകൊണ്ട് ഒരു പ്രസംഗം നടത്തി. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “യഹോവ മനുഷ്യരെ റേഡിയോ കണ്ടുപിടിക്കാൻ അനുവദിച്ചതിലൂടെ ആളുകളെ തന്റെ പ്രധാനപ്രവചനങ്ങളുടെ നിവൃത്തിയെക്കുറിച്ച് പഠിപ്പിക്കുന്നതിന് ഈ ഉപകരണം ഉപയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്നെന്നു മനസ്സിലാക്കാം.”
“ഒരു അക്ഷരംപോലും കേൾക്കാതെ പോയില്ല”
വടക്കുകിഴക്കൻ ഐക്യനാടുകളിലെ പല ആളുകളും ഈ ആദ്യ പ്രക്ഷേപണം കേട്ടു. 320-ലധികം കിലോമീറ്റർ അകലെ വെർമാന്റിലെ മോറിസ്വില്ലെയിൽ താമസിക്കുന്ന ഒരാൾ പറഞ്ഞത് ഇങ്ങനെയാണ്: “എനിക്കു പ്രക്ഷേപണം വളരെ വ്യക്തമായി കേൾക്കാൻ പറ്റി. . . . പ്രത്യേകിച്ചും റഥർഫോർഡ് സഹോദരന്റെ ശബ്ദം. . . . ഒരു അക്ഷരംപോലും കേൾക്കാതെ പോയില്ല.” ഫ്ളോറിഡയിലെ മോണ്ടിസെല്ലൊയിൽ താമസിക്കുന്ന ആൾക്കുപോലും ഈ പരിപാടി കേൾക്കാൻ പറ്റി! അങ്ങനെ ഈ പുതിയ റേഡിയോ നിലയം ഒരു വൻവിജയമായി. നന്ദിവാക്കുകൾ നിറഞ്ഞ കത്തുകളുടെ ഒരു പ്രവാഹമായിരുന്നു പിന്നെ അങ്ങോട്ട്.
ഈ റേഡിയോ നിലയം 33 വർഷത്തോളം b രാജ്യസന്ദേശം പ്രക്ഷേപണം ചെയ്യുന്നതിൽ തുടർന്നു, പ്രധാനമായും വടക്കുകിഴക്കൻ ഐക്യനാടുകളിലെ സ്ഥലങ്ങളിലേക്ക്. എന്നാൽ ചില സമയത്തൊക്കെ ഈ റേഡിയോ നിലയം മറ്റു റേഡിയോ നിലയങ്ങളുമായി ചേർന്നുപ്രവർത്തിച്ചതുകൊണ്ട് ഐക്യനാടുകളിലും കാനഡയിലും അതിലും ദൂരെയുള്ള സ്ഥലങ്ങളിലും ഉള്ള ലക്ഷക്കണക്കിന് ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കാനായി. 1975-ലെ യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം പറയുന്നത് ഇങ്ങനെയാണ്: “1933-ലാണ് ഏറ്റവും അധികം ആളുകൾ ഈ പ്രക്ഷേപണം കേട്ടത്. ആ വർഷമായപ്പോഴേക്കും 408 റേഡിയോ നിലയങ്ങളിൽനിന്ന് നമ്മുടെ സന്ദേശം ആറ് ഭൂഖണ്ഡങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. അതുപോലെ 23,783 വ്യത്യസ്ത ബൈബിൾപ്രസംഗങ്ങളും പ്രക്ഷേപണം ചെയ്യാനായി. . . . അക്കാലത്തൊക്കെ വാച്ച്ടവർ പ്രക്ഷേപണങ്ങൾ ഒരേസമയം വ്യത്യസ്ത റേഡിയോ നിലയങ്ങളിലൂടെ കേൾപ്പിക്കുമായിരുന്നു. ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടുള്ള സത്യത്തിന്റെ വാക്കുകൾ അന്തരീക്ഷത്തിൽ അങ്ങനെ അലയടിച്ചുകൊണ്ടിരുന്നു.”
റേഡിയോയെ പിന്നിലാക്കിക്കൊണ്ട് വീടുതോറുമുള്ള സാക്ഷീകരണം
ബൈബിൾവിദ്യാർഥികൾ ഡബ്ല്യുബിബിആർ ഉപയോഗിക്കാൻ തുടങ്ങിയ സമയത്ത് ഐക്യനാടുകളിലെ രാജ്യപ്രഘോഷകരുടെ എണ്ണം ശരാശരി 1,064 ആയിരുന്നു. ആ ചെറിയ കൂട്ടത്തിനു കൂടുതൽ ആളുകളിലേക്കു സന്തോഷവാർത്ത എത്തിക്കാൻ ആ പ്രക്ഷേപണങ്ങൾ ഒരു സഹായമായി. 1957 ആയപ്പോഴേക്കും രാജ്യപ്രഘോഷകരുടെ എണ്ണം ഐക്യനാടുകളിൽ ശരാശരി 1,87,762-ഉം ലോകമെങ്ങും 6,53,273-ഉം ആയി. അതുപോലെ സഭാ മീറ്റിങ്ങുകളിലൂടെ അവർക്കു നല്ല പരിശീലനം ലഭിച്ചു. അതിന്റെ ഫലമായി വീടുതോറുമുള്ള പ്രവർത്തനത്തിലും ശുശ്രൂഷയുടെ മറ്റു മേഖലകളിലും അവർ കൂടുതൽ ഫലപ്രദരായി.
ഈ പുരോഗതിയൊക്കെ കണ്ടപ്പോൾ വീടുതോറുമുള്ള ശുശ്രൂഷയാണോ റേഡിയോ നിലയത്തെക്കാൾ കൂടുതൽ ഫലപ്രദമെന്ന് ഉത്തരവാദിത്വപ്പെട്ട സഹോദരങ്ങൾ ചിന്തിക്കാൻ തുടങ്ങി. അതിന്റെ ഫലം എന്തായിരുന്നു? വാച്ച്ടവർ സൊസൈറ്റിക്ക് സ്വന്തമായി ഉണ്ടായിരുന്ന ഡബ്ല്യുബിബിആർ വിൽക്കാൻ തീരുമാനിച്ചു. അങ്ങനെ 1957 ഏപ്രിൽ 15-ാം തീയതി ആ റേഡിയോ നിലയം വിറ്റു. വിൽക്കുന്നതിനു തലേദിവസം നടന്ന അവസാനത്തെ പ്രക്ഷേപണത്തിൽ എന്തിനാണ് ഈ റേഡിയോ നിലയം വിൽക്കുന്നതെന്ന ചോദ്യത്തിന് നേഥൻ എച്ച്. നോർ ഉത്തരം നൽകി. വീടുതോറുമുള്ള ശുശ്രൂഷയുടെ ഫലമായിട്ടാണു കൂടുതൽ ആളുകളും യഹോവയുടെ സാക്ഷികളാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. “ധാരാളം ആളുകൾക്ക് ഡബ്ല്യുബിബിആർ പ്രക്ഷേപണത്തിലൂടെ പ്രയോജനം ലഭിച്ചിട്ടുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്നാൽ ഡബ്ല്യുബിബിആർ പ്രക്ഷേപണങ്ങൾ കേട്ട സ്ഥലങ്ങളിലും കേൾക്കാത്ത സ്ഥലങ്ങളിലും ഉള്ള യഹോവയുടെ സാക്ഷികളുടെ വർധന നോക്കിയാൽ വലിയ വ്യത്യാസമില്ല.” അതുകൊണ്ട് വീടുതോറുമുള്ള സാക്ഷീകരണമാണു റേഡിയോ നിലയത്തെക്കാൾ കൂടുതൽ ഫലപ്രദമെന്ന നിഗമനത്തിൽ സഹോദരങ്ങൾ എത്തി. അതോടെ ഡബ്ല്യുബിബിആർ പ്രക്ഷേപണം നിലച്ചു. എന്നാൽ, നൂറ്റാണ്ടുകൾക്കു ശേഷം പ്രക്ഷേപണം വീണ്ടും തുടങ്ങി, പുതിയൊരു രൂപത്തിൽ.
ഇക്കാലത്ത് നടക്കുന്ന പ്രക്ഷേപണം
2014 ഒക്ടോബർ 6 യഹോവയുടെ സാക്ഷികൾക്ക് ആവേശം നിറഞ്ഞ ഒരു ദിവസമായിരുന്നു. അന്ന് ഇന്റർനെറ്റ് ടെലിവിഷൻ ചാനലായ JW പ്രക്ഷേപണം ആരംഭിച്ചു. മാസംതോറുമുള്ള ഈ പ്രക്ഷേപണം യഹോവയുടെ സാക്ഷികളും മറ്റുള്ളവരും ഒരു വെബ് ബ്രൗസറിലൂടെയോ JW ലൈബ്രറി ആപ്ലിക്കേഷനിലൂടെയോ സ്ട്രീമിങ്ങിനുള്ള ഡിവൈസുകളിലൂടെയോ സാറ്റ്ലൈറ്റ് റിസീവറിലൂടെയോ കേൾക്കുന്നു. c എന്നാൽ ലോകമെങ്ങുമുള്ള ചില സ്ഥലങ്ങളിൽ യഹോവയുടെ സാക്ഷികൾ ഇപ്പോഴും രാജ്യസന്ദേശം അറിയിക്കാൻ റേഡിയോയും ടെലിവിഷനും ഉപയോഗിക്കുന്നു. അത് എങ്ങനെയാണ്?
ഇന്റർനെറ്റ് സൗകര്യം പരിമിതമായ സ്ഥലങ്ങളിൽ കൺവെൻഷനുകളും ആഴ്ചതോറുമുള്ള സഭാ മീറ്റിങ്ങുകളും പ്രക്ഷേപണം ചെയ്യുന്നതിനുവേണ്ടി ഇയ്യടുത്ത വർഷങ്ങളിലായി യഹോവയുടെ സംഘടന മറ്റു കമ്പനികളുടെ റേഡിയോ നിലയങ്ങളും ടിവി ചാനലുകളും പ്രയോജനപ്പെടുത്തുന്നു. ഈ പ്രക്ഷേപണം താത്പര്യക്കാരടക്കം സാക്ഷികളല്ലാത്ത ധാരാളം ആളുകളിലേക്ക് എത്തി. ഉദാഹരണത്തിന് 2021-നും 2022-നും ഇടയിൽ, സാക്ഷികളല്ലാത്ത പലരും നമ്മുടെ മീറ്റിങ്ങുകൾ വളരെയധികം വിലമതിച്ചതായി റേഡിയോ സ്റ്റേഷൻ മാനേജർമാർ കിഴക്കൻ ആഫ്രിക്കയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസിനെ അറിയിച്ചു. കെനിയയിലെയും സൗത്ത് സുഡാനിലെയും ടാൻസനിയയിലെയും ധാരാളം പേർ ബൈബിൾപഠനത്തിനുപോലും ആവശ്യപ്പെട്ടു.
എങ്കിലും രാജ്യസന്ദേശം ലോകമെങ്ങും എത്തിക്കുന്നതിന് യഹോവയുടെ സാക്ഷികൾ വീടുതോറുമുള്ള ശുശ്രൂഷ, സാഹിത്യ കൈവണ്ടികൾ, jw.org-വെബ്സൈറ്റ് എന്നീ മാർഗങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. നമ്മുടെ വെബ്സൈറ്റിൽ 1,080-ലധികം ഭാഷകളിൽ ബൈബിളും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും സൗജന്യമായി ലഭിക്കും. താത്പര്യമുള്ളവർക്ക് അതു പ്രയോജനപ്പെടുത്താനാകും. ഈ വെബ്സൈറ്റ് ഉപയോഗിച്ചുകൊണ്ട് ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും നമ്മുടെ മീറ്റിങ്ങുകൾ നടക്കുന്ന സ്ഥലങ്ങളും ആളുകൾക്കു കണ്ടെത്താനാകും. ഇതിന്റെയെല്ലാം ഫലമായി യഹോവയുടെ സാക്ഷികൾക്ക് ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത മുമ്പെന്നത്തെക്കാളും വ്യാപകമായി ആളുകളെ അറിയിക്കാൻ കഴിയുന്നു. അങ്ങനെ ബൈബിൾ മുൻകൂട്ടി പറഞ്ഞതുപോലെ ‘സന്തോഷവാർത്ത ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടുകയാണ്.’—മത്തായി 24:14.
a ബൈബിൾവിദ്യാർഥികൾ 1931-ൽ യഹോവയുടെ സാക്ഷികൾ എന്ന പേര് സ്വീകരിച്ചു.
b കുറച്ച് നാളത്തേക്ക് യഹോവയുടെ സാക്ഷികൾക്ക് ഓസ്ട്രേലിയയിലും കാനഡയിലും മറ്റു രാജ്യങ്ങളിലും റേഡിയോ നിലയങ്ങളുണ്ടായിരുന്നു.
c “ഇന്റർനെറ്റ് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് JW ഉപഗ്രഹചാനൽ” എന്ന ലേഖനം കാണുക.