ചരിത്രസ്മൃതികൾ
അവർ ഏറ്റവും നല്ലത് കൊടുത്തു
1945-ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ, ജർമനിയുടെ മിക്ക ഭാഗങ്ങളും തകർന്നടിഞ്ഞിരുന്നു. നഗരങ്ങൾ നശിപ്പിക്കപ്പെട്ടു, സ്കൂളുകളും ആശുപത്രികളും ഒക്കെ ഉപയോഗിക്കാൻ പറ്റാതെയായി, പിന്നെ എല്ലായിടത്തും പൊട്ടാതെ നിരന്നു കിടക്കുന്ന ബോംബുകളും. കൂടാതെ, ഭക്ഷണസാധനങ്ങളുടെ ലഭ്യത കുറഞ്ഞതിനാൽ എല്ലാത്തിന്റെയും വില വളരെ കൂടി. ഉദാഹരണത്തിന്, അര കിലോ വെണ്ണയ്ക്ക് കരിഞ്ചന്തയിൽ ഒരാളുടെ ആറാഴ്ചത്തെ കൂലി കൊടുക്കണമായിരുന്നു.
വിശ്വാസം കാരണം വർഷങ്ങളോളം ജയിലുകളിലും തടങ്കൽപ്പാളയങ്ങളിലും കഴിഞ്ഞിരുന്ന രണ്ടായിരത്തിലധികം വരുന്ന യഹോവയുടെ സാക്ഷികളെയും ഈ ദുരിതങ്ങൾ ബാധിച്ചു. 1945-ൽ മോചിതരായപ്പോൾ, ധരിച്ചിരുന്ന ജയിൽ വസ്ത്രങ്ങളല്ലാതെ അവരുടെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. മറ്റു ചില സാക്ഷികൾക്ക് സ്വത്തുക്കളും വസ്തുവകകളും എല്ലാം നഷ്ടമായി. ചിലർ ദിവസങ്ങളോളം കടുത്ത പട്ടിണിയിലായിരുന്നതിനാൽ, ക്രിസ്തീയ യോഗങ്ങൾക്കിടയിൽ ബോധംകെട്ടുവീണു.
മറ്റു രാജ്യങ്ങളിലുള്ള സാക്ഷികൾ ഉടനെ സഹായത്തിനെത്തി
ആഹാരത്തിനും വസ്ത്രത്തിനും വേണ്ടിയുള്ള ആവശ്യം മനസ്സിലാക്കിക്കൊണ്ട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള യഹോവയുടെ സാക്ഷികൾ പെട്ടെന്നുതന്നെ സഹായത്തിനെത്തി. ഐക്യനാടുകളിലെ ലോകാസ്ഥാനത്തുള്ള സഹോദരങ്ങൾ സ്വിറ്റ്സർലൻഡിലെ ബേണിലുള്ള ബ്രാഞ്ചോഫീസിലുള്ളവരോട് ജർമനിയിലെ സഹോദരങ്ങളെ സഹായിക്കാൻ നിർദേശിച്ചു. ലോകാസ്ഥാനത്തുനിന്നുള്ള ഒരു പ്രതിനിധിയായി നേഥൻ എച്ച്. നോർ സഹോദരൻ യൂറോപ്പ് സന്ദർശിച്ചുകൊണ്ട് ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും കാര്യങ്ങൾ വേഗത്തിലാക്കുകയും ചെയ്തു.
സ്വിറ്റ്സർലൻഡിലെ സാക്ഷികൾ ആഹാരവും പണവും വസ്ത്രങ്ങളും എല്ലാം ഉദാരമായി നൽകി. സാധനങ്ങളെല്ലാം ബേണിലേക്കാണ് ആദ്യം അയച്ചിരുന്നത്. അവിടെ വെച്ച് എല്ലാം തരംതിരിച്ച്, പായ്ക്കു ചെയ്ത് ജർമനിയിലേക്ക് അയച്ചു. സ്വീഡൻ, കാനഡ, ഐക്യനാടുകൾ ഉൾപ്പെടെ മറ്റു രാജ്യങ്ങളിലെ സാക്ഷികളും ഈ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സഹായിച്ചു. ഈ പ്രവർത്തനങ്ങൾ ജർമനിയിലെ സഹോദരങ്ങൾക്കു മാത്രമല്ല മഹായുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ച യൂറോപ്പിലെയും ഏഷ്യയിലെയും മറ്റു രാജ്യങ്ങളിലെ യഹോവയുടെ ജനത്തിനും പ്രയോജനം ചെയ്തു.
അതിശയകരമായ പ്രതികരണം
ഏതാനും മാസങ്ങൾക്കുള്ളിൽ, സ്വിറ്റ്സർലൻഡിലെ ബ്രാഞ്ചോഫീസ് കാപ്പിപ്പൊടി, പാൽ, പഞ്ചസാര, ധാന്യങ്ങൾ, പച്ചക്കറികൾ, ഉണക്കിയെടുത്ത പഴവർഗങ്ങൾ, വേവിച്ചു ടിന്നിലടച്ച ഇറച്ചിയും മീനും എല്ലാം കയറ്റി അയച്ചു. പണവും സംഭാവനയായി നൽകി.
കൂടാതെ, ഓവർക്കോട്ടുകൾ, സ്യൂട്ടുകൾ, സ്ത്രീകൾക്കുള്ള വസ്ത്രങ്ങൾ ഉൾപ്പെടെ അഞ്ചു ടൺ വരുന്ന വസ്ത്രങ്ങൾ സ്വിറ്റ്സർലൻഡിലെ സാക്ഷികൾ അയച്ചുകൊടുത്തു. 1946 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഇങ്ങനെ പറയുന്നു: “സഹോദരങ്ങൾ തങ്ങളുടെ ഏറ്റവും മോശമായതല്ല, പകരം ഏറ്റവും നല്ലതാണ് നൽകിയത്. ജർമനിയിലെ സഹോദരങ്ങളെ സഹായിക്കാൻ അവർ വലിയൊരു ത്യാഗമാണ് ചെയ്തത്.”
സ്വിറ്റ്സർലൻഡിലെ സാക്ഷികൾ ഏകദേശം 1000 ജോടി ഷൂസുകൾ നൽകി. അവയെല്ലാം ഉപയോഗിക്കാൻ പറ്റിയതാണെന്ന് ഉറപ്പുവരുത്തിയശേഷമാണ് അയച്ചുകൊടുത്തത്. ജർമനിയിലെ വീസ്ബാഡനിലുള്ള സഹോദരങ്ങൾ പായ്ക്കറ്റുകൾ തുറന്നു നോക്കിയപ്പോൾ അതിശയിച്ചുപോയി. കാരണം പല തരത്തിലുള്ളതും ഗുണമേന്മയുള്ളതും ആയ സാധനങ്ങളാണ് പായ്ക്കറ്റുകളിൽ ഉണ്ടായിരുന്നത്. ഒരു സഹോദരൻ ഇങ്ങനെ എഴുതി: “ഇത്രയും വൈവിധ്യവും ഗുണമേന്മയും ഉള്ള വസ്ത്രങ്ങളും ഷൂസുകളും കിട്ടുന്ന ഒരു കട ജർമനിയിൽ എവിടെയെങ്കിലും ഉണ്ടാകുമോയെന്ന് എനിക്ക് സംശയമാണ്”.
ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായി സാധനങ്ങൾ കയറ്റി അയക്കുന്നത് 1948 ആഗസ്റ്റ് വരെ തുടർന്നു. അങ്ങനെ മൊത്തം 25 ടൺ ഭാരം വരുന്ന ദുരിതാശ്വാസ സാധനങ്ങളടങ്ങിയ 444 പെട്ടികൾ സ്വിറ്റ്സർലൻഡിലെ സാക്ഷികൾ ജർമനിയിലുള്ള സഹോദരങ്ങൾക്ക് അയച്ചുകൊടുത്തു. നേരത്തെ പറഞ്ഞതുപോലെ, സ്വിറ്റ്സർലൻഡിലെ സാക്ഷികൾ മാത്രമല്ല ഈ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കുപറ്റിയത്. സത്യത്തിൽ അവർ ഈ പ്രവർത്തനത്തിൽ പങ്കെടുത്ത ഒരു ചെറിയ കൂട്ടം മാത്രമായിരുന്നു. ആ സമയത്ത് സ്വിറ്റ്സർലൻഡിൽ ആകെ 1,600 സാക്ഷികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
‘നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടായിരിക്കണം’
യേശുക്രിസ്തു ഇങ്ങനെ പ്രസ്താവിച്ചു: “നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.” (യോഹന്നാൻ 13:34, 35) തങ്ങൾക്ക് ആവശ്യമില്ലാത്തത് കൊടുക്കാനല്ല, പകരം ഉള്ളതിൽവെച്ച് ഏറ്റവും നല്ലത് കൊടുക്കാനാണ് സ്നേഹം യഹോവയുടെ ജനത്തെ പ്രചോദിപ്പിക്കുന്നത്. (2 കൊരിന്ത്യർ 8:1-4) സൂറിച്ചിൽ നിന്നുള്ള ഒരു കത്തിൽ ഇങ്ങനെ പരാമർശിച്ചിരുന്നു: “അവശ്യസാധനങ്ങൾപോലും ഇല്ലാതിരുന്ന പലരും സഹായിക്കാനുള്ള ആഗ്രഹംകൊണ്ട് അവരുടെ റേഷൻ കാർഡുകളും പണവും നൽകി.”
ജർമനിയിലെ യഹോവയുടെ ജനത്തിനു പീഡനത്തിന്റെയും യുദ്ധത്തിന്റെയും കെടുതികളിൽനിന്ന് പെട്ടെന്നുതന്നെ ആശ്വാസം ലഭിച്ചു. ആത്മത്യാഗപരമായ സ്നേഹം കാണിച്ച സഹവിശ്വാസികൾ സംഘടിതമായി കൊടുത്ത ഉദാരമായ സംഭാവനകളാണ് അതിനുള്ള ഒരു കാരണം.
ജർമനിയിലെ സഹവിശ്വാസികൾക്ക് സംഭാവനയായി നൽകാനുള്ള വസ്ത്രങ്ങൾ സ്വിറ്റ്സർലൻഡിലെ ബേണിലുള്ള ബ്രാഞ്ചോഫീസിലെ സാക്ഷികൾ തരംതിരിക്കുന്നു
സംഭാവനയായി നൽകിയ സാധനങ്ങളടങ്ങുന്ന പെട്ടികൾ ബേണിലുള്ള ബ്രാഞ്ചോഫീസിൽവെച്ച് ഒരു ട്രക്കിലേക്ക് കയറ്റുന്നു
“യഹോവയുടെ സാക്ഷികളുടെ ദുരിതാശ്വാസപ്രവർത്തനം” എന്ന് എഴുതിയ പെട്ടികൾ നിറച്ച ഒരു ട്രക്ക്
സംഭാവനയായി നൽകിയ സാധനങ്ങളടങ്ങുന്ന പെട്ടികൾ ജർമനിയിലേക്കുള്ള ഒരു ട്രെയിനിൽ കയറ്റുന്നു