വാർവിക്ക് ഫോട്ടോ ഗ്യാലറി 7 (2016 സെപ്റ്റംബർ മുതൽ 2017 ഫെബ്രുവരി വരെ)
ഈ ഫോട്ടോ ഗ്യാലറിയിൽ 2016 സെപ്റ്റംബർ മുതൽ 2017 ഫെബ്രുവരി വരെയുള്ള കാലയളവിലെ ഫോട്ടോകളാണുള്ളത്. യഹോവയുടെ സാക്ഷികളുടെ പുതിയ ആസ്ഥാനത്തെ പ്രവർത്തനങ്ങൾ എങ്ങനെ പൂർത്തീകരിച്ചെന്നും ഇവിടത്തെ സൗകര്യങ്ങൾ സ്വമേധാസേവകർ എങ്ങനെ ഉപയോഗിച്ചെന്നും കാണാം.
2016 സെപ്റ്റംബർ 8—വാർവിക്ക് പണിസ്ഥലം
വാർവിക്ക് പണിസ്ഥലത്തെ എല്ലാ കെട്ടിടങ്ങളും ഇപ്പോൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തോടെ, ബ്രൂക്ലിനിൽ താമസിച്ചിരുന്ന നിർമാണ സന്നദ്ധസേവകരും മുഴുസമയ സേവകരും ഉൾപ്പെടെ ഏതാണ്ട് 500 ആളുകൾ വാർവിക്കിൽ താമസം തുടങ്ങിയിരുന്നു.
2016 സെപ്റ്റംബർ 20—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
“യഹോവയുടെ പേരിനായി ഒരു ജനം” എന്ന പേരിലുള്ള പ്രദർശന മുറിയുടെ പ്രധാന കവാടത്തിന്റെ ഭിത്തിയിലുള്ള ടൈലിന്റെ തിളക്കം പരിശോധിക്കുന്ന ഒരു ജോലിക്കാരൻ. പഴമ തോന്നും വിധം പെയിന്റ് ചെയ്ത ടൈലുകളാണ് ഇവ. അതു പ്രദർശനമുറിയിലെ ചരിത്രവിഷയത്തിന് അനുയോജ്യമായ ഒരു അന്തരീക്ഷം ഒരുക്കുന്നു.
2016 സെപ്റ്റംബർ 28—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
യഹോവയുടെ സാക്ഷികളുടെ ഭരണസംഘാംഗമായ സ്റ്റീഫൻ ലെറ്റ് സഹോദരനായിരുന്നു വാർവിക്കിൽവെച്ച് നടന്ന ആദ്യത്തെ പ്രഭാതാരാധനയുടെ അധ്യക്ഷൻ. അന്ന് ലെറ്റ് സഹോദരൻ, വാർവിക്കിലെ പുതിയ കെട്ടിട സൗകര്യങ്ങൾ നിർമിക്കുന്നതിനു സഹായിച്ച 27,000-ത്തിലധികം വരുന്ന സന്നദ്ധ സേവകർക്കും ഈ നിർമാണ പ്രവർത്തനത്തെ വ്യത്യസ്ത വിധങ്ങളിൽ പിന്തുണച്ച മറ്റു പലർക്കും നന്ദി അറിയിച്ചുകൊണ്ട് ഒരു കത്ത് വായിച്ചു.
2016 ഒക്ടോബർ 3—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
ഗൈഡിന്റെ സഹായം കൂടാതെ നടന്നു കാണാൻ കഴിയുന്ന മൂന്നു പ്രദർശനശാലകളുണ്ട് ഇവിടെ. അതിൽ ഒന്നിന്റെ മുമ്പിലുള്ള പ്രവേശന ബോർഡിൽ അക്ഷരങ്ങൾ വെക്കുന്ന ഒരു മരപ്പണിക്കാരൻ. “യഹോവയുടെ പേരിനായി ഒരു ജനം” എന്ന പ്രദർശനത്തിൽ 1870-കൾ മുതൽ ഇന്നു വരെയുള്ള യഹോവയുടെ സാക്ഷികളുടെ ആധുനികകാല ചരിത്രം അടങ്ങിയിരിക്കുന്നു.
2016 ഒക്ടോബർ 5—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
റൈറ്റിങ് കമ്മിറ്റി അവരുടെ സഹായികളും റൈറ്റിങ് ഡിപ്പാർട്ടുമെന്റിലെ മറ്റ് അംഗങ്ങളും ആയി നടത്തുന്ന ഒരു യോഗം. പുറത്തിറങ്ങാൻ പോകുന്ന പ്രസിദ്ധീകരണങ്ങളുടെ ചിത്രങ്ങൾ വലിയ മോണിറ്ററുകളിൽ പ്രദർശിപ്പിക്കുന്നു. അതോടൊപ്പം ഈ മോണിറ്ററുകൾ വഴി മറ്റു കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ടുമെന്റുകളും ഈ യോഗത്തിൽ പങ്കെടുക്കുന്നു. വർഷങ്ങൾക്ക് മുമ്പ് സംഭാവനയായി ലഭിച്ച മേശ ബ്രൂക്ലിനിൽനിന്ന് വാർവിക്കിലേക്കു കൊണ്ടുവന്നിരിക്കുന്നു.
2016 ഒക്ടോബർ 20—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
കോ-ഓർഡിനേറ്റേഴ്സ് കമ്മിറ്റിയുടെ സഹായിയും അദ്ദേഹത്തിന്റെ നേതൃത്വത്തിൻ കീഴിൽ പ്രവർത്തിക്കുന്ന മറ്റ് അംഗങ്ങളും, ഫിലിപ്പീൻസിൽ ഒരു ദിവസം മുമ്പ് ഉണ്ടായ ഉഗ്രമായ ഹൈമ (ലാവിൻ) ചുഴലിക്കാറ്റ് തകർത്തെറിഞ്ഞവരെ ഏതു വിധത്തിൽ സഹായിക്കാമെന്ന കാര്യം ആലോചിക്കുന്നു. ലോകാസ്ഥാനത്തുള്ള ഡിപ്പാർട്ടുമെന്റുകൾക്ക് വീഡിയോ കോൺഫറൻസ് സംവിധാനം മുഖേന, ലോകത്തെങ്ങുമുള്ള ബ്രാഞ്ചോഫീസുകളുമായി അടിയന്തിരമായ കാര്യങ്ങൾ വേഗത്തിൽ ചർച്ച ചെയ്യാൻ കഴിയുന്നു.
2016 ഒക്ടോബർ 28—അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ് സ്ഥലം
അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടത്തെ പ്രധാന പ്രവേശന വഴിയിൽനിന്ന് വേർതിരിക്കുന്നത് ഒരു കുളമാണ്. വാർവിക്കിലുള്ള ഈ കുളവും മറ്റുള്ളവയും മഴവെള്ളത്തിലുള്ള മാലിന്യങ്ങളും മറ്റു പദാർഥങ്ങളും തടഞ്ഞുനിറുത്തി മഴവെള്ളം മാത്രം വേർതിരിച്ചെടുക്കുന്നു. സാധാരണ ഒരു അഴുക്കുചാൽ നിർമിക്കുമ്പോൾ വരുന്ന ചെലവിന്റെ 50 ശതമാനം മാത്രമേ ഈ കുളത്തിന്റെ നിർമാണത്തിന് ആകുന്നുള്ളൂ. ഇതു കൂടാതെ അരിച്ച് ശുദ്ധീകരിച്ച വെള്ളം ആ പ്രദേശത്തുള്ള നീർച്ചാലുകളിലേക്ക് ഒഴുക്കി വിടുന്നതുകൊണ്ട് ഇവയിലെ സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആരോഗ്യം പരിരക്ഷിക്കപ്പെടുന്നു.
2016 നവംബർ 4—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
വണ്ടിയിൽ വന്ന സാധനങ്ങൾ ഇറക്കിവെക്കുന്ന സഹോദരങ്ങൾ. ബ്രൂക്ലിനിലെ ലോകാസ്ഥാനത്ത് താമസിക്കുന്നവരുടെ സാധനങ്ങൾ വാർവിക്കിലുള്ള പുതിയ താമസസ്ഥലത്തേക്കു മാറ്റുന്നതിനായി ഏകദേശം 80 ജോലിക്കാർ അവരെ സഹായിച്ചു.
2016 ഡിസംബർ 14—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
മെഷീനിൽ കുഴച്ചെടുത്ത മാവ് മേശയിൽ എടുത്തുവെക്കുന്ന പാചകക്കാർ. ഈ മെഷീനിൽ 45 കിലോഗ്രാമിൽ അധികം മാവ് ഒറ്റ പ്രാവശ്യം കുഴയ്ക്കാനാകും. മെഷീനിൽ കുഴയ്ക്കുന്നതുകൊണ്ട് ഈ പണി വളരെ എളുപ്പവും സുരക്ഷിതവുമാണ്. വാർവിക്ക് ബേക്കറിയിലുള്ള ഒരു ഉപകരണത്തിന് താപനിലയും ഊഷ്മാവും ക്രമീകരിച്ചുകൊണ്ട് പുളിപ്പിക്കൽ പ്രക്രിയയുടെ വേഗത കൂട്ടാനോ കുറയ്ക്കാനോ കഴിയും. ഓരോ ആഴ്ചയും നൂറു കണക്കിന് ബ്രെഡ് ഉണ്ടാക്കുന്നതിന്റെ ജോലിഭാരം കുറയ്ക്കാൻ ഈ ഉപകരണം സഹായിക്കുന്നു.
2016 ഡിസംബർ 14—അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ് സ്ഥലം
കെട്ടിട നിർമാണ പ്രവർത്തകർ അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടത്തിനുള്ളിലെ മാലിന്യങ്ങൾ നീക്കുന്നു. ബ്രൂക്ലിനിൽനിന്ന് വ്യത്യസ്തമായി വാർവിക്കിലെ കെട്ടിടങ്ങൾ എല്ലാം പരസ്പരം ബന്ധിച്ചിരിക്കുന്നതുകൊണ്ട് മാലിന്യങ്ങൾ നീക്കുന്നതിന് കുറച്ച് ആളുകളും വണ്ടികളും മാത്രം മതി.
2016 ഡിസംബർ 14—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
ഒരു ഷർട്ടിന്റെ ചുളിവു മാറ്റാൻ വെള്ളം തളിച്ച് മെഷീനിൽ തേച്ചെടുക്കുന്നു. വാർവിക്കിലുള്ള അലക്കു ഡിപ്പാർട്ടുമെന്റ് ഓരോ ആഴ്ചയിലും ശരാശരി 5,000 കിലോഗ്രാമിലധികം തുണികളും ലിനനും കഴുകുന്നു. തുണികൾ തിരിച്ചറിയുന്നതിനുവേണ്ടി ജോലി ചെയ്യുന്നവർ അവയിൽ ലേബലുകൾ പതിപ്പിക്കും. അലക്കുന്നിടത്തെ വിവിധ ഇടങ്ങളിൽ ഈ ലേബലുകൾ സ്കാൻ ചെയ്യുന്നു. ഇതിലൂടെ, തുണി വൃത്തിയാക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന പ്രക്രിയകളിലൂടെയെല്ലാം കടന്നുപോയിട്ടുണ്ടെന്നും ഒടുവിൽ എത്തേണ്ട ഡിപ്പാർട്ടുമെന്റുകളിലും മുറികളിലും എത്തിയിട്ടുണ്ടെന്നും ഉറപ്പാക്കുന്നു.
2016 ഡിസംബർ 20—അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ് സ്ഥലം
പവർഹൗസിൽ ഉപയോഗിക്കുന്ന ബൂം ലിഫ്റ്റ് പരിശോധിക്കുകയും കേടുപോക്കുകയും ചെയ്യുന്ന ഒരു മെക്കാനിക്ക്. ഇങ്ങനെ ചെയ്യുന്നത് ഈ ഉപകരണത്തിന്റെ ആയുസ്സ് കൂട്ടുകയും ഉപയോഗിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്നു.
2017 ജനുവരി 10—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
“വിശ്വാസം പ്രവൃത്തിയിൽ” എന്ന പേരിലുള്ള പ്രദർശനശാലയിലെ ആമുഖ പ്രദർശനത്തിനുവേണ്ടിയുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷന്റെ പ്രോഗ്രാമിലുളള തെറ്റുകൾ കണ്ടുപിടിച്ച് തിരുത്തുന്ന ഒരു കമ്പ്യൂട്ടർ വിദഗ്ധൻ.
2017 ജനുവരി 11—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
1903-ൽ നിർമിച്ച ഒരു സൈക്കിൾ “യഹോവയുടെ പേരിനായി ഒരു ജനം” എന്ന പേരിലുള്ള പ്രദർശനശാലയിൽ വെക്കുന്നതിനായി മരപ്പണിക്കാർ മിനുക്കുപണികൾ നടത്തുന്നു. സംഭാവനയായി ലഭിച്ച ഈ സൈക്കിൾ വാർവിക്കിലുള്ള ജോലിക്കാർ സൂക്ഷ്മതയോടെ പരിരക്ഷിക്കുന്നു. ബൈബിൾവിദ്യാർഥികൾ (യഹോവയുടെ സാക്ഷികൾ മുമ്പ് ഇങ്ങനെയാണ് അറിയപ്പെട്ടിരുന്നത്.) ബൈബിൾസന്ദേശം പ്രചരിപ്പിക്കുന്നതിനുവേണ്ടി സൈക്കിൾപോലുള്ള യാത്രാമാർഗങ്ങൾ ഉപയോഗിച്ചിരുന്നു. അവരുടെ ത്യാഗങ്ങളെയും പരിശ്രമങ്ങളെയും ഈ സൈക്കിൾ നന്നായി ചിത്രീകരിക്കുന്നു.
2017 ജനുവരി 12—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
“സൃഷ്ടിപ്പിൻ ഫോട്ടോ നാടക”ത്തോടു ബന്ധപ്പെട്ട സാധനങ്ങൾ പ്രദർശിപ്പിക്കുന്നതിനുവേണ്ടി ചില്ലുകൂടുകൾ സ്ഥാപിക്കുന്ന ജോലിക്കാർ. ആ നാടകത്തിൽ ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയ വിവരങ്ങളുടെ ചലിക്കുന്ന ചിത്രങ്ങളും സ്ലൈഡുകളും പ്രദർശിപ്പിച്ചിരുന്നു. 1914-ൽ ആണ് ആദ്യം ഇത് പ്രദർശിപ്പിച്ചത്. ഏതാണ്ട് 90 ലക്ഷം ആളുകൾ ആ വർഷം ഈ നാടകം കണ്ടു.
2017 ജനുവരി 12—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
ചരിത്രരേഖകൾ സൂക്ഷിക്കുന്നവരും ഒരു ഗ്രാഫിക് കലാകാരിയും 1544-ൽ പുറത്തിറങ്ങിയ സൂറിച്ച് ലത്തീൻ ബൈബിളിന്റെ പതിപ്പ് “ബൈബിളും ദിവ്യനാമവും” എന്ന പ്രദർശനശാലയിൽ വെക്കുന്നതിനുവേണ്ടി ഒരുക്കുന്നു. ബൈബിളിൽ യഹോവ എന്ന ദിവ്യനാമം കാണാൻ കഴിയുന്ന ഭാഗമാണ് ചുവന്ന അമ്പ് അടയാളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബൈബിളുകൾ പെട്ടെന്നു കീറിപ്പോകാൻ സാധ്യതയുള്ളതുകൊണ്ട് പല മുൻകരുതലുകൾ എടുത്താണ് അവ സംരക്ഷിക്കുന്നത്. ഉദാഹരണത്തിന്, പേജുകൾ പോളിസ്റ്റർ ഫിലിമുകൾ ഒട്ടിച്ച് ഭദ്രമായി സൂക്ഷിക്കുന്നു. പ്രദർശനശാല ഊഷ്മാവും താപനിലയും ക്രമപ്പെടുത്താനാകും വിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ഫൈബർ ഒപ്റ്റിക്ക് പ്രകാശം അനുയോജ്യമായ വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഇവയെല്ലാം ലോലമായ പേജുകൾ നശിച്ചുപോകാതെ സൂക്ഷിക്കാൻ സഹായിക്കുന്നു.
2017 ജനുവരി 16—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
ഗൈഡുകളോടൊപ്പം എത്തിയ സന്ദർശകർ വാർവിക്ക് സമുച്ചയത്തിന്റെ മനോഹരമായ കാഴ്ച 23 മീറ്റർ (75 അടി) ഉയരമുള്ള ഒരു ഗോപുരത്തിൽനിന്ന് വീക്ഷിക്കുന്നു. 2017 ഏപ്രിൽ 3 മുതൽ, വാർവിക്കിലുള്ള സൗകര്യങ്ങളും ഗൈഡുകളുടെ സഹായം കൂടാതെ കാണാൻ കഴിയുന്ന പ്രദർശനശാലകളും സന്ദർശിക്കുന്നതിനുള്ള ക്രമീകരണം തുടങ്ങിയിരിക്കുന്നു. വാർവിക്ക് ടൂറിനായി നമ്മുടെ വെബ്സൈറ്റിൽ ലഭ്യമായിരിക്കുന്ന ഓൺലൈൻ റിസർവേഷൻ സംവിധാനം ഉപയോഗിച്ച് മുന്നമേ ബുക്ക് ചെയ്യേണ്ടതാണ്. അതിനായി വെബ്സൈറ്റിൽ ഞങ്ങളെക്കുറിച്ച് > ഓഫീസുകൾ/സന്ദർശനം എന്ന ഭാഗം കാണുക.
2017 ജനുവരി 19—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
ചരിത്രരേഖകൾ സൂക്ഷിക്കുന്ന ഒരാൾ 1611-ലെ ജയിംസ് രാജാവിന്റെ ഭാഷാന്തരം ബൈബിളിന്റെ വിരളമായ ആദ്യ പതിപ്പ് പ്രദർശനശാലയിലെ ചില്ലുകൂട്ടിൽ വെക്കുന്നു. ഓരോന്നും വെക്കാൻ പറ്റിയ വിധത്തിലാണ് വാർവിക്കിലെ സഹോദരങ്ങൾ ചില്ലുകൂടുകൾ ഉണ്ടാക്കിയിരിക്കുന്നത്.
2017 ജനുവരി 19—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
ഒരു ഗ്രാഫിക് കലാകാരി പ്രദർശനത്തിനായി സ്റ്റാൻഡിൽ ഒരു തൊപ്പി വെക്കുന്നു. ഒരു നൂറ്റാണ്ടു മുമ്പ് യഹോവയുടെ സാക്ഷികൾക്കു നേതൃത്വം കൊടുത്തിരുന്ന ജോസഫ് എഫ്. റഥർഫോർഡിന്റെ തൊപ്പിയാണ് അത്. “യഹോവയുടെ പേരിനായി ഒരു ജനം” എന്ന പ്രദർശനശാലയിലെ ഈ ഭാഗം, ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുന്നതിനായി ആദ്യകാലത്തെ സാക്ഷികൾ ചെയ്ത പരിശ്രമങ്ങൾ ചിത്രീകരിക്കുന്നു.
2017 ജനുവരി 20—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
ഓഡിയോ റെക്കോർഡിങ് ടീമിന്റെ സഹായത്തോടെ ഒരു വായനക്കാരൻ “ബൈബിളും ദിവ്യനാമവും” എന്ന പ്രദർശനശാലയോടു ബന്ധപ്പെട്ട കാര്യങ്ങൾ വിവരിക്കുന്നു. ബ്രൂക്ലിനിൽനിന്ന് വാർവിക്കിലേക്കു റെക്കോർഡിങ് ബൂത്തും ഉപകരണങ്ങളും കൊണ്ടുവന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾത്തന്നെ റെക്കോർഡിങ് സ്റ്റുഡിയോ പ്രവർത്തനസജ്ജമായി. ഈ സ്റ്റുഡിയോയിലാണ് (പ്രധാന സംപ്രേക്ഷണം പാറ്റേർസണിലുള്ള വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിലാണ് നടക്കുന്നത്.) പുതിയ ലോക ഭാഷാന്തരം ബൈബിൾ, വീക്ഷാഗോപുരം, ഉണരുക!, jw.org സൈറ്റിൽ വരുന്ന ലേഖനങ്ങൾ, മറ്റു ഓഡിയോ പ്രസിദ്ധീകരണങ്ങൾ എല്ലാം റെക്കോർഡ് ചെയ്യുന്നത്.
2017 ജനുവരി 27—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
3 ഡി ഫോട്ടോ പ്രദർശനശാലയിൽ വെക്കാൻ പോകുന്ന ഒരു ചിത്രം പെയിന്റ് ചെയ്യുന്ന ഒരു ജോലിക്കാരി. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജീവിച്ചിരുന്ന ബൈബിൾവിദ്യാർഥികളുടെ ചരിത്രപ്രാധാന്യമുള്ള ഫോട്ടോകളുടെ പ്രദർശനമാണ്, “യഹോവയുടെ പേരിനായി ഒരു ജനം” എന്ന പ്രദർശനശാലയുടെ ഈ വിഭാഗത്തിൽ ഉള്ളത്.
2017 ഫെബ്രുവരി 15—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
യഹോവയുടെ കൂട്ടുകാരാകാം എന്ന പരമ്പരയിലെ ഡേവിഡിന്റെ രൂപത്തിന് ഒരു കലാകാരി നിറം കൊടുക്കുന്നു. യഹോവയുടെ സാക്ഷികൾ കുട്ടികൾക്കുവേണ്ടി വികസിപ്പിച്ചിരിക്കുന്ന വീഡിയോകളും മറ്റും പ്രദർശിപ്പിച്ചിരിക്കുന്ന ഗ്യാലറിയിൽ ഡേവിഡിന്റെ ഈ രൂപവും വെക്കും.
2017 ഫെബ്രുവരി 15—ഓഫീസ്/സേവനവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം
“യഹോവയുടെ പേരിനായി ഒരു ജനം” എന്ന ഭാഗത്തു വെക്കാനുള്ള ബോർഡുകളും ഫോട്ടോകളും ഒരു മരപ്പണിക്കാരൻ മുറിച്ച് ഭംഗിവരുത്തുന്നു. ഇവിടെയുള്ള മൂന്നു മ്യൂസിയങ്ങളുടെ പണിക്കായി 250-ലധികം പേർ തുടക്കംമുതൽ അവസാനംവരെ സഹായിച്ചു. കമ്പ്യൂട്ടർ പ്രോഗ്രാം ചെയ്യുന്നവർ, പ്ലാനുകൾ വരയ്ക്കുന്നവർ, ഇലക്ട്രീഷ്യന്മാർ, വീഡിയോ എടുക്കുന്നവർ, കലാകാരന്മാർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.