“എനിക്കു താത്പര്യമില്ല” എന്നു മുമ്പ് പറഞ്ഞവരോട് യഹോവയുടെ സാക്ഷികൾ വീണ്ടും സംസാരിക്കുന്നത് എന്തുകൊണ്ട്?
ദൈവത്തോടും അയൽക്കാരോടും ഉള്ള സ്നേഹത്താൽ പ്രേരിതരായി യഹോവയുടെ സാക്ഷികൾ എല്ലാ ആളുകളോടും ബൈബിളിന്റെ സന്ദേശം അറിയിക്കുന്നു. അതിൽ “എനിക്കു താത്പര്യമില്ല” എന്നു മുമ്പ് പറഞ്ഞവരും ഉൾപ്പെടുന്നു. (മത്തായി 22:37-39) ദൈവത്തോടുള്ള സ്നേഹം, ‘സമഗ്രമായി സാക്ഷീകരിക്കാനുള്ള’ ദൈവപുത്രന്റെ കല്പന അനുസരിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു. (പ്രവൃത്തികൾ 10:42; 1 യോഹന്നാൻ 5:3) ഇത് ചെയ്യുന്നതിന് ഒന്നിലധികം തവണ ദൈവത്തിന്റെ സന്ദേശവുമായി ആളുകളുടെ അടുക്കൽ ഞങ്ങൾ ചെല്ലുന്നു, പുരാതനനാളിലെ പ്രവാചകന്മാർ ചെയ്തതുപോലെ. (യിരെമ്യ 25:4) കാരണം ഞങ്ങൾ ഞങ്ങളുടെ അയൽക്കാരെ സ്നേഹിക്കുന്നു. അതുകൊണ്ടാണ് ജീവരക്ഷാകരമായ ‘രാജ്യത്തിന്റെ സുവിശേഷം’ ആദ്യം താത്പര്യം കാണിക്കാത്തവർ ഉൾപ്പെടെ എല്ലാവരെയും അറിയിക്കാൻ ഞങ്ങൾ ശ്രമിക്കുന്നത്.—മത്തായി 24:14.
മുമ്പ് താത്പര്യം കാണിക്കാത്ത വീടുകളിൽ വീണ്ടും മടങ്ങിച്ചെല്ലുമ്പോൾ മിക്കപ്പോഴും ആളുകൾ താത്പര്യം കാണിച്ചിട്ടുണ്ട്. അതിന്റെ മൂന്നു കാരണങ്ങൾ നോക്കുക:
ആളുകൾ താമസം മാറുന്നു.
വീട്ടിലെ മറ്റ് അംഗങ്ങൾ താത്പര്യം കാണിക്കുന്നു.
ആളുകളുടെ മനോഭാവത്തിനു മാറ്റം വരുന്നു. ലോകത്തിലെ സംഭവങ്ങളോ വ്യക്തിപരമായ സാഹചര്യങ്ങളോ നിമിത്തം ചിലർ “ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ” ആകുകയും ബൈബിളിന്റെ സന്ദേശത്തിൽ താത്പര്യം കാണിക്കുകയും ചെയ്യുന്നു. (മത്തായി 5:3) ഇനി മുമ്പ് എതിർത്തിരുന്നവർ പോലും അപ്പോസ്തലനായ പൗലോസിനെപ്പോലെ മനോഭാവത്തിന് മാറ്റം വരുത്തുന്നു.—1 തിമൊഥെയൊസ് 1:13.
എന്നിരുന്നാലും ഞങ്ങളുടെ സന്ദേശം ഞങ്ങൾ ആരെയും അടിച്ചേൽപ്പിക്കാറില്ല. (1 പത്രോസ് 3:15) ആരാധനയോടുള്ള ബന്ധത്തിൽ ഓരോ വ്യക്തിയും സ്വന്തമായി തീരുമാനമെടുക്കേണ്ടതുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.—ആവർത്തനം 30:19, 20.