സ്നേഹിക്കുന്നെന്ന് അവരോടു പറയണം
ബൾഗേറിയയിലുള്ള ഒരു യഹോവയുടെ സാക്ഷിയാണ് ഓങ്ക്ലി. സ്ലെറ്റ്ക എന്ന ഒരു ചെറുപ്പക്കാരിക്ക് ഓങ്ക്ലി ബൈബിൾപഠനം നടത്തുന്നുണ്ട്. അവരുടെ ഭർത്താവ് ബൈബിൾപഠനത്തിന് ഇരിക്കാറില്ല. ഓങ്ക്ലി പറയുന്നു: “കുടുംബജീവിതത്തെക്കുറിച്ചുള്ള ഭാഗം ചർച്ച ചെയ്തപ്പോൾ ഭർത്താവിനെയും മക്കളെയും സ്നേഹിക്കുന്നുണ്ടെന്നു പറയണം എന്ന കാര്യത്തിന് ഞാൻ ഊന്നൽ കൊടുത്തു. ഇതു കേട്ട സ്ലെറ്റ്ക വിഷമത്തോടെ എന്നെ നോക്കിയിട്ട്, ഭർത്താവിനോടും ഒൻപതു വയസ്സുള്ള മകളോടും താൻ അവരെ സ്നേഹിക്കുന്നുണ്ടെന്ന് ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ലെന്ന് എന്നോടു പറഞ്ഞു.”
സ്ലെറ്റ്ക പറയുന്നു: “ഞാൻ അവർക്കുവേണ്ടി എന്തും ചെയ്യാൻ തയ്യാറാണ്. പക്ഷേ അവരെ സ്നേഹിക്കുന്നുണ്ടെന്നൊക്കെ ഞാൻ എങ്ങനെ അവരോടു പറയാനാ? എന്നെ സ്നേഹിക്കുന്നുണ്ടെന്ന് അമ്മ ഒരിക്കൽപ്പോലും എന്നോടു പറഞ്ഞിട്ടില്ല. അമ്മൂമ്മയും അമ്മയോട് അങ്ങനെ പറഞ്ഞിട്ടില്ല.” അപ്പോൾ, യഹോവ യേശുവിനെ സ്നേഹിക്കുന്നെന്നു പറഞ്ഞത് ഓങ്ക്ലി സ്ലെറ്റ്കയ്ക്കു കാണിച്ചുകൊടുത്തു. (മത്തായി 3:17) ഇക്കാര്യത്തെക്കുറിച്ച് പ്രാർഥിക്കാനും ഭർത്താവിനെയും മകളെയും സ്നേഹിക്കുന്നുണ്ടെന്ന കാര്യം അവരോടു പറയാൻ ഒരു ലക്ഷ്യം വെക്കാനും ഓങ്ക്ലി സ്ലെറ്റ്കയെ പ്രോത്സാഹിപ്പിച്ചു.
ഓങ്ക്ലി പറയുന്നു: “സഹായത്തിനുവേണ്ടി യഹോവയോടു പ്രാർഥിച്ചെന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ സ്ലെറ്റ്ക സന്തോഷത്തോടെ എന്നോടു പറഞ്ഞു. ഭാര്യ ഭർത്താവിനെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ടത് എത്ര പ്രധാനമാണെന്നു ബൈബിൾപഠനത്തിൽനിന്ന് പഠിച്ചെന്നു ഭർത്താവ് വീട്ടിൽ വന്നപ്പോൾ സ്ലെറ്റ്ക പറഞ്ഞു. എന്നിട്ട് അദ്ദേഹത്തെ സ്നേഹിക്കുന്നെന്ന് തുറന്നു പറയുകയും ചെയ്തു. പിന്നെ മകൾ വന്നപ്പോൾ കെട്ടിപ്പിടിച്ചിട്ട് അവളെയും സ്നേഹിക്കുന്നെന്നു പറഞ്ഞു. എന്നിട്ട് സ്ലെറ്റ്ക എന്നോട് ഇങ്ങനെ പറഞ്ഞു: ‘എനിക്ക് ഇപ്പോൾ വലിയ ആശ്വാസം തോന്നുന്നു. ഇത്രയും നാൾ ഞാൻ വികാരങ്ങളെല്ലാം ഉള്ളിൽ ഒതുക്കുകയായിരുന്നു. പക്ഷേ യഹോവയുടെ സഹായത്തോടെ ഒടുവിൽ എനിക്ക് എന്റെ കുടുംബത്തോടുള്ള സ്നേഹം കാണിക്കാൻ കഴിഞ്ഞു.’”
ഓങ്ക്ലി തുടരുന്നു: “ഒരാഴ്ച കഴിഞ്ഞ് സ്ലെറ്റ്കയുടെ ഭർത്താവിനെ കണ്ടപ്പോൾ അദ്ദേഹം എന്നോട് ഇങ്ങനെ പറഞ്ഞു: ‘നിങ്ങളോടൊപ്പം സ്ലെറ്റ്ക ബൈബിളൊന്നും പഠിക്കാൻ പോകുന്നില്ലെന്നാണു പലരും എന്നോടു പറഞ്ഞത്. പക്ഷേ സത്യം പറഞ്ഞാൽ ബൈബിൾപഠനം ശരിക്കും ഞങ്ങളുടെ കുടുംബത്തിനു പ്രയോജനം ചെയ്തു. ഇപ്പോൾ ഞങ്ങളുടെ വിവാഹജീവിതത്തിൽ നല്ല സന്തോഷവും സമാധാനവും ഉണ്ട്.’”