ഒരു പ്രളയം സന്തോഷവാർത്ത എത്തിക്കുന്നു
2017-ൽ നിക്കരാഗ്വയിലെ മിസ്കിറ്റൊ കോസ്റ്റ് പ്രദേശത്തുനിന്ന് 12 സാക്ഷികൾ ഒരു ബോട്ടിൽ യാത്ര തുടങ്ങി. അവരുടെ ബോട്ടിന് ഒരു പേരുണ്ടായിരുന്നു, സ്റ്റുരി യാമ്നി. ആ കൂട്ടത്തിൽ ഉണ്ടായിരുന്ന സ്റ്റീഫൻ ഇങ്ങനെ ഓർക്കുന്നു: “ഞങ്ങളുടെ യാത്രയ്ക്ക് രണ്ടു ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. ഒരു ഒറ്റപ്പെട്ട സ്ഥലത്തു താമസിക്കുന്ന സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുക, ഒപ്പം ആ വലിയ പ്രദേശത്ത് സന്തോഷവാർത്ത അറിയിക്കാൻ അവരെ സഹായിക്കുക.”
യാത്രാസംഘം പേൾ ലഗൂണിൽനിന്ന് റിയോ ഗ്രാൻഡെ ഡി മാറ്റാഗെൽപാ നദിയിലൂടെ 200 കിലോമീറ്റർ വരുന്ന അവരുടെ യാത്ര ആരംഭിച്ചു. മിസ്കിറ്റൊ ഭാഷയിൽ ആ ബോട്ടിന്റെ പേരിന് “സന്തോഷവാർത്ത” എന്നാണ് അർഥം. ആ പേരിന് നദീതീരത്ത് താമസിക്കുന്ന ആളുകളുടെ ജീവിതത്തിൽ വലിയൊരു അർഥമുണ്ടാകുമെന്ന് അവർ ചിന്തിച്ചതേയില്ല. ലാ ക്രൂസ് ഡി റിയോ ഗ്രാൻഡെ ആയിരുന്നു അവരുടെ ലക്ഷ്യസ്ഥാനം. യാത്രയ്ക്കുതന്നെ 12 മണിക്കൂർ വേണ്ടിവന്നു. രണ്ടു ദിവസംകൊണ്ടാണ് ആ യാത്ര പൂർത്തിയാക്കിയത്. അവരെ സ്വീകരിക്കാനായി ആറു സഹോദരങ്ങൾ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു.
ആ രാത്രിയിൽ അവിടെ അപ്രതീക്ഷിതമായ ഒരു ദുരന്തം ആഞ്ഞടിച്ചു. വലിയൊരു കൊടുങ്കാറ്റുണ്ടായി, പിന്നാലെ ശക്തമായ മഴയും. മണിക്കൂറുകൾക്കുള്ളിൽ നദി കരകവിഞ്ഞൊഴുകാൻ തുടങ്ങി. ഇത് രണ്ടു ദിവസം തുടർന്നു. ലാ ക്രൂസിലെ രാജ്യഹാളിലും അവിടത്തെ ചില വീടുകളിലും വെള്ളം കയറി. ആ പ്രദേശത്തെ ആളുകളെ വീടുകളിൽനിന്ന് രക്ഷപ്പെടുത്താൻ അവിടേക്കു ചെന്ന ആ സഹോദരങ്ങൾ സഹായിച്ചു. അടുത്ത രണ്ടു രാത്രികളിൽ ഒരു സഹോദരിയുടെ രണ്ടുനില വീട്ടിലാണ് പലരും തങ്ങിയത്.
മൂന്നാമത്തെ ദിവസം രാത്രി ലാ ക്രൂസിലെ മേയർ അവിടം സന്ദർശിച്ച ആ സാക്ഷികളെ കാണാൻ വന്നു. കരകവിഞ്ഞൊഴുകിയ ആ നദിയിലൂടെ പോകാൻ കെൽപ്പുണ്ടായിരുന്നത് ഇവരുടെ സ്റ്റുരി യാമ്നി എന്ന ബോട്ടിനു മാത്രമായിരുന്നു. അതുകൊണ്ട് പ്രളയം ബാധിച്ച മറ്റു സ്ഥലങ്ങളിലെ ആളുകളെ രക്ഷിക്കാൻ ഈ ബോട്ടിൽ ദുരിതാശ്വാസപ്രവർത്തകരെ കൊണ്ടുപോകാനാകുമോ എന്ന് മേയർ ചോദിച്ചു. സഹായിക്കാൻ ആ സാക്ഷികൾക്ക് നൂറു മനസ്സായിരുന്നു.
പിറ്റേന്ന് രാവിലെതന്നെ മൂന്നു സാക്ഷികൾ ദുരിതാശ്വാസപ്രവർത്തകരോടൊപ്പം പോയി. സ്റ്റീഫൻ പറയുന്നു: “നദി ആകെ കലങ്ങിമറിഞ്ഞ അവസ്ഥയിലായിരുന്നു. കടപുഴകിയ വൻമരങ്ങൾ നദിയിലൂടെ ഒഴുകിവന്നു. അങ്ങിങ്ങായി വലിയ ചുഴികളും രൂപപ്പെട്ടു. ഒഴുക്കിന്റെ വേഗതയാണെങ്കിൽ മണിക്കൂറിൽ 18 കിലോമീറ്ററിൽ അധികവും.” ഈ ദുഷ്കരമായ സാഹചര്യത്തിലും ആ ബോട്ടിന് മൂന്നു പ്രദേശങ്ങളിലെ ആളുകളുടെ അടുത്തേക്ക് എത്താൻ കഴിഞ്ഞു.
ഈ മൂന്നു സാക്ഷികൾ വിഷമിച്ചിരുന്ന ഗ്രാമത്തിലുള്ളവരെ ആശ്വസിപ്പിച്ചു. കൂടാതെ, “ദുരന്തങ്ങൾ ആഞ്ഞടിക്കുമ്പോൾ—ജീവൻ രക്ഷിക്കാനുള്ള മാർഗങ്ങൾ” എന്ന വിഷയത്തിലുള്ള 2017-ലെ ഉണരുക! മാസികയും അവർക്കു കൊടുത്തു.
സാക്ഷികൾ കൊടുത്ത പ്രായോഗിക സഹായവും ബൈബിളിൽനിന്നുള്ള ആശ്വാസവും ആ നദീതീരത്ത് താമസിക്കുന്ന ആളുകൾ അതിയായി വിലമതിച്ചു. ചിലർ ഇങ്ങനെ പറഞ്ഞു: “കഷ്ടപ്പാടിന്റെ സമയത്ത് സഹായിക്കുന്നവരാണ് അവർ.” “അവർക്ക് അയൽക്കാരോട് ശരിക്കും സ്നേഹമുണ്ട്” എന്നു മറ്റു ചിലർ അഭിപ്രായപ്പെട്ടു. സഹോദരങ്ങളെയും മറ്റുള്ളവരെയും സഹായിക്കാനായി സാക്ഷികൾ ചെയ്ത കാര്യങ്ങൾ കണ്ട അവർ ഇപ്പോൾ ബൈബിളിൽനിന്നുള്ള സന്ദേശം കേൾക്കാൻ കൂടുതൽ മനസ്സുകാണിക്കുന്നു.
യാത്രാസംഘത്തിലെ ഒരാളായ മാർക്കൊ സ്റ്റുരി യാമ്നിയിൽനിന്ന് സന്തോഷവാർത്ത അറിയിക്കാനായി ഗ്രമത്തിലേക്കു പോകുന്നു
സ്റ്റുരി യാമ്നി ഗ്രാമത്തിലെ വള്ളക്കടവിൽ