ആ കത്തുകൾ അവർ വിലമതിച്ചു
ഐക്യനാടുകളിൽ താമസിക്കുന്ന ഒരു യഹോവയുടെ സാക്ഷിയാണ് ബ്രൂക്ക്. കോവിഡ്-19 മഹാമാരിയുടെ സമയത്ത് കത്തുകൾ എഴുതിക്കൊണ്ടാണ് ബ്രൂക്ക് സാക്ഷീകരിച്ചിരുന്നത്. ഓരോ ആഴ്ചയും ഒരുപാട് കത്തുകൾ എഴുതുമായിരുന്നു. എങ്കിലും ഒന്നര വർഷം കഴിഞ്ഞപ്പോൾ അവർക്കു നിരുത്സാഹം തോന്നി. അത്രയും നാളായിട്ടും ആകെ ഒരാളുടെ മറുപടി മാത്രമേ കിട്ടിയുള്ളൂ. അതാണെങ്കിൽ വീണ്ടും കത്തുകൾ എഴുതരുത് എന്നു പറഞ്ഞുകൊണ്ടും. താൻ ചെയ്യുന്നതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ലെന്നു ബ്രൂക്കിനു തോന്നി.
അധികം നാൾ കഴിഞ്ഞില്ല, ബാങ്കിൽ ജോലി ചെയ്തിരുന്ന ഒരു യഹോവയുടെ സാക്ഷിയായ കിം, തന്റെ ബാങ്കിൽ വന്ന ഒരാളോടു സംസാരിച്ചതിനെക്കുറിച്ച് ബ്രൂക്കിനോടു പറഞ്ഞു. ആ വ്യക്തി യഹോവയുടെ സാക്ഷികൾ എഴുതിയ ഒരു കത്ത് തനിക്ക് കിട്ടിയെന്നു കിമ്മിനോടു പറഞ്ഞിരുന്നു. പറഞ്ഞുവന്നപ്പോൾ അതു ബ്രൂക്ക് എഴുതിയ കത്തായിരുന്നു. പിറ്റെ ആഴ്ചയും ആ വ്യക്തി ബാങ്കിൽ വന്നു. കിമ്മുമായി സംസാരിക്കുന്നതിന് ഇടയിൽ അദ്ദേഹം പറഞ്ഞു, ഓൺലൈനിൽ നടക്കുന്ന സാക്ഷികളുടെ മീറ്റിങ്ങിൽ പങ്കെടുക്കാൻ തനിക്ക് താത്പര്യമുണ്ടെന്ന്.
കുറച്ച് നാൾ കഴിഞ്ഞ് ഡേവിഡ് എന്നു പേരുള്ള മറ്റൊരു സാക്ഷി, ബ്രൂക്കിന്റെ കത്ത് കിട്ടിയ ഒരു സഹജോലിക്കാരനെക്കുറിച്ച് ബ്രൂക്കിനോടു പറഞ്ഞു. ബ്രൂക്ക് തന്റെ സ്വന്തം കൈപ്പടയിൽ ആ കത്ത് എഴുതിയതുകൊണ്ട് ആ വ്യക്തിക്ക് അത് ഇഷ്ടപ്പെട്ടു. അദ്ദേഹം പറഞ്ഞു: “ഇതുപോലെ മറ്റുള്ളവരുടെ കാര്യത്തിൽ താത്പര്യമെടുക്കുന്ന ആളുകൾ ഇന്ന് അധികമില്ല.” ഡേവിഡ് അദ്ദേഹത്തോടു ബൈബിളിനെക്കുറിച്ച് കൂടുതൽ സംസാരിക്കുകയും വായിക്കാൻ ഒരു പ്രസിദ്ധീകരണം കൊടുക്കാമെന്നു പറയുകയും ചെയ്തു. ആ വ്യക്തി അതു സന്തോഷത്തോടെ സമ്മതിച്ചു.
യഹോവയുടെ സാക്ഷികൾ തിരിച്ചറിയുന്ന ഒരു കാര്യമാണ്, ശുശ്രൂഷയിൽ അവർ വിതയ്ക്കുന്ന വിത്തുകൾ മുളയ്ക്കുന്നത് അവർ എപ്പോഴും തിരിച്ചറിയണമെന്നില്ല എന്നത്. (സഭാപ്രസംഗകൻ 11:5, 6) ഈ അനുഭവം ക്രിസ്തീയശുശ്രൂഷയിൽ തനിക്കുള്ള പങ്കിനെ വിലമതിക്കാൻ ബ്രൂക്കിനെ സഹായിച്ചു.—1 കൊരിന്ത്യർ 3:6.