ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
“സ്വപ്നം കാണാനാകുമായിരുന്നതെല്ലാം എനിക്ക് കിട്ടിയതുപോലെ തോന്നി”
ജനനം: 1962
രാജ്യം: കാനഡ
ചരിത്രം: മോശമായ ജീവിതരീതി
മുൻകാലജീവിതം
കാനഡയിലെ ക്യുബെക്കിലുള്ള മോൺട്രിയൽ എന്ന വലിയ നഗരത്തിലാണ് ഞാൻ ജനിച്ചത്. റോസ്മോണ്ടിന് അടുത്തുള്ള പ്രശാന്തസുന്ദരമായ സ്ഥലത്താണ് ഞാനും ചേച്ചിയും രണ്ട് അനിയന്മാരും വളർന്നുവന്നത്. സ്നേഹനിധികളായ മാതാപിതാക്കളോടൊപ്പം ഞങ്ങൾ അവിടെ സ്വസ്ഥമായ ഒരു ജീവിതം നയിച്ചുപോന്നു.
കുട്ടിക്കാലത്ത് എനിക്ക് ബൈബിൾ വലിയ ഇഷ്ടമായിരുന്നു. 12-ാം വയസ്സിൽ യേശുവിന്റെ ജീവിതത്തെക്കുറിച്ച് പുതിയ നിയമത്തിൽനിന്ന് ആസ്വദിച്ച് വായിച്ചത് എനിക്ക് ഓർമയുണ്ട്. മറ്റുള്ളവരോടുള്ള യേശുവിന്റെ സ്നേഹവും അനുകമ്പയും എന്നെ വല്ലാതെ ആകർഷിച്ചു. യേശുവിനെപ്പോലെയാകണമെന്ന് എനിക്കു തോന്നി. എന്നാൽ മുതിർന്നുവന്നപ്പോഴുണ്ടായ എന്റെ ചീത്ത കൂട്ടുകെട്ടു കാരണം ഈ ആഗ്രഹം മങ്ങിപ്പോയി.
എന്റെ ഡാഡി സാക്സഫോൺ നന്നായി വായിക്കുമായിരുന്നു. എനിക്കു ഡാഡിയിൽനിന്ന് കിട്ടിയത് സാക്സഫോൺ മാത്രമായിരുന്നില്ല, സംഗീതത്തോടുള്ള അടങ്ങാനാകാത്ത അഭിനിവേശവും കൂടിയായിരുന്നു. അങ്ങനെ സംഗീതംതന്നെയായി എന്റെ ജീവിതം. ഞാൻ അത് അത്രയ്ക്ക് ആസ്വദിച്ചിരുന്നു. അധികം വൈകാതെ ഞാൻ ഗിറ്റാറും പഠിച്ചു. പിന്നീട് കുറച്ച് കൂട്ടുകാരെ സംഘടിപ്പിച്ച് ഒരു സംഗീത ട്രൂപ്പ് തുടങ്ങി. ഞങ്ങൾ പല പരിപാടികളും അവതരിപ്പിച്ചു. സംഗീതലോകത്ത് അറിയപ്പെടുന്ന പല നിർമാതാക്കളും എന്നെ സമീപിച്ചു. ഒരു പ്രമുഖ റെക്കോർഡിങ് കമ്പനിയുമായി അങ്ങനെ ഞാൻ ഒരു കരാർ ഒപ്പുവെച്ചു. എന്റെ സംഗീതം വളരെ പ്രശസ്തമായി. ക്യുബെക്കിലെ റേഡിയോയിൽ എന്റെ സംഗീതപരിപാടി സ്ഥിരം വരുമായിരുന്നു.
സ്വപ്നം കാണാനാകുമായിരുന്നതെല്ലാം എനിക്ക് കിട്ടിയതുപോലെ തോന്നി. ഞാൻ ചെറുപ്പത്തിലേ പ്രശസ്തനായി. എനിക്ക് ഇഷ്ടപ്പെട്ട കാര്യം ചെയ്തുകൊണ്ടുതന്നെ ഞാൻ കുറെ കാശുണ്ടാക്കി. പകൽ സമയത്ത് ജിംനേഷ്യവും അഭിമുഖങ്ങളും ടിവി പരിപാടികളും ഓട്ടോഗ്രാഫിൽ ഒപ്പിടലും ഒക്കെയായി ഞാൻ തിരക്കിലായിരുന്നു. രാത്രിയായാൽ സംഗീതപരിപാടികളും പാർട്ടികളും. ആരാധകരെക്കൊണ്ട് ഞാൻ വീർപ്പുമുട്ടി. അതിന്റെ സമ്മർദം ഒന്നു കുറയ്ക്കാൻ ഞാൻ ചെറുപ്പത്തിൽത്തന്നെ മദ്യപിക്കാൻ തുടങ്ങി, പിന്നെ മയക്കുമരുന്ന് ഉപയോഗിക്കുന്ന അളവോളം എത്തി. അങ്ങനെ ആരെയും കൂസാത്ത ഒരു വഴിപിഴച്ച ജീവിതമായി എന്റേത്.
ചിലർ എന്റെ ജീവിതശൈലിയെ അസൂയയോടെ നോക്കി. ഞാൻ എപ്പോഴും സന്തോഷവാനാണെന്ന് അവർ വിചാരിച്ചു. പക്ഷേ എന്റെ ഉള്ളിൽ എപ്പോഴും ഒരു ശൂന്യതയായിരുന്നു, പ്രത്യേകിച്ച് ഞാൻ ഒറ്റയ്ക്കായിരുന്നപ്പോൾ. എനിക്കു വിഷാദവും ഉത്കണ്ഠയും തോന്നി. ഞാൻ വിജയത്തിന്റെ നെറുകയിൽ നിൽക്കുന്ന സമയത്ത് എന്നെ ഞെട്ടിച്ച ദാരുണമായ ഒരു സംഭവമുണ്ടായി. എന്റെ സംഗീതപരിപാടിയുടെ നിർമാതാക്കളിൽ രണ്ടു പേർ എയ്ഡ്സ് പിടിപെട്ട് മരിച്ചു. സംഗീതം എനിക്ക് ഇഷ്ടമായിരുന്നെങ്കിലും ആ ജീവിതശൈലി ഞാൻ വെറുത്തിരുന്നു.
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
ഞാൻ വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും ലോകത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. എന്തുകൊണ്ടാണ് ഇത്രയധികം അനീതി? ദൈവം എന്താണ് നടപടിയൊന്നും എടുക്കാത്തത് എന്നു ഞാൻ ചിന്തിച്ചുപോയി. സത്യത്തിൽ ഞാൻ മിക്കപ്പോഴും അതിന്റെ ഉത്തരത്തിനുവേണ്ടി പ്രാർഥിക്കുമായിരുന്നു. യാത്രകളൊഴിഞ്ഞ ഒരു സമയത്ത്, ഞാൻ വീണ്ടും ബൈബിൾവായന തുടങ്ങി. വായിക്കുന്നതിൽ മിക്കതും എനിക്കു മുഴുവനായി മനസ്സിലായില്ലെങ്കിലും ലോകം അവസാനിക്കാറായി എന്നു ഞാൻ കണക്കുകൂട്ടി.
ബൈബിൾ വായിച്ചപ്പോൾ, യേശു മരുഭൂമിയിൽ 40 ദിവസം ഉപവസിച്ച കാര്യം ഞാൻ കണ്ടു. (മത്തായി 4:1, 2) ഞാനും അങ്ങനെ ചെയ്താൽ ദൈവം എനിക്കു വെളിപ്പെടുമെന്നു ഞാൻ വിചാരിച്ചു, ഞാൻ ഒരു തീയതിയും നിശ്ചയിച്ചു. ഉപവാസം തുടങ്ങാനിരുന്നതിനു രണ്ട് ആഴ്ച മുമ്പു രണ്ടു യഹോവയുടെ സാക്ഷികൾ എന്റെ വാതിലിൽ മുട്ടി. പ്രതീക്ഷിച്ചിരുന്ന അതിഥികൾ വന്നതുപോലെ ഞാൻ അവരെ സ്വാഗതം ചെയ്തു. അതിൽ ഒരാളായ ജാക്കിന്റെ കണ്ണിലേക്കു നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു: “നമ്മൾ ഈ ലോകത്തിന്റെ അവസാനകാലത്താണ് ജീവിക്കുന്നതെന്ന് എങ്ങനെ അറിയാം?” ബൈബിൾ തുറന്ന് 2 തിമൊഥെയൊസ് 3:1-5 വായിച്ചുകൊണ്ട് അദ്ദേഹം ഉത്തരം തന്നു. ഞാൻ അവർക്കു മുന്നിൽ എന്റെ ചോദ്യങ്ങളുടെ കെട്ടഴിച്ചു. തിരുവെഴുത്തിന്റെ അടിസ്ഥാനത്തിൽ അവർ തന്ന യുക്തിയോടെയുള്ള തൃപ്തികരമായ ഉത്തരങ്ങൾ എന്നെ ആകർഷിച്ചു. അവരുമായുള്ള ഏതാനും കൂടിക്കാഴ്ചകൾക്കു ശേഷം ഉപവസിക്കേണ്ട ആവശ്യമില്ലെന്ന് എനിക്കു മനസ്സിലായി.
ഞാൻ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. പിന്നീട് ഞാൻ എന്റെ നീണ്ട മുടി വെട്ടി, അടുത്തുള്ള രാജ്യഹാളിൽ എല്ലാ മീറ്റിങ്ങുകൾക്കും പോകാൻ തുടങ്ങി. അവിടെനിന്ന് ലഭിച്ച ഊഷ്മളമായ സ്വാഗതം, ഒരു കാര്യം വീണ്ടും എന്നെ ബോധ്യപ്പെടുത്തി. ഇതുതന്നെയാണ് സത്യം.
ബൈബിളിൽനിന്ന് പഠിച്ചതനുസരിച്ച് ജീവിക്കാൻ ഞാൻ എന്റെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തണമായിരുന്നു. ഞാൻ മയക്കുമരുന്ന് ഉപേക്ഷിക്കുകയും എന്റെ വഴിപിഴച്ച ജീവിതരീതി മാറ്റുകയും വേണമായിരുന്നു. സ്വന്തം കാര്യം മാത്രം നോക്കുന്ന സ്വഭാവം മാറ്റി മറ്റുള്ളവരോടു കൂടുതൽ പരിഗണന കാണിക്കണമായിരുന്നു. മക്കളെ രണ്ടുപേരെയും ഒറ്റയ്ക്കു വളർത്തേണ്ടിവന്നതുകൊണ്ട് ഞാൻതന്നെ അവരുടെ വൈകാരികവും ആത്മീയവും ആയ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണമായിരുന്നു. അതുകൊണ്ട് ഞാൻ എന്റെ സംഗീതജീവിതം ഉപേക്ഷിച്ചു. കുറഞ്ഞ ശമ്പളത്തിന് ഒരു ഫാക്ടറിയിൽ ജോലി ചെയ്യാൻ തുടങ്ങി.
ഈ മാറ്റങ്ങളൊക്കെ അത്ര എളുപ്പമല്ലായിരുന്നു. മയക്കുമരുന്ന് ഉപേക്ഷിക്കാൻ ശ്രമിച്ചപ്പോൾ അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടായി. പലപ്പോഴും വീണ്ടും ആ ശീലത്തിലേക്കു വഴുതിപ്പോയി. (റോമർ 7:19, 21-24) മോശമായ ജീവിതരീതി ഉപേക്ഷിക്കുക എന്നത് ശരിക്കും ഒരു ബുദ്ധിമുട്ടുതന്നെയായിരുന്നു. പുതിയ ജോലി എന്നെ ആകെ മടുപ്പിക്കുന്നതായിരുന്നു, പോരാത്തതിനു തുച്ഛമായ വരുമാനവും. സംഗീതജ്ഞനായിരുന്ന കാലത്ത് രണ്ടു മണിക്കൂറുകൊണ്ട് ഉണ്ടാക്കിയിരുന്ന കാശു കിട്ടാൻ പുതിയ ജോലിയിൽ മൂന്നു മാസം എടുക്കുമായിരുന്നു.
മടുത്തുപോകാതെ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ പ്രാർഥന എന്നെ സഹായിച്ചു. പതിവായ ബൈബിൾവായനയും പ്രധാനമാണെന്നു ഞാൻ മനസ്സിലാക്കി. എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ച ചില ബൈബിൾവാക്യങ്ങളുണ്ടായിരുന്നു. അതിലൊന്ന്, 2 കൊരിന്ത്യർ 7:1 ആണ്, ‘ശരീരത്തെയും ചിന്തകളെയും മലിനമാക്കുന്ന എല്ലാത്തിൽനിന്നും നമ്മളെത്തന്നെ ശുദ്ധീകരിക്കാൻ’ അവിടെ ക്രിസ്ത്യാനികളോടു പറയുന്നു. മോശമായ ശീലങ്ങൾ നിറുത്താൻ കഴിയുമെന്ന് എനിക്ക് ഉറപ്പുതന്ന മറ്റൊരു വാക്യമാണ് ഫിലിപ്പിയർ 4:13. അവിടെ പറയുന്നത്, “എല്ലാം ചെയ്യാനുള്ള ശക്തി, എന്നെ ശക്തനാക്കുന്ന ദൈവത്തിൽനിന്ന് എനിക്കു കിട്ടുന്നു” എന്നാണ്. യഹോവ എന്റെ പ്രാർഥനകൾക്ക് ഉത്തരം തന്നു; ഒടുവിൽ ബൈബിൾസത്യം മനസ്സിലാക്കാനും അതനുസരിച്ച് ജീവിക്കാനും എന്നെ സഹായിച്ചു. എന്റെ ജീവിതം ദൈവത്തിനു സമർപ്പിക്കാൻ ഇത് എന്നെ പ്രേരിപ്പിച്ചു. (1 പത്രോസ് 4:1, 2) 1997-ൽ ഞാൻ ഒരു യഹോവയുടെ സാക്ഷിയായി സ്നാനമേറ്റു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ
ഒരു കാര്യം ഉറപ്പാണ്. ഞാൻ എന്റെ പഴയ ജീവിതരീതിതന്നെ തുടർന്നിരുന്നെങ്കിൽ ഇന്ന് ഞാൻ ജീവിച്ചിരിക്കില്ലായിരുന്നു. പക്ഷേ, ഇപ്പോൾ എന്റെ ജീവിതം ശരിക്കും സന്തോഷം നിറഞ്ഞതാണ്. എന്റെ പ്രിയഭാര്യ എൽവി എനിക്കു കിട്ടിയ വലിയൊരു അനുഗ്രഹമാണ്. മുഴുസമയ ശുശ്രൂഷകരായ ഞങ്ങൾക്ക് മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കാൻ വലിയ ഇഷ്ടമാണ്. ഇത് എനിക്ക് ഒരുപാടു സന്തോഷവും സംതൃപ്തിയും തരുന്നു. യഹോവയിലേക്കു എന്നെ ആകർഷിച്ചതിനു ഞാൻ യഹോവയോട് അങ്ങേയറ്റം നന്ദിയുള്ളവനാണ്.—യോഹന്നാൻ 6:44.