ആരുടെ കരവിരുത്?
മാന്റ തിരണ്ടിയുടെ അരിപ്പ
മാന്റ തിരണ്ടികൾ കടലിലൂടെ സഞ്ചരിക്കുമ്പോൾ കടൽവെള്ളത്തോടൊപ്പം ജലോപരിതലത്തിൽ കാണുന്ന ചെറുജീവികളെയും സസ്യങ്ങളെയും (പ്ലാങ്ക്ടൺ) അകത്താക്കുന്നു. ഇതെല്ലാം ഈ തിരണ്ടിയുടെ വായിലെ ഒരു അരിപ്പയിലേക്ക് എത്തുന്നു. ഈ അരിപ്പയാകട്ടെ, പ്ലാങ്ക്ടണെ കടൽവെള്ളത്തിൽനിന്ന് വേർതിരിച്ച് തൊണ്ടയിലേക്കു വിടുന്നു. തിരണ്ടിക്ക് അവ ഭക്ഷിക്കാം. എന്നാൽ കടൽവെള്ളം മാന്റ തിരണ്ടിയുടെ ചെകിളകളിലൂടെ പുറത്തേക്ക് ഒഴുകിപ്പോകും. അത്ഭുതകരമായ കാര്യം, ഈ അരിപ്പയുടെ ദ്വാരങ്ങളെക്കാൾ ചെറിയ പ്ലാങ്ക്ടൺപോലും മാന്റ തിരണ്ടികൾക്ക് അരിച്ചെടുക്കാനാകും എന്നതാണ്. ഇതെക്കുറിച്ച് ഒരു ശാസ്ത്രലേഖകനായ എഡ് യോങ് പറഞ്ഞത് ഇങ്ങനെയാണ്: ഈ കഴിവ് “തികച്ചും അസാധ്യമെന്നു തോന്നിയേക്കാവുന്ന ഒന്നാണ്.”
സവിശേഷത: മാന്റ തിരണ്ടിയുടെ അരിച്ചെടുക്കാനുള്ള സംവിധാനം അഞ്ചു കമാനങ്ങൾ (arches) പോലെയാണ് കാണപ്പെടുന്നത്. ഈ കമാനങ്ങൾ ഇരുവശത്തും പല്ലുകളുള്ള ചീപ്പുകൾപോലെയാണ് ഇരിക്കുന്നത്. അവയിലെ ചില പല്ലുകൾ മുന്നോട്ടും ചിലത് പിന്നോട്ടും ചെരിഞ്ഞിരിക്കുന്നു. ഈ പല്ലുകൾ കടൽവെള്ളത്തെ വേർതിരിക്കും. അങ്ങനെ കുറച്ച് വെള്ളം പല്ലുകൾക്കു മുകളിലൂടെയും കുറച്ച് വെള്ളം പല്ലുകൾക്കിടയിലൂടെയും കടന്നുപോകുന്നു. അപ്പോൾ ചെറിയ ചുഴികൾ രൂപപ്പെടുന്നു.
പ്ലാങ്ക്ടണോ മറ്റു ഭക്ഷ്യപദാർഥങ്ങളോ ഈ പല്ലുകളിൽ വന്ന് തട്ടുമ്പോൾ അവ തെറിച്ച് ചുഴിയിൽപ്പെടുകയും അങ്ങനെ തൊണ്ടയിൽ എത്തുകയും ചെയ്യും. അവിടെനിന്ന് ഈ ഭക്ഷ്യപദാർഥങ്ങൾ തിരണ്ടി വിഴുങ്ങും. പല്ലുകൾക്കിടയിലൂടെ പോകാൻ സാധ്യതയുള്ള ചെറിയ പ്ലാങ്ക്ടൺപോലും ചുഴിയിൽപ്പെടുമ്പോൾ അതിന്റെ സഞ്ചാരവേഗത വർധിക്കും, നേരെ തൊണ്ടയിൽ എത്തുകയും ചെയ്യും. അരിച്ചെടുക്കാനുള്ള ഈ സംവിധാനമുള്ളതുകൊണ്ട് ചെറിയ പദാർഥങ്ങൾപോലും ഈ വിടവുകളിലൂടെ കടൽവെള്ളത്തിലേക്കു പോകാതെ തിരണ്ടികൾക്ക് കഴിക്കാനാകുന്നു.
അതുപോലെ, മാന്റ തിരണ്ടികൾ എത്ര വേഗത്തിൽ സഞ്ചരിച്ചാലും, അവ അകത്തോട്ട് എടുക്കുന്ന വെള്ളത്തിൽ പ്ലാങ്ക്ടൺ എത്രയധികം ഉണ്ടെങ്കിലും ഈ സംവിധാനത്തിൽ പദാർഥങ്ങൾ അടിഞ്ഞുകൂടി അടഞ്ഞുപോകുന്നില്ല, അതു സ്വയം വൃത്തിയാക്കുകയും ചെയ്യും.
ഹാനികരമായ ചെറിയ പ്ലാസ്റ്റിക് കണങ്ങൾ വേർതിരിച്ച് മലിനജലം ശുദ്ധീകരിക്കുന്നതിനുവേണ്ടി, ഫിൽട്ടറുകൾ രൂപകൽപ്പന ചെയ്യുന്നതിന് മാന്റ തിരണ്ടിയുടെ ഈ അരിച്ചെടുക്കൽ വിദ്യ പകർത്താനാകുമെന്നു ഗവേഷകർ കരുതുന്നു.
നിങ്ങൾക്ക് എന്തു തോന്നുന്നു? മാന്റ തിരണ്ടിയുടെ അരിച്ചെടുക്കാനുള്ള ഈ സംവിധാനം പരിണമിച്ചുവന്നതാണോ അതോ ആരെങ്കിലും രൂപകല്പന ചെയ്തതാണോ?