വിവരങ്ങള്‍ കാണിക്കുക

മത്തായി 6:33—‘മുമ്പേ ദൈവ​ത്തി​ന്റെ രാജ്യം അന്വേ​ഷി​പ്പിൻ’

മത്തായി 6:33—‘മുമ്പേ ദൈവ​ത്തി​ന്റെ രാജ്യം അന്വേ​ഷി​പ്പിൻ’

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

മത്തായി 6:33—‘മുമ്പേ ദൈവ​ത്തി​ന്റെ രാജ്യം അന്വേ​ഷി​പ്പിൻ’

 “അതു​കൊണ്ട്‌ ദൈവ​രാ​ജ്യ​ത്തി​നും ദൈവ​നീ​തി​ക്കും എപ്പോ​ഴും ഒന്നാം സ്ഥാനം കൊടു​ക്കുക. അപ്പോൾ ഇപ്പറഞ്ഞ മറ്റെല്ലാം നിങ്ങൾക്കു കിട്ടും.”—മത്തായി 6:33, പുതിയ ലോക ഭാഷാ​ന്തരം.

 “മുമ്പേ അവന്റെ രാജ്യ​വും നീതി​യും അന്വേഷിപ്പിൻ; അതോ​ടു​കൂ​ടെ ഇതൊ​ക്കെ​യും നിങ്ങൾക്കു കിട്ടും.”—മത്തായി 6:33, സത്യ​വേ​ദ​പു​സ്‌തകം.

മത്തായി 6:33-ന്റെ അർഥം

 ദൈവ​രാ​ജ്യം എന്നത്‌ സ്വർഗ​ത്തി​ലെ ഒരു ഗവൺമെ​ന്റാണ്‌. അതു ഭൂമി​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഇഷ്ടം നടപ്പി​ലാ​ക്കും. (മത്തായി 6:9, 10) മുമ്പേ രാജ്യം അന്വേ​ഷി​ക്കുന്ന ഒരു വ്യക്തി ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കു​ന്നത്‌ ദൈവ​രാ​ജ്യ​ത്തി​നാ​യി​രി​ക്കും. a ആ വ്യക്തി ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ഉത്സാഹ​ത്തോ​ടെ പഠിക്കും, അതു​പോ​ലെ ദൈവ​രാ​ജ്യം കൊണ്ടു​വ​രാൻപോ​കുന്ന നല്ല കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയും. (മത്തായി 24:14) രാജ്യം അന്വേ​ഷി​ക്കുന്ന ഒരാൾ അതു വരാൻവേണ്ടി ആത്മാർഥ​മാ​യി പ്രാർഥി​ക്കു​ക​യും ചെയ്യും.—ലൂക്കോസ്‌ 11:2.

 ദൈവ​ത്തി​ന്റെ നീതി​യിൽ ശരി​യെ​യും തെറ്റി​നെ​യും കുറി​ച്ചുള്ള ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ ഉൾപ്പെ​ടു​ന്നു. (സങ്കീർത്തനം 119:172) ദൈവ​ത്തി​ന്റെ നീതി അന്വേ​ഷി​ക്കുന്ന ഒരാൾ ദൈവ​ത്തി​ന്റെ ധാർമിക നിലവാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കും. അത്‌ എല്ലാക്കാ​ല​ത്തും പ്രയോ​ജനം ചെയ്യു​ന്ന​താണ്‌.—യശയ്യ 48:17.

 ഇപ്പറഞ്ഞ മറ്റെല്ലാം നിങ്ങൾക്കു കിട്ടും എന്നത്‌ ദൈവ​ത്തി​ന്റെ ഒരു വാഗ്‌ദാ​ന​മാണ്‌. ദൈവ​ത്തി​ന്റെ രാജ്യം ഒന്നാമത്‌ വെക്കു​ക​യും ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കു​ക​യും ചെയ്യു​മ്പോൾ നമ്മുടെ ആവശ്യ​ങ്ങൾക്കു​വേണ്ടി ദൈവം കരുതും എന്നാണ്‌ അതിന്റെ അർഥം.—മത്തായി 6:31, 32.

മത്തായി 6:33-ന്റെ സന്ദർഭം

 മത്തായി 5 മുതൽ 7 വരെയുള്ള അധ്യാ​യ​ങ്ങ​ളിൽ കാണുന്ന യേശു​വി​ന്റെ ഗിരി​പ്ര​ഭാ​ഷ​ണ​ത്തി​ലേ​താണ്‌ ഈ വാക്കുകൾ. യേശു​വി​ന്റെ ഗിരി​പ്ര​ഭാ​ഷണം കേട്ടു​കൊ​ണ്ടി​രുന്ന മിക്കവ​രും​തന്നെ പാവ​പ്പെ​ട്ട​വ​രാ​യി​രു​ന്നു. അതു​കൊണ്ട്‌ ജീവി​ക്കാ​നുള്ള വക കണ്ടെത്തു​ന്ന​തി​നി​ട​യിൽ രാജ്യം അന്വേ​ഷി​ക്കാ​നുള്ള സമയ​മൊ​ന്നും കിട്ടില്ല എന്ന്‌ അവർക്കു തോന്നി​യി​രി​ക്കാം. എന്നാൽ മറ്റു ജീവജാ​ല​ങ്ങളെ ദൈവം എത്രമാ​ത്രം കരുതു​ന്നു എന്നു നിരീ​ക്ഷി​ക്കാൻ യേശു അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. രാജ്യം ഒന്നാമത്‌ വെക്കു​ന്ന​വ​രെ​യും ഇതു​പോ​ലെ കരുതു​മെന്ന്‌ ദൈവം ഉറപ്പു​ത​രു​ന്നു.—മത്തായി 6:25-30.

മത്തായി 6:33-നെക്കു​റി​ച്ചുള്ള തെറ്റി​ദ്ധാ​ര​ണ​കൾ

 തെറ്റി​ദ്ധാ​രണ: രാജ്യം അന്വേ​ഷി​ക്കുന്ന ഒരാൾക്കു ധാരാളം കാശു​ണ്ടാ​ക്കാ​നാ​കും.

 വസ്‌തുത: ദൈവ​രാ​ജ്യം ഒന്നാമതു വെക്കു​ന്ന​വർക്കു ഭക്ഷണം, വസ്‌ത്രം പോലുള്ള അവശ്യ​കാ​ര്യ​ങ്ങൾ ലഭിക്കു​മെന്നു യേശു പറഞ്ഞി​ട്ടുണ്ട്‌. (മത്തായി 6:25, 31, 32) എന്നാൽ ആഡംബ​ര​മായ ജീവി​ത​മൊ​ന്നും യേശു വാഗ്‌ദാ​നം ചെയ്‌തില്ല. ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹ​ത്തി​ന്റെ തെളി​വാണ്‌ ഒരാളു​ടെ സമ്പത്ത്‌ എന്നു യേശു പറഞ്ഞില്ല. സത്യത്തിൽ, സമ്പത്ത്‌ വാരി​ക്കൂ​ട്ടാൻ ശ്രമി​ക്ക​രുത്‌ എന്നാണ്‌ യേശു തന്റെ കേൾവി​ക്കാ​രോ​ടു പറഞ്ഞത്‌. കാരണം ദൈവ​രാ​ജ്യം ഒന്നാമത്‌ വെക്കാൻ അതൊരു തടസ്സമാ​കും. (മത്തായി 6:19, 20, 24) ദൈവ​രാ​ജ്യ​ത്തി​നു​വേണ്ടി നന്നായി കഠിനാ​ധ്വാ​നം ചെയ്‌ത ഒരു വ്യക്തി​യാണ്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌. എന്നാൽ ചില​പ്പോ​ഴൊ​ക്കെ അദ്ദേഹ​ത്തി​നും സാമ്പത്തി​ക​ബു​ദ്ധി​മു​ട്ടു​കൾ ഉണ്ടായി​ട്ടുണ്ട്‌. എങ്കിലും യേശു​വി​നെ​പ്പോ​ലെ പൗലോ​സും പണമു​ണ്ടാ​ക്കാൻ ശ്രമി​ക്ക​രു​തെ​ന്നാണ്‌ മറ്റുള്ള​വ​രോ​ടു പറഞ്ഞത്‌.—ഫിലി​പ്പി​യർ 4:11, 12; 1 തിമൊ​ഥെ​യൊസ്‌ 6:6-10.

 തെറ്റി​ദ്ധാ​രണ: ക്രിസ്‌ത്യാ​നി​കൾക്കു ജീവി​ക്കാൻ ജോലി ചെയ്യേണ്ട ആവശ്യ​മില്ല.

 വസ്‌തുത: തനിക്കും കുടും​ബ​ത്തി​നും വേണ്ടി കരുതാൻ ക്രിസ്‌ത്യാ​നി​കൾ ജോലി ചെയ്യണ​മെന്നു ബൈബിൾ പറയുന്നു. (1 തെസ്സ​ലോ​നി​ക്യർ 4:11, 12; 2 തെസ്സ​ലോ​നി​ക്യർ 3:10; 1 തിമൊ​ഥെ​യൊസ്‌ 5:8) രാജ്യം മാത്രം അന്വേ​ഷി​ക്കാ​നല്ല, രാജ്യം ഒന്നാമത്‌ അന്വേ​ഷി​ക്കാ​നാണ്‌ യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞത്‌.

 ദൈവ​രാ​ജ്യ​ത്തിന്‌ ഒന്നാം സ്ഥാനം കൊടുത്ത്‌, ജോലി ചെയ്‌ത്‌ ജീവി​ക്കുന്ന ഒരാളു​ടെ അടിസ്ഥാ​നാ​വ​ശ്യ​ങ്ങൾ ദൈവം നടത്തി​ക്കൊ​ടു​ക്കും.—1 തിമൊ​ഥെ​യൊസ്‌ 6:17-19.

[അടിക്കുറിപ്പ്‌]

a തുടർച്ചയായ പ്രവൃ​ത്തി​യെ സൂചി​പ്പി​ക്കുന്ന ഒരു ഗ്രീക്കു​ക്രി​യാ​രൂ​പ​ത്തിൽനി​ന്നാണ്‌ “എപ്പോ​ഴും ഒന്നാം സ്ഥാനം കൊടു​ക്കുക” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ രാജ്യം അന്വേ​ഷി​ക്കുന്ന ഒരാൾ കുറച്ച്‌ നാളത്തേക്കു ദൈവരാജ്യത്തിന്‌ ഒന്നാം സ്ഥാനം കൊടുത്തിട്ട്‌ പിന്നീടു മറ്റു കാര്യങ്ങളിലേക്കു തിരിയാതെ തുടർച്ച​യാ​യി അതിനു ജീവിതത്തിൽ ഏറ്റവും അധികം പ്രാധാന്യം കൊടുക്കും.

[ചതുരം]

മത്തായി 6-ാം അധ്യായം വായി​ക്കുക. അടിക്കു​റി​പ്പു​ക​ളും ഒത്തുവാ​ക്യ​ങ്ങ​ളും കാണാം.