ദൈവത്തിന്റെ പത്തു കല്പനകൾ ഏതൊക്കെയാണ്?
ബൈബിളിന്റെ ഉത്തരം
പണ്ടത്തെ ഇസ്രായേൽ ജനതയ്ക്കു ദൈവം കൊടുത്ത നിയമങ്ങളാണു പത്തു കല്പനകൾ. ‘അസെരെത്ത് ഹദ്വെരിം’ എന്ന എബ്രായപദത്തിൽനിന്നാണ് ഈ പ്രയോഗം വന്നത്. ഇതിന്റെ പദാനുപദ പരിഭാഷ പത്തു വചനങ്ങൾ എന്നാണ്. പഞ്ചഗ്രന്ഥങ്ങൾ (തോറ) എന്ന് അറിയപ്പെടുന്ന ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളിൽ ഈ പദപ്രയോഗം മൂന്നു പ്രാവശ്യം കാണാം. (പുറപ്പാട് 34:28; ആവർത്തനം 4:13; 10:4) ഗ്രീക്കിൽ ഇതിനു തത്തുല്യമായ പ്രയോഗം ഡെക്കാ (പത്ത്) ലോഗസ് (വചനങ്ങൾ) എന്നാണ്.
സീനായ് പർവതത്തിൽവെച്ച് പ്രവാചകനായ മോശയ്ക്കു ദൈവം രണ്ടു കൽപ്പലകകളിൽ പത്തു കല്പനകൾ എഴുതിക്കൊടുത്തു. (പുറപ്പാട് 24:12-18) ഈ പത്തു കല്പനകൾ പുറപ്പാട് 20:1-17-ലും ആവർത്തനം 5:6-21-ലും കാണാം.
പത്തു കല്പനകൾ
ദൈവമായ യഹോവയെ മാത്രമേ ആരാധിക്കാവൂ.—പുറപ്പാട് 20:3.
വിഗ്രഹാരാധന പാടില്ല.—പുറപ്പാട് 20:4-6.
ദൈവത്തിന്റെ പേര് വിലയില്ലാത്ത രീതിയിൽ ഉപയോഗിക്കരുത്.—പുറപ്പാട് 20:7.
ശബത്ത് ആചരിക്കുക.—പുറപ്പാട് 20:8-11.
മാതാപിതാക്കളെ ബഹുമാനിക്കുക.—പുറപ്പാട് 20:12.
കൊല ചെയ്യരുത്.—പുറപ്പാട് 20:13.
വ്യഭിചാരം ചെയ്യരുത്.—പുറപ്പാട് 20:14.
മോഷ്ടിക്കരുത്.—പുറപ്പാട് 20:15.
കള്ളസാക്ഷി പറയരുത്.—പുറപ്പാട് 20:16.
മോഹിക്കരുത്.—പുറപ്പാട് 20:17.
പത്തു കല്പനകൾ വ്യത്യസ്തരീതിയിൽ പട്ടികപ്പെടുത്തുന്നത് എന്തുകൊണ്ട്?
ഓരോ കല്പനയും എത്രാമത്തേതാണെന്നു ബൈബിൾ പറയുന്നില്ല. അതുകൊണ്ടുതന്നെ ഈ കല്പനകൾ എങ്ങനെ പട്ടികപ്പെടുത്തണമെന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. പൊതുവേ ഈ നിയമങ്ങൾ ക്രമപ്പെടുത്തുന്ന വിധത്തിലാണു മുകളിൽ കൊടുത്തിരിക്കുന്നത്. എന്നാൽ ചിലർ പത്തു കല്പനകളെ മറ്റു വിധങ്ങളിലും പട്ടികപ്പെടുത്തുന്നുണ്ട്. ഒന്നാമത്തെയും രണ്ടാമത്തെയും അവസാനത്തെയും കല്പനകളുടെ കാര്യത്തിലാണ് ഈ വ്യത്യാസം കണ്ടുവരുന്നത്. a
പത്തു കല്പനകളുടെ ഉദ്ദേശ്യം എന്താണ്?
പത്തു കല്പനകൾ മോശയുടെ നിയമത്തിന്റെ ഭാഗമായിരുന്നു. 600-ലധികം കല്പനകളുള്ള ആ നിയമസംഹിത ദൈവവും പുരാതന ഇസ്രായേൽ ജനതയും തമ്മിലുള്ള ഒരു കരാർ അഥവാ ഉടമ്പടി കൂടിയായിരുന്നു. (പുറപ്പാട് 34:27) മോശയുടെ നിയമം അനുസരിച്ചാൽ അഭിവൃദ്ധിയുണ്ടാകുമെന്നു ദൈവം ഇസ്രായേൽ ജനത്തോടു പറഞ്ഞിരുന്നു. (ആവർത്തനം 28:1-14) എങ്കിലും നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം വാഗ്ദാനം ചെയ്തിരുന്ന മിശിഹയുടെ അഥവാ ക്രിസ്തുവിന്റെ വരവിനായി ഇസ്രായേല്യരെ ഒരുക്കുക എന്നതായിരുന്നു.—ഗലാത്യർ 3:24.
ക്രിസ്ത്യാനികൾ പത്തു കല്പനകൾ പാലിക്കണോ?
വേണ്ടാ. ദൈവം ഇസ്രായേല്യർക്കു മാത്രം കൊടുത്തതായിരുന്നു പത്തു കല്പനകൾ ഉൾപ്പെടുന്ന നിയമം. (ആവർത്തനം 5:2, 3; സങ്കീർത്തനം 147:19, 20) ക്രിസ്ത്യാനികൾ മോശയുടെ നിയമത്തിൻകീഴിലല്ല. ജൂതക്രിസ്ത്യാനികൾപോലും ‘നിയമത്തിൽനിന്ന് സ്വതന്ത്രരാണ്.’ (റോമർ 7:6) b “ക്രിസ്തുവിന്റെ നിയമം” മോശയുടെ നിയമത്തെ അസാധുവാക്കി. തന്റെ അനുഗാമികളോടു യേശു ചെയ്യാൻ പറഞ്ഞ എല്ലാ കാര്യങ്ങളും ക്രിസ്തുവിന്റെ നിയമത്തിൽ വരും.—ഗലാത്യർ 6:2; മത്തായി 28:19, 20.
പത്തു കല്പനകൾ ഇന്നു പ്രസക്തമാണോ?
ആണ്. കാരണം പത്തു കല്പനകൾ ദൈവത്തിന്റെ ചിന്തയാണു വെളിപ്പെടുത്തുന്നത്. അതു പഠിക്കുന്നതു നമുക്കു പ്രയോജനം ചെയ്യും. (2 തിമൊഥെയൊസ് 3:16, 17) ഒരിക്കലും കാലഹരണപ്പെടാത്ത, ആശ്രയയോഗ്യമായ തത്ത്വങ്ങളാണു പത്തു കല്പനകളുടെ അടിസ്ഥാനം. (സങ്കീർത്തനം 111:7, 8) സത്യത്തിൽ, പുതിയ നിയമം എന്നു വിളിക്കപ്പെടുന്ന ബൈബിൾഭാഗത്ത് കാണുന്ന പഠിപ്പിക്കലുകളുടെ അടിസ്ഥാനം ആ തത്ത്വങ്ങളാണ്.—“ പത്തു കല്പനകളിലെ തത്ത്വങ്ങൾ പുതിയ നിയമത്തിലും” എന്ന ഭാഗം കാണുക.
പത്തു കല്പനകൾ ഉൾപ്പെടെ മോശയുടെ മുഴുനിയമവും രണ്ടു പ്രധാനകല്പനകളിൽ അടങ്ങിയിരിക്കുന്നെന്നു യേശു പഠിപ്പിച്ചു. യേശു പറഞ്ഞു: “‘നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും കൂടെ സ്നേഹിക്കണം.’ ഇതാണ് ഏറ്റവും വലിയതും ഒന്നാമത്തേതും ആയ കല്പന. ഇതുപോലുള്ളതാണു രണ്ടാമത്തേതും: ‘നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം.’ മുഴുനിയമവും . . . ഈ രണ്ടു കല്പനകളിൽ അധിഷ്ഠിതമാണ്.” (മത്തായി 22:34-40) ക്രിസ്ത്യാനികൾ മോശയുടെ നിയമം അനുസരിക്കേണ്ടതില്ലെങ്കിലും ദൈവത്തെയും മനുഷ്യനെയും സ്നേഹിക്കണമെന്ന് അവരോടു കല്പിച്ചിരിക്കുന്നു.—യോഹന്നാൻ 13:34; 1 യോഹന്നാൻ 4:20, 21.
പത്തു കല്പനകളിലെ തത്ത്വങ്ങൾ പുതിയ നിയമത്തിലും
തത്ത്വം |
പുതിയ നിയമത്തിലെ പരാമർശം |
---|---|
ദൈവമായ യഹോവയെ മാത്രമേ ആരാധിക്കാവൂ |
|
വിഗ്രഹാരാധന പാടില്ല |
|
ദൈവത്തിന്റെ പേരിനെ ആദരിക്കുക |
|
ദൈവത്തെ പതിവായി ആരാധിക്കുക |
|
മാതാപിതാക്കളെ ബഹുമാനിക്കുക |
|
കൊല ചെയ്യരുത് |
|
വ്യഭിചാരം ചെയ്യരുത് |
|
മോഷ്ടിക്കരുത് |
|
കള്ളസാക്ഷി പറയരുത് |
|
മോഹിക്കരുത് |
a ജൂതന്മാർ പരമ്പരാഗതമായി “പുറപ്പാട് 20:2 ഒന്നാം ‘വചനമായും’ 3 മുതൽ 6 വരെയുള്ള വാക്യങ്ങൾ ഒറ്റ ‘വചനമായും,’ അതായതു രണ്ടാം ‘വചനമായും’” പട്ടികപ്പെടുത്തിപ്പോരുന്നു. [ജൂതന്മാരുടെ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്)] എന്നാൽ കത്തോലിക്കർ, പുറപ്പാട് 20:1-6 ഒറ്റ കല്പനയായാണു കണക്കാക്കുന്നത്. അപ്പോൾ ദൈവത്തിന്റെ പേരിനോട് അനാദരവ് കാണിക്കരുത് എന്നതു രണ്ടാം കല്പനയായി വരും. കല്പനകളുടെ എണ്ണം പത്ത് ആക്കി നിലനിറുത്തുന്നതിനുവേണ്ടി പത്തു കല്പനകളുടെ അവസാനഭാഗത്ത് കാണുന്ന, അയൽക്കാരന്റെ ഭാര്യയെയും വസ്തുവകകളെയും മോഹിക്കരുത് എന്നതു രണ്ടു കല്പനകളായി അവർ തിരിച്ചിരിക്കുന്നു.