ഒരു സംഘടിത മതത്തിന്റെ ഭാഗമായിരിക്കേണ്ടതുണ്ടോ?
ബൈബിളിന്റെ ഉത്തരം
ഉണ്ട്, ആളുകൾ ആരാധനയ്ക്കായി കൂടിവരണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ബൈബിൾ പറയുന്നു: “സ്നേഹത്തിനും സത്പ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കാൻ തക്കവിധം നമുക്കു പരസ്പരം കരുതൽ കാണിക്കാം. ചിലർ ശീലമാക്കിയിരിക്കുന്നതുപോലെ നാം സഭായോഗങ്ങൾ ഉപേക്ഷിക്കരുത്; പകരം, ഒരുമിച്ചുകൂടിവന്നുകൊണ്ട് നമുക്ക് അന്യോന്യം പ്രോത്സാഹിപ്പിക്കാം.”—എബ്രായർ 10:24, 25.
“നിങ്ങൾക്കു പരസ്പരം സ്നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാകുന്നുവെന്ന് എല്ലാവരും അറിയും” എന്ന് പറഞ്ഞപ്പോൾ, തന്റെ അനുഗാമികൾ സംഘടിതരായിരിക്കണമെന്ന് യേശു സൂചിപ്പിക്കുകയായിരുന്നു. (യോഹന്നാൻ 13:35) ഈ സ്നേഹം കാണിക്കാനുള്ള പ്രധാന മാർഗമെന്ന നിലയിൽ അവർ സഹവിശ്വാസികളുമായി സഹവസിക്കേണ്ടതുണ്ട്. ആരാധനയ്ക്ക് ക്രമമായി കൂടിവരാൻ അവർ സഭകളായി സംഘടിക്കണമായിരുന്നു. (1 കൊരിന്ത്യർ 16:19) അങ്ങനെ ഇവർ എല്ലാവരും ചേർന്ന് ലോകവ്യാപക സഹോദരവർഗമായിത്തീരുന്നു.—1 പത്രോസ് 2:17.
ഒരു മതത്തിന്റെ ഭാഗമായിരിക്കുന്നതിലും അധികം ഉൾപ്പെടുന്നു
ദൈവത്തെ ആരാധിക്കുന്നതിനായി ആളുകൾ കൂടിവരണമെന്ന് ബൈബിൾ പറയുന്നുണ്ടെങ്കിലും ഒരു മതത്തിലെ അംഗമായിരിക്കുന്നതുകൊണ്ടുമാത്രം ദൈവത്തെ പ്രസാദിപ്പിക്കാമെന്ന് അത് പഠിപ്പിക്കുന്നില്ല. മതം ഒരു വ്യക്തിയുടെ അനുദിന ജീവിതത്തിൽ സ്വാധീനം ചെലുത്തിയാൽ മാത്രമേ ദൈവത്തിന്റെ അംഗീകാരം നേടാൻ കഴിയുകയുള്ളൂ. ഉദാഹരണത്തിന്, ബൈബിൾ പറയുന്നു: “നമ്മുടെ ദൈവവും പിതാവുമായവന്റെ ദൃഷ്ടിയിൽ ശുദ്ധവും നിർമലവുമായ ആരാധനയോ, അനാഥരെയും വിധവമാരെയും അവരുടെ കഷ്ടങ്ങളിൽ സംരക്ഷിക്കുന്നതും ലോകത്താലുള്ള കളങ്കം പറ്റാതെ നമ്മെത്തന്നെ കാത്തുകൊള്ളുന്നതും ആകുന്നു.”—യാക്കോബ് 1:27.