രക്ഷ എന്നാൽ എന്താണ്?
ബൈബിളിന്റെ ഉത്തരം
ഒരു വ്യക്തിയെ ആപത്തിൽനിന്നോ നാശത്തിൽനിന്നോ രക്ഷിക്കുന്നതിനെ കുറിക്കാനാണ് ബൈബിളെഴുത്തുകാർ മിക്കപ്പോഴും ‘രക്ഷപ്പെടുക,’ “രക്ഷ” എന്നീ പദങ്ങൾ ഉപയോഗിക്കാറുള്ളത്. (പുറപ്പാട് 14:13, 14; പ്രവൃത്തികൾ 27:20) എന്നാൽ, ഒട്ടുമിക്കപ്പോഴും ഈ പദങ്ങൾ പാപത്തിൽനിന്നുള്ള വിടുതലിനെയാണ് അർഥമാക്കുന്നത്. (മത്തായി 1:21) മരണം പാപത്താൽ വന്നതുകൊണ്ട് പാപത്തിൽനിന്ന് മോചിക്കപ്പെടുന്നവർക്ക് മരണമില്ലാതെ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ ലഭിക്കുന്നു.—യോഹന്നാൻ 3:16, 17. a
രക്ഷ നേടാനുള്ള വഴി എന്ത്?
രക്ഷ നേടുന്നതിന് നിങ്ങൾ യേശുവിൽ വിശ്വസിക്കുകയും യേശുവിന്റെ കല്പനകൾ അനുസരിച്ചുകൊണ്ട് അത് പ്രകടമാക്കുകയും വേണം.—പ്രവൃത്തികൾ 4:10, 12; റോമർ 10:9, 10; എബ്രായർ 5:9.
നിങ്ങളുടെ വിശ്വാസം ജീവസ്സുറ്റതാണെന്ന് തെളിയിക്കുന്നതിന് അത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടതുണ്ട്, അല്ലെങ്കിൽ അനുസരണത്തിലൂടെ അതു വ്യക്തമാക്കേണ്ടതുണ്ട്. (യാക്കോബ് 2:24, 26) അതിന്റെ അർഥം രക്ഷ എന്നത് നിങ്ങളുടെ സ്വന്തം പ്രയത്നംകൊണ്ട് മാത്രം നേടിയെടുക്കാം എന്നല്ല. അത് ദൈവത്തിന്റെ ‘കാരുണ്യത്തിൽ’ അഥവാ ‘കൃപയിൽ’ അധിഷ്ഠിതമായ “ദാനമാണ്.”—എഫെസ്യർ 2:8, 9, പരിശുദ്ധ ബൈബിൾ.
രക്ഷ നഷ്ടപ്പെടാൻ സാധ്യതയുണ്ടോ?
ഉണ്ട്. വെള്ളത്തിൽനിന്ന് രക്ഷപ്പെട്ട ഒരു വ്യക്തിക്കു വീണ്ടും വെള്ളത്തിലേക്കു വീഴാനോ എടുത്തുചാടാനോ കഴിയും. അതുപോലെ പാപത്തിൽനിന്ന് രക്ഷ നേടിയ വ്യക്തി, തന്റെ വിശ്വാസം പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിൽ വീഴ്ച വരുത്തുന്നെങ്കിൽ അദ്ദേഹത്തിന്റെ രക്ഷ നഷ്ടമായേക്കാം. അതുകൊണ്ടാണ്, ഒരിക്കൽ രക്ഷ നേടിയാൽപ്പോലും ‘സത്യവിശ്വാസത്തിനുവേണ്ടി കഠിനമായി പോരാടണം’ എന്ന് ബൈബിൾ ക്രിസ്ത്യാനികളോട് ആവശ്യപ്പെടുന്നത്. (യൂദ 3) മാത്രമല്ല, “ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ രക്ഷയ്ക്കായി പ്രയത്നിക്കുവിൻ” എന്നു പറഞ്ഞുകൊണ്ട് ഇപ്പോൾത്തന്നെ രക്ഷ നേടിയവർക്ക് ഒരു മുന്നറിയിപ്പും നൽകുന്നു.— ഫിലിപ്പിയർ 2:12.
ആരാണ് രക്ഷകൻ—ദൈവമോ യേശുവോ?
മിക്കപ്പോഴും ‘രക്ഷകൻ’ എന്നു പരാമർശിച്ചുകൊണ്ട് രക്ഷയുടെ ആത്യന്തിക ഉറവിടമായി ബൈബിൾ ദൈവത്തെ തിരിച്ചറിയിക്കുന്നു. (1 ശമുവേൽ 10:19; യശയ്യ 43:11; തീത്തോസ് 2:10; യൂദ 25) കൂടാതെ, വ്യത്യസ്തരായ ആളുകളെ ഉപയോഗിച്ചുകൊണ്ട് പുരാതന ഇസ്രായേൽജനതയെ ദൈവം വിടുവിച്ചിട്ടുണ്ട്. അവരെയും ബൈബിൾ ‘രക്ഷകർ’ എന്നു വിളിച്ചിരിക്കുന്നു. (നെഹമ്യ 9:27; ന്യായാധിപന്മാർ 3:9, 15; 2 രാജാക്കന്മാർ 13:5) b അതുപോലെ, പാപത്തിൽനിന്നുള്ള വിടുതൽ ദൈവം സാധ്യമാക്കിയത് യേശുവിന്റെ മറുവിലയിലൂടെ ആയതുകൊണ്ട് യേശുവിനെ ബൈബിൾ ‘രക്ഷകൻ’ എന്നു വിളിക്കുന്നു.—പ്രവൃത്തികൾ 5:31; തീത്തോസ് 1:4. c
എല്ലാവരും രക്ഷപ്പെടുമോ?
ഇല്ല, ചില ആളുകൾ രക്ഷപ്പെടില്ല. (2 തെസ്സലോനിക്യർ 1:9) ഒരിക്കൽ ഒരാൾ യേശുവിനോട്, “കർത്താവേ, രക്ഷിക്കപ്പെടുന്നവർ ചുരുക്കമോ” എന്ന് ചോദിച്ചപ്പോൾ യേശു ഇങ്ങനെയാണ് മറുപടി പറഞ്ഞത്: “ഇടുക്കുവാതിലിലൂടെ അകത്തുകടക്കാൻ കഠിനമായി യത്നിക്കുവിൻ. പലരും അകത്തു കടക്കാൻ ശ്രമിക്കും. എന്നാൽ സാധിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”—ലൂക്കോസ് 13:23, 24.
ആഗോളരക്ഷയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: “ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും” എന്ന് 1 കൊരിന്ത്യർ 15:22-ൽ പറയുന്നതുകൊണ്ട് എല്ലാവരും രക്ഷപ്പെടും.
യാഥാർഥ്യം: ഈ വാക്യത്തിന്റെ പശ്ചാത്തലം പുനരുത്ഥാനത്തെക്കുറിച്ചാണ് പറയുന്നത്. (1 കൊരിന്ത്യർ 15:12, 13, 20, 21, 35) അതുകൊണ്ട് “ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും” എന്നു പറയുമ്പോൾ, പുനരുത്ഥാനത്തിൽ വരുന്ന ‘എല്ലാവർക്കും’ യേശുക്രിസ്തുവിലൂടെ അനുഗ്രഹങ്ങൾ ലഭിക്കുമെന്നാണ് അർഥമാക്കുന്നത്.—യോഹന്നാൻ 11:25.
തെറ്റിദ്ധാരണ: “സകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ” എന്നു തീത്തോസ് 2:11-ൽ പറയുന്നതുകൊണ്ട് എല്ലാവരും രക്ഷപ്പെടും.—സത്യവേദപുസ്തകം.
യാഥാർഥ്യം: “സകല” എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന് “സകലതരം” അല്ലെങ്കിൽ ‘വ്യത്യസ്തതരം’ എന്നും അർഥമുണ്ട്. d അതുകൊണ്ട് തീത്തോസ് 2:11-ന്റെ ശരിയായ അർഥം “സകല ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ള” ആളുകൾ ഉൾപ്പെടെ വ്യത്യസ്തതരം ആളുകൾക്കു രക്ഷ ലഭിക്കും എന്നാണ്.—വെളിപാട് 7:9, 10.
തെറ്റിദ്ധാരണ: ‘ആരും നശിച്ചുപോകാൻ ദൈവം ഇച്ഛിക്കുന്നില്ല’ എന്നു 2 പത്രോസ് 3:9-ൽ പറയുന്നതുകൊണ്ട് എല്ലാവരും രക്ഷപ്പെടും.
യാഥാർഥ്യം: എല്ലാവരും രക്ഷപ്പെടാൻ ദൈവം ആഗ്രഹിക്കുന്നു എന്നതു ശരിതന്നെ. എന്നാൽ രക്ഷയ്ക്കുവേണ്ടിയുള്ള തന്റെ നിർദേശങ്ങൾ അനുസരിക്കാൻ ദൈവം ആരെയും നിർബന്ധിക്കുന്നില്ല. കാരണം, ദൈവത്തിന്റെ ‘ന്യായവിധിദിവസത്തിൽ ഭക്തികെട്ട മനുഷ്യരുടെ നാശം’ ഉൾപ്പെടുന്നു.—2 പത്രോസ് 3:7.
a ‘രക്ഷിക്കപ്പെട്ടിരിക്കുന്നു’ എന്നു ബൈബിളിൽ പരാമർശിക്കുന്നുണ്ടെങ്കിലും പാപത്തിൽനിന്നും മരണത്തിൽനിന്നും ഉള്ള ഒരാളുടെ യഥാർഥരക്ഷ വരാനിരിക്കുന്നതേ ഉള്ളൂ.—എഫെസ്യർ 2:5; റോമർ 13:11.
b ഇവിടെ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളിൽ “രക്ഷകൻ” എന്നതിനു പകരം “ജേതാവ്,” “വിമോചകൻ,” “നായകൻ,” “നേതാവ്,” ഇനി ചിലപ്പോൾ “ആരോ ഒരുവൻ” എന്നുപോലും ചില ബൈബിളുകളിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നു. എന്നാൽ മൂല എബ്രായപാഠത്തിൽ, മനുഷ്യരക്ഷകരെ കുറിക്കുന്ന അതേ പദംതന്നെയാണ് യഹോവയെ രക്ഷകനായി പറയുമ്പോഴും ഉപയോഗിച്ചിരിക്കുന്നത്.—സങ്കീർത്തനം 7:10.
c യേശു എന്ന പേര് യഹോശുവ എന്ന എബ്രായപദത്തിൽനിന്നാണ് വന്നിരിക്കുന്നത്. അർഥം “യഹോവ രക്ഷയാണ്” എന്നാണ്.
d വൈന്റ പഴയ നിയമ-പുതിയ നിയമ സമ്പൂർണ പദനിഘണ്ടു (ഇംഗ്ലീഷ്) കാണുക. മത്തായി 5:11-ൽ ആളുകൾ “എല്ലാ തരം” തിന്മയും തന്റെ ശിഷ്യന്മാർക്കെതിരെ കളവായി പറയും എന്നു പറഞ്ഞപ്പോൾ ഇതേ ഗ്രീക്കുപദമാണ് യേശു ഉപയോഗിച്ചത്.—ഇൻറർനാഷണൽ സ്റ്റാൻഡേർഡ് വേർഷൻ (ഇംഗ്ലീഷ്).