മേക്കപ്പ് ഇടുന്നതിനെക്കുറിച്ചും ആഭരണങ്ങൾ അണിയുന്നതിനെക്കുറിച്ചും ബൈബിൾ എന്തു പറയുന്നു?
ബൈബിളിന്റെ ഉത്തരം
ഈ വിഷയത്തെക്കുറിച്ച് ബൈബിൾ വിശദമായി ഒന്നും പറയുന്നില്ല. എന്തൊക്കെയാണെങ്കിലും, മേക്കപ്പ് ഇടുന്നതോ ആഭരണങ്ങൾ ഉപയോഗിക്കുന്നതോ അണിഞ്ഞൊരുങ്ങുന്നതോ ഒന്നും തെറ്റാണെന്നു ബൈബിൾ പറയുന്നില്ല. പുറമേയുള്ള സൗന്ദര്യത്തെക്കാൾ “ശാന്തതയും സൗമ്യതയും ഉള്ള മനസ്സ് എന്ന അനശ്വരമായ അലങ്കാരം” അണിയാനാണ് ബൈബിൾ പ്രോത്സാഹിപ്പിക്കുന്നത്.—1 പത്രോസ് 3:3, 4.
ഒരുങ്ങുന്നത് തെറ്റാണെന്നു ബൈബിൾ പറയുന്നില്ല
ബൈബിളിൽ പറഞ്ഞിരിക്കുന്ന വിശ്വസ്തരായ സ്ത്രീകൾ അണിഞ്ഞൊരുങ്ങിയിരുന്നു. അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ ഭാര്യ റിബെക്ക അമ്മായിയപ്പൻ കൊടുത്ത സ്വർണമൂക്കുത്തിയും സ്വർണത്തിന്റെ രണ്ടു കൈവളയും മറ്റ് വിലകൂടിയ ആഭരണങ്ങളും ധരിച്ചിരുന്നു. (ഉൽപത്തി 24:22, 30, 53) അതുപോലെ പേർഷ്യയിലെ രാജ്ഞിയാകാൻ സാധ്യതയുണ്ടായിരുന്നതുകൊണ്ട് എസ്ഥേർ ‘സൗന്ദര്യപരിചരണം’ സ്വീകരിച്ചു. (എസ്ഥേർ 2:7, 9, 12) ഈ പരിചരണത്തിൽ സാധ്യതയനുസരിച്ച് “സൗന്ദര്യവർദ്ധക വസ്തു”ക്കളുടെ ഉപയോഗവും ‘പല വിധ ചമയങ്ങളും’ ഉൾപ്പെടുന്നു.—ന്യൂ ഇന്റർനാഷണൽ വേർഷൻ; ഈസി-റ്റു-റീഡ് വേർഷൻ.
ബൈബിൾദൃഷ്ടാന്തങ്ങളിൽ ആഭരണങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നു. ഉദാഹരണത്തിന്, നല്ല ഉപദേശം കൊടുക്കുന്ന ഒരാളെ, ‘ശ്രദ്ധിക്കാൻ ഒരുക്കമുള്ള കാതുകളിലെ സ്വർണക്കമ്മലിനോടാണ്’ താരതമ്യം ചെയ്തിരിക്കുന്നത്. (സുഭാഷിതങ്ങൾ 25:12) ഒരു ഭർത്താവ് തന്റെ നവവധുവിനെ കൈവളയും മാലയും കമ്മലുകളും അണിയിച്ചുകൊണ്ട് അലങ്കരിക്കുന്നതുപോലെ താൻ ഇസ്രായേൽജനതയെ അലങ്കരിക്കുന്നു എന്നാണ് ദൈവം പറയുന്നത്. ഇത് ആ ജനതയെ “അതീവസുന്ദരിയാ”ക്കി.—യഹസ്കേൽ 16:11-13.
മേക്കപ്പിനെക്കുറിച്ചും ആഭരണത്തെക്കുറിച്ചും ഉള്ള തെറ്റിദ്ധാരണ
തെറ്റിദ്ധാരണ: “തലമുടി പിന്നുന്നതും സ്വർണാഭരണങ്ങൾ അണിയുന്നതും” 1 പത്രോസ് 3:3-ൽ ബൈബിൾ കുറ്റം വിധിക്കുന്നു.
വസ്തുത: ബാഹ്യ അലങ്കാരത്തെക്കാൾ ആന്തരിക സൗന്ദര്യത്തിന്റെ മൂല്യത്തെയാണ് ഈ ബൈബിൾ വാക്യം എടുത്തുകാണിക്കുന്നതെന്ന് ഇതിന്റെ സന്ദർഭം പരിശോധിച്ചാൽ മനസ്സിലാക്കാം. (1 പത്രോസ് 3:3-6) സമാനമായ ആശയം ബൈബിളിൽ മറ്റ് ഇടങ്ങളിലും കാണാം.—1 ശമുവേൽ 16:7; സുഭാഷിതങ്ങൾ 11:22; 31:30; 1 തിമൊഥെയൊസ് 2:9, 10.
തെറ്റിദ്ധാരണ: മേക്കപ്പ് ചെയ്യുന്നത് തെറ്റാണ്. കാരണം ദുഷ്ട രാജ്ഞിയായ ഇസബേൽ “കണ്ണിൽ മഷി” എഴുതിയതിനെക്കുറിച്ച് ബൈബിളിൽ പറയുന്നു.—2 രാജാക്കന്മാർ 9:30.
വസ്തുത: മന്ത്രവാദവും കൊലയും ചെയ്ത ഇസബേൽ അവൾ ചെയ്ത ദുഷ്ടതയുടെ പേരിലാണ് ന്യായം വിധിക്കപ്പെട്ടത്. അല്ലാതെ, അവളുടെ ബാഹ്യ അലങ്കാരത്തിന്റെ അടിസ്ഥാനത്തിലല്ല.—2 രാജാക്കന്മാർ 9:7, 22, 36, 37.