പുകവലിക്കുന്നത് പാപമാണോ?
ബൈബിളിന്റെ ഉത്തരം
പുകവലിയെക്കുറിച്ചോ a ഏതെങ്കിലും വിധത്തിലുള്ള പുകയിലയുടെ ഉപയോഗത്തെക്കുറിച്ചോ ബൈബിൾ ഒന്നും പറയുന്നില്ല. എങ്കിലും ദൈവം അനാരോഗ്യകരവും അശുദ്ധവും ആയ ശീലങ്ങളെ അംഗീകരിക്കുന്നില്ലെന്നും അതുകൊണ്ട് പുകവലി ഒരു പാപമായാണ് ദൈവം കാണുന്നതെന്നും മനസ്സിലാക്കാൻ സഹായിക്കുന്ന തത്ത്വങ്ങൾ അതിലുണ്ട്.
ജീവനോടുള്ള ആദരവ്. “ദൈവമാണ് എല്ലാവർക്കും ജീവനും ശ്വാസവും . . . നൽകുന്നത്.” (പ്രവൃത്തികൾ 17:24, 25) ജീവൻ ദൈവത്തിന്റെ ദാനമായതുകൊണ്ട് പുകവലിപോലെ അകാലമരണത്തിനിടയാക്കുന്ന യാതൊന്നും നമ്മൾ ചെയ്യാൻ പാടില്ല. എന്നാൽ പുകവലിക്കുന്നതിലൂടെ എത്രയോ പേരാണു ലോകത്തു മരണമടയുന്നത്. അതെല്ലാം ഒഴിവാക്കാവുന്ന മരണങ്ങളല്ലേ?
അയൽക്കാരനോടുള്ള സ്നേഹം. “നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം.” (മത്തായി 22:39) മറ്റുള്ളവരുടെ അടുത്ത് നിന്ന് പുകവലിക്കുന്നത് അവരോടുള്ള സ്നേഹമല്ല. പുകവലിക്കാരൻ വലിച്ചുവിടുന്ന പുക സ്ഥിരം ശ്വസിക്കുന്നവർക്ക് പുകവലിക്കാർക്കുണ്ടാകുന്ന അതേ രോഗങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
വിശുദ്ധരായിരിക്കണം. ‘നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു സ്വീകാര്യവും ആയ ജീവനുള്ള ബലിയായി അർപ്പിക്കുക.’ (റോമർ 12:1) “ശരീരത്തെയും ചിന്തകളെയും മലിനമാക്കുന്ന എല്ലാത്തിൽനിന്നും നമ്മളെത്തന്നെ ശുദ്ധീകരിച്ച് ദൈവഭയത്തോടെ നമ്മുടെ വിശുദ്ധി പരിപൂർണമാക്കാം.” (2 കൊരിന്ത്യർ 7:1) വിശുദ്ധരായിരിക്കുന്നവർക്കു ചേരുന്നതല്ല പുകവലി. ഇതു മനുഷ്യർക്ക് ആവശ്യമുള്ള ഒരു കാര്യവുമല്ല. പുകവലിക്കുന്നവർ ശരീരത്തിനു വലിയ ദോഷം ചെയ്യുന്ന വിഷപദാർഥങ്ങൾ മനഃപൂർവം ഉള്ളിലേക്കു വലിച്ചുകയറ്റുകയാണ്.
വെറുമൊരു രസത്തിനുവേണ്ടി കഞ്ചാവോ മറ്റു മയക്കുമരുന്നുകളോ ഉപയോഗിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്തെങ്കിലും പറയുന്നുണ്ടോ?
കഞ്ചാവിന്റെയോ അതുപോലുള്ള മറ്റു മയക്കുമരുന്നുകളുടെയോ പേരൊന്നും ബൈബിളിലില്ല. എന്നാൽ വിനോദത്തിനുവേണ്ടി ആസക്തിയുളവാക്കുന്ന ഇത്തരം പദാർഥങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നു വ്യക്തമാക്കുന്ന തത്ത്വങ്ങൾ അതിലുണ്ട്. മുകളിൽ പറഞ്ഞ തത്ത്വങ്ങളോടൊപ്പം പിൻവരുന്നവയും ബാധകമാണ്:
മനസ്സും ചിന്തയും നിയന്ത്രണത്തിലായിരിക്കണം. “നിന്റെ ദൈവമായ യഹോവയെ നീ . . . നിന്റെ മുഴുമനസ്സോടും കൂടെ സ്നേഹിക്കണം.” (മത്തായി 22:37, 38) “നല്ല സുബോധമുള്ളവരായിരിക്കുക.” (1 പത്രോസ് 1:13) മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കു മനസ്സിനെ പൂർണമായി നിയന്ത്രിക്കാനാവില്ലെന്നു മാത്രമല്ല പലരും അതിന് അടിമകളാകുകപോലും ചെയ്യുന്നു. നല്ല ചിന്തകൾക്കു പകരം അവരുടെ മനസ്സു മുഴുവൻ മയക്കുമരുന്ന് ഒപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഒക്കെയായിരിക്കും.—ഫിലിപ്പിയർ 4:8.
നിയമങ്ങൾ അനുസരിക്കണം. ‘ഗവൺമെന്റുകൾക്കും അധികാരങ്ങൾക്കും കീഴ്പെട്ടിരുന്നുകൊണ്ട് അനുസരണം കാണിക്കുക.’ (തീത്തോസ് 3:1) പല സ്ഥലങ്ങളിലും ചില മയക്കുമരുന്നുകൾ നിരോധിച്ചിരിക്കുന്നു. ദൈവത്തെ സന്തോഷിപ്പിക്കണമെങ്കിൽ നമ്മൾ അധികാരികളെ അനുസരിക്കണം.—റോമർ 13:1.
a പുകവലി എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് സിഗരറ്റ്, ബീഡി, ചുരുട്ട്, പുകയിലക്കുഴൽ, ഹുക്ക എന്നിവയിൽനിന്ന് പുകയിലയുടെ പുക മനഃപൂർവം ശ്വസിക്കുന്നതിനെയാണ്. എങ്കിലും ചർച്ച ചെയ്യുന്ന തത്ത്വങ്ങൾ മുറുക്കാൻ, മൂക്കിപ്പൊടി, നിക്കോട്ടിനടങ്ങിയ ഇലക്ട്രോണിക് സിഗരറ്റ് എന്നിവയ്ക്കും സമാനമായ മറ്റ് ഉത്പന്നങ്ങൾക്കും ബാധകമാണ്.