സാമ്പത്തിക പ്രശ്നങ്ങളും കടബാധ്യതകളും—ബൈബിളിനു സഹായിക്കാനാകുമോ?
ബൈബിളിന്റെ ഉത്തരം
തീർച്ചയായും. താഴെപ്പറയുന്ന നാലു ബൈബിൾതത്ത്വങ്ങൾ സാമ്പത്തിക പ്രശ്നങ്ങളും കടബാധ്യതകളും ഉൾപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ നമ്മളെ സഹായിക്കും:
ചെലവുകൾ കണക്കുകൂട്ടുക. “പരിശ്രമശാലിയുടെ പദ്ധതികൾ വിജയിക്കും; എന്നാൽ എടുത്തുചാട്ടക്കാരെല്ലാം ദാരിദ്ര്യത്തിലേക്കു നീങ്ങുന്നു.” (സുഭാഷിതങ്ങൾ 21:5) എന്തെങ്കിലും വിൽക്കാനുണ്ടെന്ന് കേൾക്കുമ്പോൾത്തന്നെ ഓടിച്ചെന്ന് വാങ്ങരുത്. നമുക്ക് ആവശ്യമുള്ളത് എന്താണെന്നും അതിനുവേണ്ടി എത്രത്തോളം പണം ചെലവാക്കാൻ ഉണ്ടെന്നും കണക്ക് കൂട്ടി ഒരു ബജറ്റ് തയ്യാറാക്കുക, അത്രമാത്രം ചെലവാക്കുക.
അനാവശ്യമായ കടബാധ്യതകൾ ഒഴിവാക്കുക. “കടം വാങ്ങുന്നവൻ കടം കൊടുക്കുന്നവന്റെ അടിമ.” (സുഭാഷിതങ്ങൾ 22:7) ഇപ്പോഴുള്ള കടങ്ങൾ വീട്ടിത്തീർത്തിട്ടില്ലെങ്കിൽ അതു വീട്ടാനുള്ള മറ്റു മാർഗങ്ങളെക്കുറിച്ച് ആരോടാണോ കടം വാങ്ങിയത് അവരുമായി സംസാരിക്കുക. അത് അടച്ചുതീർക്കാൻ ശ്രമിക്കുക. സുഭാഷിതങ്ങൾ 6:1-5-ൽ സൂചിപ്പിച്ചിരിക്കുന്ന വ്യക്തിയുടെ അതേ മനോഭാവത്തോടെ പ്രവർത്തിക്കുക: “പെട്ടെന്ന് അയല്ക്കാരന്റെ അടുത്ത് ചെന്ന് താണുകേണ് യാചിക്കുക. . . നിന്റെ കണ്ണുകൾ ഉറക്കം തൂങ്ങരുത്; കൺപോളകൾ അടഞ്ഞുപോകരുത്.” (സുഭാഷിതങ്ങൾ 6:1-5) ആദ്യശ്രമം വിജയിച്ചില്ലെങ്കിൽപ്പോലും അതിനായി ശ്രമിച്ചുകൊണ്ടേയിരിക്കുക.
പണത്തിന് ഉചിതമായ സ്ഥാനം നൽകുക. “അസൂയാലുവായ മനുഷ്യൻ സമ്പത്തിനായി കൊതിക്കുന്നു; ദാരിദ്ര്യം തന്നെ പിടികൂടുമെന്ന് അവൻ അറിയുന്നില്ല.” (സുഭാഷിതങ്ങൾ 28:22) അസൂയയും അത്യാഗ്രഹവും സാമ്പത്തികത്തകർച്ചയിലേക്ക് നയിക്കുക മാത്രമല്ല ആത്മീയകാര്യങ്ങളെ ഞെരുക്കിക്കളയുകയും ചെയ്യും.
ഉള്ളതിൽ തൃപ്തരായിരിക്കുക. “അതുകൊണ്ട് ഉണ്ണാനും ഉടുക്കാനും ഉണ്ടെങ്കിൽ നമുക്കു തൃപ്തരായിരിക്കാം.” (1 തിമൊഥെയൊസ് 6:8) പണത്തിനു സന്തോഷമോ സംതൃപ്തിയോ നൽകാനാകില്ല. ലോകത്തിൽ ഏറ്റവും സന്തോഷം അനുഭവിക്കുന്ന ചില ആളുകൾ അത്ര പണക്കാരൊന്നുമല്ല. എന്നാൽ അവർ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്നേഹിക്കുന്നവരും ദൈവവുമായി സൗഹൃദമുള്ളവരും ആണ്.—സുഭാഷിതങ്ങൾ 15:17; 1 പത്രോസ് 5:6, 7.