ദൈവത്തിന്റെ വചനം എന്നത് ആരാണ് അല്ലെങ്കിൽ എന്താണ്?
ബൈബിളിന്റെ ഉത്തരം
“ദൈവത്തിന്റെ വചനം” എന്ന പദപ്രയോഗം മിക്കപ്പോഴും ഒരു ദിവ്യസന്ദേശത്തെയോ അത്തരം സന്ദേശങ്ങളുടെ ഒരു കൂട്ടത്തെയോ ആണ് അർഥമാക്കുന്നത്. (ലൂക്കോസ് 11:28) ചുരുക്കം ചില ഇടങ്ങളിൽ “ദൈവത്തിന്റെ വചനം” അല്ലെങ്കിൽ “വചനം” എന്നത് ഒരു വ്യക്തിയുടെ പേരായും ഉപയോഗിച്ചിരിക്കുന്നു.—വെളിപാട് 19:13; യോഹന്നാൻ 1:14.
ഒരു ദിവ്യസന്ദേശം. തങ്ങൾ പറയുന്ന സന്ദേശങ്ങൾ ദൈവത്തിന്റെ വാക്കുകളാണെന്ന് പ്രവാചകന്മാർ കൂടെക്കൂടെ പ്രസ്താവിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, യിരെമ്യാവ് തന്റെ പ്രവാചക സന്ദേശം അറിയിച്ചപ്പോൾ “യഹോവയിൽനിന്ന് സന്ദേശം കിട്ടി” എന്നാണു പറഞ്ഞത്. (യിരെമ്യ 1:4, 11, 13; 2:1) അതുപോലെ ദൈവം ശൗലിനെയാണ് രാജാവായി തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് അദ്ദേഹത്തെ അറിയിക്കുന്നതിനു മുമ്പ് “എനിക്കു ദൈവത്തിന്റെ സന്ദേശം താങ്കളെ അറിയിക്കാനുണ്ട്” എന്നാണു ശമുവേൽ പ്രവാചകനും പറഞ്ഞത്.—1 ശമുവേൽ 9:27.
ഒരു പേരെന്ന നിലയിൽ. യേശുക്രിസ്തു സ്വർഗത്തിൽ ഒരു ആത്മവ്യക്തി ആയിരുന്നപ്പോഴും ഭൂമിയിൽ ഒരു മനുഷ്യൻ ആയിരുന്നപ്പോഴും “വചനം” എന്ന പേരിൽ അറിയപ്പെട്ടിരുന്നതായി ബൈബിളിൽ കാണുന്നു. അങ്ങനെ ഒരു നിഗമനത്തിലെത്താനുള്ള ചില ന്യായങ്ങൾ കാണുക.
സകല സൃഷ്ടിക്കും മുമ്പേ വചനം ജീവിച്ചിരിപ്പുണ്ടായിരുന്നു. “ആരംഭത്തിൽ വചനമുണ്ടായിരുന്നു. വചനം ദൈവത്തിന്റെകൂടെയായിരുന്നു.” (യോഹന്നാൻ 1:1, 2) “പുത്രൻ (യേശു) മറ്റെല്ലാത്തിനും മുമ്പേ ഉള്ളവനാണ്. അവയെല്ലാം പുത്രനിലൂടെയാണ് അസ്തിത്വത്തിൽ വന്നത്.”—കൊലോസ്യർ 1:13-15, 17.
വചനം ഒരു മനുഷ്യനായി ഭൂമിയിലേക്കു വന്നു. “വചനം മനുഷ്യനായിത്തീർന്ന് ഞങ്ങളുടെ ഇടയിൽ കഴിഞ്ഞു.” (യോഹന്നാൻ 1:14) ക്രിസ്തു യേശു “തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് ഒരു അടിമയുടെ രൂപം എടുത്ത് മനുഷ്യനായിത്തീർന്നു.”—ഫിലിപ്പിയർ 2:5-7.
വചനം ദൈവപുത്രനാണ്. ‘വചനം മനുഷ്യനായിത്തീർന്നു’ എന്നു പറഞ്ഞതിനു ശേഷം “ഞങ്ങൾ അദ്ദേഹത്തിന്റെ തേജസ്സു കണ്ടു; ഒരു അപ്പനിൽനിന്ന് അയാളുടെ ഒരേ ഒരു മകനു ലഭിക്കുന്ന തരം തേജസ്സായിരുന്നു അത്” എന്ന് അപ്പോസ്തലനായ യോഹന്നാൻ കൂട്ടിച്ചേർത്തു. (യോഹന്നാൻ 1:14) കൂടാതെ ‘യേശു ദൈവപുത്രനാണെന്നും’ യോഹന്നാൻ എഴുതി.—1 യോഹന്നാൻ 4:15.
ദൈവസമാനഗുണങ്ങളാണ് വചനത്തിനുള്ളത്. “വചനം ഒരു ദൈവമായിരുന്നു.” (യോഹന്നാൻ 1:1) യേശു “ദൈവതേജസ്സിന്റെ പ്രതിഫലനവും ദൈവത്തിന്റെ തനിപ്പകർപ്പും ആണ്.”—എബ്രായർ 1:2, 3.
വചനം രാജാവായി ഭരിക്കുന്നു. തലയിൽ “അനേകം കിരീടങ്ങൾ” ഉള്ളവനായി വചനത്തെ വർണിച്ചിട്ടുണ്ട്. (വെളിപാട് 19:12, 13) “രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവും” എന്നും വചനത്തെ വിളിച്ചിരിക്കുന്നു. (വെളിപാട് 19:16; 1 തിമൊഥെയൊസ് 6:14, 15) അതായത് രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവും ആണ് വചനം.
ദൈവത്തിന്റെ വക്താവായും വചനം പ്രവർത്തിക്കുന്നു. അതായത് വിവരങ്ങളും മാർഗനിർദേശങ്ങളും പകർന്നുകൊടുക്കാൻ ദൈവം ഉപയോഗിക്കുന്ന വ്യക്തിയാണ് “വചനം.” ഈ നിയമനം താൻ നിർവഹിച്ചതായി യേശു പറഞ്ഞു: “എന്തു പറയണം, എന്തു സംസാരിക്കണം എന്ന് എന്നെ അയച്ച പിതാവുതന്നെ എന്നോടു കല്പിച്ചിട്ടുണ്ട്. . . പിതാവ് എന്നോടു പറഞ്ഞിട്ടുള്ളതു മാത്രമാണു ഞാൻ സംസാരിക്കുന്നത്.”—യോഹന്നാൻ 12:49, 50.