ഞാൻ വിശുദ്ധന്മാരോടു പ്രാർഥിക്കണമോ?
ബൈബിളിന്റെ ഉത്തരം
വേണ്ട. ബൈബിൾ പറയുന്നതു യേശുവിന്റെ നാമത്തിൽ ദൈവത്തോടു മാത്രമേ പ്രാർഥിക്കാവൂ എന്നാണ്. യേശു തന്റെ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഈ രീതിയിൽ പ്രാർഥിക്കുക: “‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ.’” (മത്തായി 6:9) ദൈവത്തോടല്ലാതെ വിശുദ്ധന്മാരോടോ ദൂതന്മാരോടോ മറ്റാരോടെങ്കിലുമോ പ്രാർഥിക്കാൻ ശിഷ്യന്മാരോടു യേശു ഒരിക്കലും ആവശ്യപ്പെട്ടില്ല.
യേശു തന്റെ അനുഗാമികളോട് ഇങ്ങനെയും പറഞ്ഞു: “ഞാൻതന്നെയാണു വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേക്കു വരുന്നില്ല.” (യോഹന്നാൻ 14:6) നമ്മുടെ മധ്യസ്ഥനായി ദൈവം അധികാരപ്പെടുത്തിയിരിക്കുന്ന ഒരേയൊരു വ്യക്തി യേശു മാത്രമാണ്.—എബ്രായർ 7:25.
ദൈവത്തോടും ഒപ്പം വിശുദ്ധന്മാരോടും പ്രാർഥിക്കുന്നതിൽ തെറ്റുണ്ടോ?
പത്തു കല്പനകൾ കൊടുത്തപ്പോൾ ദൈവം ഇങ്ങനെ പറഞ്ഞു: “നിന്റെ ദൈവമായ യഹോവ എന്ന ഞാൻ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്.” (പുറപ്പാട് 20:5) അതെ, യഹോവ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ് എന്നു വ്യക്തം. പ്രാർഥന ഉൾപ്പെടെ ഭക്തിയുടെയും ആരാധനയുടെയും എല്ലാ പ്രവൃത്തികളും തനിക്കു മാത്രം അർഹതപ്പെട്ടതാണെന്നു ദൈവം പറയുന്നു.—യശയ്യ 48:11.
ദൈവത്തോടല്ലാതെ മറ്റാരോടെങ്കിലും പ്രാർഥിക്കുകയാണെങ്കിൽ നമ്മൾ ദൈവത്തെ ധിക്കരിക്കുകയായിരിക്കും, അതു വിശുദ്ധന്മാരോടോ വിശുദ്ധദൂതന്മാരോടോ ആണെങ്കിൽപ്പോലും. അപ്പോസ്തലനായ യോഹന്നാൻ ഒരു ദൂതനെ ആരാധിക്കാൻ ശ്രമിച്ചപ്പോൾ, അദ്ദേഹത്തെ തടഞ്ഞുകൊണ്ട് ദൂതൻ ഇങ്ങനെ പറഞ്ഞു: “അരുത്! ദൈവത്തെയാണ് ആരാധിക്കേണ്ടത്. നിന്നോടും നിന്നെപ്പോലെ യേശുവിനുവേണ്ടി സാക്ഷി പറയുന്ന നിന്റെ സഹോദരന്മാരോടും ഒപ്പം പ്രവർത്തിക്കുന്ന ഒരു അടിമ മാത്രമാണു ഞാൻ.”—വെളിപാട് 19:10.