ഒരു ക്രിസ്ത്യാനി വൈദ്യചികിത്സ സ്വീകരിക്കുന്നതിൽ തെറ്റുണ്ടോ?
ബൈബിളിന്റെ ഉത്തരം
ഇല്ല. “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം” എന്ന് യേശു പറഞ്ഞു. അതു സൂചിപ്പിക്കുന്നത് തന്റെ അനുഗാമികൾ വൈദ്യചികിത്സ സ്വീകരിക്കുന്നതിൽ തെറ്റില്ല എന്നാണ്. (മത്തായി 9:12) ബൈബിൾ ഒരു വൈദ്യശാസ്ത്ര ഗ്രന്ഥമൊന്നുമല്ലെങ്കിലും ദൈവത്തെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന തത്ത്വങ്ങൾ അതിലുണ്ട്.
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ
1. നിർദേശിക്കുന്ന ചികിത്സ ശരിക്കും എന്താണെന്ന് എനിക്ക് അറിയാമോ? ‘കേൾക്കുന്നതെല്ലാം വിശ്വസിക്കാതെ’ ആശ്രയിക്കാവുന്ന വിവരങ്ങൾ അന്വേഷിച്ച് കണ്ടെത്താൻ ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു.—സുഭാഷിതങ്ങൾ 14:15.
2. ഇക്കാര്യത്തെക്കുറിച്ച് രണ്ടോ മൂന്നോ ഡോക്ടർമാരുടെ അഭിപ്രായം കൂടെ ചോദിക്കണോ? “അനേകം ഉപദേശകരുണ്ടെങ്കിൽ” അതു ഗുണം ചെയ്യും. പ്രത്യേകിച്ച്, നിങ്ങളുടെ അവസ്ഥ അൽപ്പം ഗുരുതരമാണെങ്കിൽ.—സുഭാഷിതങ്ങൾ 15:22.
3. ഈ ചികിത്സ സ്വീകരിച്ചാൽ ‘രക്തം ഒഴിവാക്കാനുള്ള’ ബൈബിളിന്റെ കല്പനയുടെ ലംഘനമാകുമോ?—പ്രവൃത്തികൾ 15:20.
4. രോഗനിർണയത്തിലോ ചികിത്സയിലോ ഭൂതവിദ്യ ഉൾപ്പെട്ടിട്ടുണ്ടോ? ‘ഭൂതവിദ്യയെ’ ബൈബിൾ കുറ്റംവിധിക്കുന്നു. (ഗലാത്യർ 5:19-21) ഭൂതവിദ്യ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ പിൻവരുന്നവപോലുള്ള ചോദ്യങ്ങൾ ചിന്തിക്കുക:
ചികിത്സിക്കുന്നയാൾ ഭൂതവിദ്യ ഉപയോഗിക്കുന്ന ആളാണോ?
ശത്രുക്കൾ മന്ത്രവാദം ചെയ്തതുകൊണ്ടോ ദൈവകോപം കൊണ്ടോ ആണ് രോഗമുണ്ടാകുന്നത് എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ചികിത്സയാണോ ഇത്?
മരുന്നു തയ്യാറാക്കുമ്പോഴോ ഉപയോഗിക്കുമ്പോഴോ ഏതെങ്കിലും തരം ബലികൾ അർപ്പിക്കാനോ മന്ത്രോച്ചാരണങ്ങളോ ഭൂതവിദ്യയോടു ബന്ധപ്പെട്ട കർമങ്ങളോ നടത്താനോ അങ്ങനെയുള്ള സാധനങ്ങൾ ഉപയോഗിക്കാനോ നിർദേശിക്കുന്നുണ്ടോ?
5. ആരോഗ്യത്തിന്റെ കാര്യത്തിൽ അതിരുകവിഞ്ഞ ഒരു ചിന്ത എനിക്കുണ്ടോ? “നിങ്ങൾ ന്യായബോധമുള്ളവരാണെന്ന്” എല്ലാവരും അറിയട്ടെ എന്നു ബൈബിൾ പറയുന്നു. (ഫിലിപ്പിയർ 4:5, അടിക്കുറിപ്പ്.) ന്യായബോധമുണ്ടെങ്കിൽ, ആത്മീയകാര്യങ്ങൾപോലുള്ള ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾക്കു’ ശ്രദ്ധ കൊടുക്കാൻ നിങ്ങൾക്കാകും.—ഫിലിപ്പിയർ 1:10; മത്തായി 5:3.