ക്രിസ്തുമസ്സിനെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
ബൈബിളിന്റെ ഉത്തരം
യേശുവിന്റെ ജനനത്തീയതി ബൈബിൾ പറയുന്നില്ല. നമ്മൾ യേശുവിന്റെ ജന്മദിനം ആഘോഷിക്കണമെന്നും പറയുന്നില്ല. മക്ലിന്റോക്കിന്റെയും സ്ട്രോങ്ങിന്റെയും വിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു: “ദൈവകല്പന അനുസരിച്ചുള്ളതല്ല ക്രിസ്തുമസ്സിന്റെ ആഘോഷം, അതിന്റെ ഉത്ഭവം പുതിയനിയമത്തിൽ അടിസ്ഥാനപ്പെട്ടതുമല്ല.”
ക്രിസ്തുമസ്സിന്റെ ചരിത്രത്തെക്കുറിച്ച് പഠിക്കുമ്പോൾ അതിന്റെ വേരുകൾ വ്യാജമതാചാരങ്ങളിലാണെന്നു മനസ്സിലാക്കാം. ദൈവം അംഗീകരിക്കാത്ത വിധത്തിൽ ദൈവത്തെ ആരാധിക്കുന്നത് ദൈവത്തിന് എതിരെ ഉള്ള ഒരു കുറ്റമാണ്.—പുറപ്പാട് 32:5-7.
ക്രിസ്തുമസ്സ് ആചാരങ്ങളുടെ ചരിത്രം
യേശുവിന്റെ ജന്മദിനം ആഘോഷിക്കുന്നത്: “ആരുടെയെങ്കിലും ജന്മദിനം ആഘോഷിക്കുന്നത് ഒരു വ്യാജമതാചാരമാണെന്ന് ആദ്യകാലക്രിസ്ത്യാനികൾ കരുതിയിരുന്നതുകൊണ്ട് അവർ [യേശുവിന്റെ] ജന്മദിനം ആഘോഷിച്ചില്ല.”—വേൾഡ് ബുക്ക് സർവവിജ്ഞാനകോശം (ഇംഗ്ലീഷ്).
ഡിസംബർ 25: യേശു ജനിച്ചത് ഈ തീയതിയിലാണെന്നതിന് ഒരു തെളിവുമില്ല. ശൈത്യകാലത്ത് നടത്തിയിരുന്ന പല വ്യാജമത ആഘോഷങ്ങളുമായി ഒത്തുവരാൻവേണ്ടിയായിരിക്കാം സഭാനേതാക്കൾ ഈ തീയതി തിരഞ്ഞെടുത്തത്.
സമ്മാനങ്ങൾ കൈമാറുന്നതും വിരുന്നുകളും പാർട്ടികളും നടത്തുന്നതും: അമേരിക്കൻ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു: “ഡിസംബർ മാസത്തിന്റെ മധ്യത്തിൽ നടത്തിയിരുന്ന റോമൻ ഉത്സവമായ സാറ്റർനേലിയയിൽനിന്ന് കടമെടുത്തിട്ടുള്ളതാണ് ക്രിസ്തുമസ്സ് ആഘോഷത്തിന്റെ പല ആചാരരീതികളും. ഉദാഹരണത്തിന്, ഈ ഉത്സവത്തിൽനിന്നാണ് വിപുലമായ വിരുന്നുകളും സമ്മാനങ്ങൾ കൈമാറുന്ന രീതിയും മെഴുകുതിരികൾ കത്തിക്കുന്നതും ഒക്കെ വന്നിട്ടുള്ളത്.” “സാറ്റർനേലിയയുടെ സമയത്ത് എല്ലാ ജോലികൾക്കും കച്ചവടങ്ങൾക്കും ഒഴിവുകൊടുക്കുമായിരുന്നു” എന്നു ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു.
ക്രിസ്തുമസ്സ് വിളക്കുകൾ: മതസർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച് ശൈത്യകാലത്തെ ഉത്സവം ആഘോഷിക്കാനും ദുഷ്ടാത്മാക്കളെ എതിർത്തുനിൽക്കാനും വേണ്ടി യൂറോപ്പിലെ ആളുകൾ “വിളക്കുകളും പച്ചിലകളും ഉപയോഗിച്ച്” തങ്ങളുടെ വീടുകൾ അലങ്കരിക്കുമായിരുന്നു.
മിസൽറ്റോ, ഹോളി: ക്രിസ്തുമസ്സ് അലങ്കാരങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന ചെടികളാണ് ഇവ. “ഡ്രൂയിഡുകൾ (പുരാതന സെൽറ്റിക് വിഭാഗക്കാരുടെ പുരോഹിതന്മാർ) ആണ് മിസൽറ്റോയ്ക്കു മാന്ത്രികശക്തിയുണ്ടെന്ന് വരുത്തിത്തീർത്തത്. സൂര്യന്റെ മടങ്ങിവരവിനുള്ള ഉറപ്പെന്നനിലയിൽ ഹോളിച്ചെടിയെ ആരാധിച്ചിരുന്നു.”—അമേരിക്കൻ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്).
ക്രിസ്തുമസ്സ് ട്രീ: “യൂറോപ്പിലെ വ്യാജമതങ്ങൾക്കിടയിൽ സാധാരണമായിരുന്ന മരങ്ങളെ ആരാധിക്കുന്ന രീതി ക്രിസ്ത്യാനിത്വം സ്വീകരിച്ചശേഷവും അവർ നിലനിറുത്തി.” മരങ്ങളെ ആരാധിക്കുന്ന ആ രീതിയിൽനിന്നാണ് “ശൈത്യകാലത്തെ അവധിക്ക് വീടിനകത്തോ വാതിൽക്കലോ യൂൾ മരം വെക്കുന്ന” ആചാരം വന്നത്.—ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം (ഇംഗ്ലീഷ്).