കൊടുക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
ബൈബിളിന്റെ ഉത്തരം
സ്വമനസ്സാലെ, നല്ല ഉദ്ദേശ്യത്തോടെ കൊടുക്കുന്നതിനെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. അതു സ്വീകരിക്കുന്നയാൾക്കു മാത്രമല്ല, കൊടുക്കുന്നയാൾക്കും പ്രയോജനം ചെയ്യുമെന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 11:25; ലൂക്കോസ് 6:38) “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്”എന്നു യേശു പറഞ്ഞു.—പ്രവൃത്തികൾ 20:35.
എങ്ങനെ കൊടുക്കണം?
മനസ്സോടെ കൊടുക്കുന്നതാണു പ്രയോജനം ചെയ്യുന്നത്. ബൈബിൾ പറയുന്നു: “ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ. വിമുഖതയോടെയോ നിർബന്ധത്താലോ അരുത്. സന്തോഷത്തോടെ കൊടുക്കുന്നവരെയാണു ദൈവം സ്നേഹിക്കുന്നത്.”—2 കൊരിന്ത്യർ 9:7, അടിക്കുറിപ്പ്.
ദൈവം അംഗീകരിക്കുന്ന ‘ആരാധനയുടെ’ ഒരു സവിശേഷതയാണു മനസ്സോടെ കൊടുക്കുന്നത്. (യാക്കോബ് 1:27) ആവശ്യമുള്ളവർക്ക് ഉദാരമായി കൊടുക്കുന്ന വ്യക്തി ദൈവത്തോടൊപ്പം പ്രവർത്തിക്കുകയാണ്. അങ്ങനെ കാണിക്കുന്ന ഉദാരതയെ തനിക്കു തരുന്ന കടമായിട്ടാണു ദൈവം കാണുന്നത്. (സുഭാഷിതങ്ങൾ 19:17) ദൈവംതന്നെ അതിനു പ്രതിഫലം കൊടുക്കുമെന്നാണു ബൈബിൾ പഠിപ്പിക്കുന്നത്.—ലൂക്കോസ് 14:12-14.
എങ്ങനെ കൊടുക്കരുത്?
സ്വാർഥലക്ഷ്യങ്ങളോടെ കൊടുക്കരുത്. ഉദാഹരണമായി:
മറ്റുള്ളവരെ കാണിക്കാൻവേണ്ടി.—മത്തായി 6:2.
തിരിച്ച് എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ചുകൊണ്ട്.—ലൂക്കോസ് 14:12-14.
കുറുക്കുവഴിയിലൂടെ ദൈവപ്രീതി തരപ്പെടുത്താൻവേണ്ടി.—പ്രവൃത്തികൾ 8:20.
ദൈവം കുറ്റം വിധിക്കുന്ന പ്രവൃത്തികളെയോ മനോഭാവങ്ങളെയോ പിന്താങ്ങുന്നെങ്കിൽ. ഉദാഹരണത്തിന് ആർക്കെങ്കിലും ചൂതു കളിക്കാനോ മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കാനോ എന്തെങ്കിലും കൊടുക്കുന്നതു തെറ്റാണ്. (1 കൊരിന്ത്യർ 6:9, 10; 2 കൊരിന്ത്യർ 7:1) സ്വന്തം കാര്യം നോക്കാൻ കഴിവുണ്ടായിട്ടും മനഃപൂർവം അങ്ങനെ ചെയ്യാതിരിക്കുന്നവർക്കു കൊടുക്കുന്നതും ഉചിതമല്ല.—2 തെസ്സലോനിക്യർ 3:10.
ദൈവം ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ചെയ്യുന്നതിനു തടസ്സമാകുന്നെങ്കിൽ. കുടുംബനാഥൻ കുടുംബത്തിനുവേണ്ടി കരുതണമെന്നു ബൈബിൾ പഠിപ്പിക്കുന്നു. (1 തിമൊഥെയൊസ് 5:8) സ്വന്തം കുടുംബം നോക്കാതെ മറ്റുള്ളവർക്കു വാരിക്കോരി കൊടുക്കുന്നത് ഒരു കുടുംബനാഥനു യോജിച്ച കാര്യമല്ല. ഇതുപോലെ, പ്രായം ചെന്ന മാതാപിതാക്കളെ നോക്കാതിരുന്നുകൊണ്ട് തങ്ങൾക്കുള്ളതെല്ലാം “ദൈവത്തിനു നേർന്നതാണ്” എന്നു പറയുന്നവരെ യേശു കുറ്റപ്പെടുത്തി.—മർക്കോസ് 7:9-13.