യുവജനങ്ങൾ ചോദിക്കുന്നു
ഞാൻ ഇപ്പോൾ സ്നാനപ്പെടണോ?—ഭാഗം 2: സ്നാനത്തിനുവേണ്ടി തയ്യാറെടുക്കാം
നിങ്ങൾ ബൈബിളനുസരിച്ച് ജീവിക്കുന്ന ഒരാളാണോ? ദൈവത്തോട് അടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണോ? എങ്കിൽ നിങ്ങൾ സ്നാനത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടാകും. സ്നാനപ്പെടാൻ നിങ്ങൾ റെഡിയായോ എന്ന് എങ്ങനെ അറിയാം? a
ഈ ലേഖനത്തിൽ
ഞാൻ എത്രത്തോളം കാര്യങ്ങൾ അറിയണം?
സ്നാനത്തിനു തയ്യാറാകുമ്പോൾ പരീക്ഷയ്ക്കു പഠിക്കുന്നതുപോലെ കുറെ കാര്യങ്ങൾ മനഃപാഠമാക്കുകയല്ല വേണ്ടത്. പകരം “ചിന്താപ്രാപ്തി” ഉപയോഗിക്കണം. (റോമർ 12:1) അങ്ങനെയാകുമ്പോൾ ബൈബിൾ പറയുന്നത് സത്യമാണെന്നു നിങ്ങൾക്ക് ഉറപ്പാകും. ചില ഉദാഹരണങ്ങൾ നോക്കാം:
ദൈവമുണ്ടെന്നും ദൈവം നിങ്ങളുടെ ആരാധന അർഹിക്കുന്നുണ്ടെന്നും നിങ്ങൾക്ക് ഉറപ്പുണ്ടോ?
ബൈബിൾ പറയുന്നത്: “ദൈവത്തെ സമീപിക്കുന്നവൻ ദൈവമുണ്ടെന്നും തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കു ദൈവം പ്രതിഫലം നൽകുന്നെന്നും വിശ്വസിക്കേണ്ടതാണ്.”—എബ്രായർ 11:6.
നിങ്ങളോടുതന്നെ ചോദിക്കുക: ‘ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്?’ (എബ്രായർ 3:4) ‘ദൈവം എന്റെ ആരാധന അർഹിക്കുന്നത് എന്തുകൊണ്ടാണ്?’—വെളിപാട് 4:11.
സഹായം വേണോ? “സൃഷ്ടിയോ പരിണാമമോ?—ഭാഗം 1: ദൈവത്തിൽ വിശ്വസിക്കേണ്ടത് എന്തുകൊണ്ട്?” എന്ന ലേഖനം കാണുക.
ബൈബിളിലെ സന്ദേശം ദൈവത്തിന്റേതാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ?
ബൈബിൾ പറയുന്നത്: “തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിതമായി എഴുതിയതാണ്. അവ പഠിപ്പിക്കാനും ശാസിക്കാനും കാര്യങ്ങൾ നേരെയാക്കാനും നീതിയിൽ ശിക്ഷണം നൽകാനും ഉപകരിക്കുന്നു.”—2 തിമൊഥെയൊസ് 3:16.
നിങ്ങളോടുതന്നെ ചോദിക്കുക: ‘മനുഷ്യരുടെ ആശയങ്ങൾ അടങ്ങിയ ഒരു പുസ്തകമല്ല ബൈബിൾ എന്നു ഞാൻ വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്?’—യശയ്യ 46:10; 1 തെസ്സലോനിക്യർ 2:13.
സഹായം വേണോ? “ബൈബിളിൽനിന്ന് എനിക്ക് എങ്ങനെ പ്രയോജനം കിട്ടും?—ഭാഗം 1: ബൈബിൾത്താളുകളിലൂടെ” എന്ന ലേഖനം കാണുക.
തന്റെ ഇഷ്ടം നിറവേറ്റാനായി യഹോവ ക്രിസ്തീയസഭയെ ഉപയോഗിക്കുന്നുണ്ടെന്നു നിങ്ങൾക്ക് ഉറപ്പുണ്ടോ?
ബൈബിൾ പറയുന്നത്: “സഭയാലും ക്രിസ്തുയേശുവിനാലും തലമുറതലമുറയോളം, എന്നുമെന്നേക്കും (ദൈവത്തിന്) മഹത്ത്വം ഉണ്ടാകട്ടെ. ആമേൻ.”—എഫെസ്യർ 3:21.
നിങ്ങളോടുതന്നെ ചോദിക്കുക: ‘മീറ്റിങ്ങുകളിൽ ബൈബിളിൽനിന്ന് ഞാൻ പഠിക്കുന്ന കാര്യങ്ങൾ മനുഷ്യരുടേതായിട്ടാണോ അതോ യഹോവയുടേതായിട്ടാണോ ഞാൻ കാണുന്നത്?’ (മത്തായി 24:45) ‘പപ്പയ്ക്കും മമ്മിക്കും മീറ്റിംഗിനു വരാൻ കഴിയാത്തപ്പോഴും (അവർ അനുവദിക്കുന്നെങ്കിൽ) ഞാൻ പോകാറുണ്ടോ?’—എബ്രായർ 10:24, 25.
സഹായം വേണോ? “രാജ്യഹാളിൽ മീറ്റിങ്ങുകൾക്കു പോകുന്നത് എന്തിന്?” എന്ന ലേഖനം കാണുക.
ഞാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്?
സ്നാനപ്പെടാൻ നിങ്ങൾ എല്ലാം തികഞ്ഞ, പൂർണനായിരിക്കണം എന്നൊന്നുമില്ല. എങ്കിലും ‘മോശമായ കാര്യങ്ങൾ വിട്ടകന്ന് നല്ലതു ചെയ്യാൻ’ നിങ്ങൾക്കു ശരിക്കും ആഗ്രഹമുണ്ടെന്നു കാണിക്കണം. (സങ്കീർത്തനം 34:14) ചില ഉദാഹരണങ്ങൾ നോക്കാം:
യഹോവയുടെ നിലവാരങ്ങളനുസരിച്ചാണോ നിങ്ങൾ ജീവിക്കുന്നത്?
ബൈബിൾ പറയുന്നത്: “എപ്പോഴും ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുക.”—1 പത്രോസ് 3:16.
നിങ്ങളോടുതന്നെ ചോദിക്കുക: ‘“ശരിയും തെറ്റും വേർതിരിച്ചറിയാനായി” എന്റെ “വിവേചനാപ്രാപ്തിയെ” പരിശീലിപ്പിച്ചിട്ടുണ്ടെന്ന് ഞാൻ എങ്ങനെയാണ് തെളിയിച്ചിരിക്കുന്നത്?’ (എബ്രായർ 5:14) ‘തെറ്റു ചെയ്യാൻ കൂട്ടുകാർ നിർബന്ധിച്ചപ്പോൾ ഞാൻ അതു ചെയ്യാതിരുന്ന സന്ദർഭങ്ങൾ ഏതൊക്കെയാണ്? ശരി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നവരാണോ എന്റെ കൂട്ടുകാർ?’—സുഭാഷിതങ്ങൾ 13:20.
സഹായം വേണോ? “മനസ്സാക്ഷിയെ എനിക്ക് എങ്ങനെ പരിശീലിപ്പിക്കാം?” എന്ന ലേഖനം കാണുക.
നിങ്ങൾ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുക്കാറുണ്ടോ?
ബൈബിൾ പറയുന്നത്: “അതുകൊണ്ട് നമ്മൾ ഓരോരുത്തരും ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.”—റോമർ 14:12.
നിങ്ങളോടുതന്നെ ചോദിക്കുക: ‘ഞാൻ എന്നോടും മറ്റുള്ളവരോടും സത്യസന്ധനാണോ?’ (എബ്രായർ 13:18) ‘ഞാൻ എന്റെ തെറ്റുകൾ സമ്മതിക്കാറുണ്ടോ? അതോ അത് മൂടിവെക്കാനും മറ്റുള്ളവരുടെമേൽ തെറ്റ് കെട്ടിവെക്കാനും ആണോ ഞാൻ നോക്കുന്നത്?’—സുഭാഷിതങ്ങൾ 28:13.
സഹായം വേണോ? “തെറ്റുകളെ എങ്ങനെ കൈകാര്യം ചെയ്യാം?” എന്ന ലേഖനം കാണുക.
യഹോവയുമായി എനിക്ക് നല്ല അടുപ്പമുണ്ടോ?
ബൈബിൾ പറയുന്നത്: “ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും.”—യാക്കോബ് 4:8.
നിങ്ങളോടുതന്നെ ചോദിക്കുക: ‘യഹോവയോട് കൂടുതൽക്കൂടുതൽ അടുക്കാൻ ഞാൻ എന്തെല്ലാമാണ് ചെയ്യുന്നത്?’ ഉദാഹരണത്തിന്, ‘ഞാൻ എത്ര കൂടെക്കൂടെ ബൈബിൾ വായിക്കാറുണ്ട്?’ (സങ്കീർത്തനം 1:1, 2) ‘ഞാൻ ക്രമമായി പ്രാർഥിക്കുന്നുണ്ടോ?’ (1 തെസ്സലോനിക്യർ 5:17) ‘കാര്യങ്ങൾ എടുത്തുപറഞ്ഞ് ഞാൻ പ്രാർഥിക്കാറുണ്ടോ? എന്റെ കൂട്ടുകാർ യഹോവയുടെയും കൂട്ടുകാരാണോ?’—സങ്കീർത്തനം 15:1, 4.
സഹായം വേണോ? “ബൈബിളിന് എങ്ങനെ എന്നെ സഹായിക്കാനാകും?—ഭാഗം 2: ബൈബിൾവായന രസകരമാക്കുക” എന്ന ലേഖനവും “ഞാൻ എന്തിനു പ്രാർഥിക്കണം?” എന്ന ലേഖനവും കാണുക.
ചെയ്യാനാകുന്നത്: സ്നാനത്തിന് തയ്യാറെടുക്കാൻ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും, വാല്യം 2 (ഇംഗ്ലീഷ്) പുസ്തകത്തിന്റെ 37-ാം അധ്യായം വായിക്കുക. (മലയാളത്തിൽ ഇത്, “ഞാൻ സ്നാനമേൽക്കണോ?” എന്ന വെബ്സൈറ്റ് ലേഖനത്തിലാണുള്ളത്.) 308, 309 പേജുകളിലെ അഭ്യാസത്തിന് പ്രത്യേകശ്രദ്ധ കൊടുക്കുക.
a “ഞാൻ ഇപ്പോൾ സ്നാനപ്പെടണോ?—ഭാഗം 1” എന്ന ലേഖനം വായിക്കുക. നിങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിച്ച് സ്നാനമേൽക്കുന്നതിന്റെ അർഥവും പ്രാധാന്യവും ആ ലേഖനം ചർച്ച ചെയ്യുന്നു.