യുവജനങ്ങൾ ചോദിക്കുന്നു
സെക്സിനെക്കുറിച്ചുള്ള എന്റെ വീക്ഷണം എങ്ങനെ വിശദീകരിക്കും?
“എന്താ!! നീ ഇപ്പോഴും കന്യകതന്നെയാണെന്നോ?”
നിങ്ങളുടെ ഉത്തരം ‘അതെ’ എന്നാണെങ്കിൽ ഉറച്ച ബോധ്യത്തോടെ നിങ്ങൾക്ക് അതു പറയാനാകുമോ? ഈ ലേഖനം നിങ്ങളെ സഹായിക്കും!
എന്താണു ‘കന്യകാത്വം?’
ഒരിക്കലും ലൈംഗികബന്ധങ്ങളിൽ ഏർപ്പെട്ടിട്ടില്ലാത്ത ഒരു പുരുഷനും സ്ത്രീയ്ക്കും ‘കന്യകാത്വം’ ഉണ്ടെന്നു പറയാം.
എന്നാൽ ‘ലൈംഗികബന്ധങ്ങളിൽ’ എന്താണ് ഉൾപ്പെടുന്നത്? അതിൽ ലൈംഗികവേഴ്ച മാത്രമല്ല ഉൾപ്പെടുന്നത്. തങ്ങൾ ആരുമായും ലൈംഗികവേഴ്ചയിൽ ഏർപ്പെട്ടിട്ടില്ലാത്തതുകൊണ്ട് ‘സാങ്കേതികമായി കന്യകാത്വം’ ഉള്ളവരാണെന്നു ചിലർ അവകാശപ്പെട്ടേക്കാം. എന്നാൽ ലൈംഗികവേഴ്ച ഒഴികെയുള്ള മറ്റ് എല്ലാത്തരം സെക്സിലും—അധരസംഭോഗം, ഗുദസംഭോഗം, മറ്റൊരാളുടെ ലൈംഗികാവയവം ഉത്തേജിപ്പിക്കൽ—അവർ ഏർപ്പെട്ടിട്ടുണ്ടാകും.
ചുരുക്കത്തിൽ: അധരസംഭോഗം, ഗുദസംഭോഗം, മറ്റൊരാളുടെ ലൈംഗികാവയവം ഉത്തേജിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള സെക്സിൽ ഏർപ്പെടുന്നവർ ‘കന്യകാത്വം’ ഉള്ളവരാണെന്നു പറയാൻ കഴിയില്ല.
സെക്സിനെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
പരസ്പരം വിവാഹിതരായ ഒരു പുരുഷനും സ്ത്രീക്കും ഇടയിൽ മാത്രമേ ലൈംഗികബന്ധങ്ങൾ പാടുള്ളൂ എന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 5:18) അതുകൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒരു പുരുഷനോ സ്ത്രീയോ അവർ വിവാഹിതരാകുന്നതുവരെ ലൈംഗികബന്ധങ്ങളിൽ ഏർപ്പെടരുത്.—1 തെസ്സലോനിക്യർ 4:3-5.
ബൈബിളിന്റെ വീക്ഷണം പഴഞ്ചനാണെന്നും ആധുനികലോകത്തിന്റെ ചിന്താഗതിക്ക് ഒട്ടും ചേരുന്നതല്ലെന്നും ചിലർ പറഞ്ഞേക്കാം. എന്നാൽ വിവാഹമോചനം, ആഗ്രഹിക്കാത്ത ഗർഭധാരണങ്ങൾ, ലൈംഗികമായി പകരുന്ന രോഗങ്ങൾ തുടങ്ങിയവ ആധുനികലോകത്തെ ബാധിച്ചിരിക്കുന്ന പകർച്ചവ്യാധികളാണെന്ന കാര്യം മറക്കരുത്. സദാചാരമൂല്യങ്ങളെക്കുറിച്ച് യാതൊരു ഉപദേശവും നൽകാൻ പറ്റിയ ഒരു സ്ഥാനത്തല്ല ആധുനികലോകം എന്നതാണ് വസ്തുത!—1 യോഹന്നാൻ 2:15-17.
ഇത്തരമൊരു സാഹചര്യത്തിൽ ബൈബിളിന്റെ സദാചാരനിയമങ്ങൾക്കു പ്രസക്തിയേറുന്നു. ഉദാഹരണം: ഒരാൾ നിങ്ങൾക്ക് ഒരു വലിയ തുക സമ്മാനമായി തരുന്നു എന്നു വിചാരിക്കുക. വഴിയിൽക്കൂടി പോകുന്ന ആരെങ്കിലും എടുത്തോട്ടെ എന്നു വിചാരിച്ച് ആ പണം നിങ്ങൾ പുറത്തേക്കു വലിച്ചെറിയുമോ?
സെക്സിനോട് ബന്ധപ്പെട്ടും ഇതുപോലെ ഒരു തീരുമാനമാണു നിങ്ങൾ എടുക്കേണ്ടത്. “ആർക്കെങ്കിലുംവേണ്ടി എന്റെ കന്യകാത്വം എറിഞ്ഞുകൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല” എന്ന് 14 വയസ്സുള്ള സേറ പറയുന്നു. 17 വയസ്സുള്ള റ്റെമിയും അതിനോടു യോജിക്കുന്നു: “ഒരിക്കലും നഷ്ടപ്പെടുത്തിക്കളയാൻ പാടില്ലാത്തത്ര വിശിഷ്ടമായ ഒരു സമ്മാനമാണു സെക്സ്.”
ചുരുക്കത്തിൽ: വിവാഹിതരല്ലാത്തവർ ‘കന്യകാത്വവും’ സദാചാരമൂല്യങ്ങളും കാത്തുസൂക്ഷിക്കാൻ ബൈബിൾ ആവശ്യപ്പെടുന്നു.—1 കൊരിന്ത്യർ 6:18; 7:8, 9.
നിങ്ങൾ എന്താണ് വിശ്വസിക്കുന്നത്?
സെക്സിനെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം ന്യായമാണോ അതോ അങ്ങേയറ്റം കർശനമാണോ?
പരസ്പരം ആത്മാർഥമായി സ്നേഹിക്കുന്ന അവിവാഹിതരായ രണ്ടു പേർ തമ്മിൽ സെക്സിൽ ഏർപ്പെടുന്നതിൽ കുഴപ്പമില്ല എന്നാണോ നിങ്ങൾ വിശ്വസിക്കുന്നത്?
കന്യകാത്വവും സദാചാരമൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് ഏറ്റവും നല്ലതെന്നു കാര്യങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തിയ പല യുവജനങ്ങളും അഭിപ്രായപ്പെടുന്നു. അങ്ങനെയൊരു തീരുമാനമെടുത്തതിൽ അവർക്കു ഖേദമോ നഷ്ടബോധമോ തോന്നുന്നില്ല. അവരിൽ ചിലർക്കു പറയാനുള്ളത് കേൾക്കാം:
“ഒരു കന്യകയായിരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. വിവാഹത്തിനു മുമ്പ് സെക്സിൽ ഏർപ്പെടുന്നതുമൂലം ഉണ്ടാകുന്ന മാനസികവും ശാരീരികവും വൈകാരികവും ആയ വേദന ഒഴിവാക്കുന്നതുതന്നെയാണു ശരി.”—എമിലി
“വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധങ്ങളുടെ ഒരു രേഖയും എനിക്കില്ലാത്തതിൽ സന്തോഷം തോന്നുന്നു. ലൈംഗികമായി പകരുന്ന രോഗങ്ങൾ വരാനുള്ള യാതൊരു സാധ്യതയും എനിക്കില്ല എന്ന അറിവ് എത്ര ആശ്വാസകരമാണ്.”—എലെയ്ന.
“കുറച്ചുകൂടി കാത്തിരുന്നെങ്കിൽ ഖേദിക്കേണ്ടിവരില്ലായിരുന്നു എന്നു വിവാഹത്തിനു മുമ്പ് സെക്സിൽ ഏർപ്പെട്ട എന്റെ അതേ പ്രായത്തിലുള്ളവരും പ്രായം കൂടിയവരും ആയ പലരും പറയുന്നതു ഞാൻ കേട്ടിട്ടുണ്ട്. അവർക്കു പറ്റിയ പിശക് എനിക്കു പറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”—വോറ
“കന്യകാത്വം നഷ്ടപ്പെടുത്തിയതുകൊണ്ടോ ഒന്നിലധികം പേരുമായി സെക്സിൽ ഏർപ്പെട്ടതുകൊണ്ടോ വൈകാരികമുറിവുകളും പ്രശ്നങ്ങളും ആയി കഴിഞ്ഞുകൂടുന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട്. എത്ര പരിതാപകരമാണ് അവരുടെ ജീവിതം!”—ഡീൻ
ചുരുക്കത്തിൽ: സെക്സിൽ ഏർപ്പെടാനുള്ള പ്രലോഭനമോ സമ്മർദമോ ഉണ്ടാകുന്നതിനു മുമ്പേ അതിന്റെ അപകടങ്ങളെക്കുറിച്ച് നിങ്ങൾക്ക് ബോധ്യമുണ്ടായിരിക്കണം.—യാക്കോബ് 1:14, 15.
നിങ്ങളുടെ വീക്ഷണം മറ്റുള്ളവരോട് എങ്ങനെ വിശദീകരിക്കും?
സെക്സിനെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണത്തെ ആരെങ്കിലും ചോദ്യം ചെയ്താൽ എന്തു പറയണം? പലതും സാഹചര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
“കളിയാക്കുക എന്ന ഉദ്ദേശ്യത്തിൽ മാത്രം ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ വെറുതേ നിൽക്കില്ല. ‘നിങ്ങൾ എന്റെ കാര്യത്തിൽ ഇടപെടേണ്ട’ എന്നു പറഞ്ഞിട്ട് ഞാൻ വേഗം പോകും.”—കരീന
“ഒരു രസത്തിനുവേണ്ടി സ്കൂളിൽ ചിലർ വഴക്കുണ്ടാക്കാറുണ്ട്. എന്നെ ചോദ്യം ചെയ്യുന്നതിലുള്ള അവരുടെ ഉദ്ദേശ്യം അതാണെങ്കിൽ ഞാൻ ഒരു മറുപടിയും പറയാറില്ല.”—ഡേവിഡ്
നിങ്ങൾക്ക് അറിയാമോ? ചില സമയങ്ങളിൽ നിശ്ശബ്ദത പാലിച്ചുകൊണ്ട് യേശു പരിഹാസികൾക്ക് “മറുപടി” നൽകി.—മത്തായി 26:62, 63.
എന്നാൽ നിങ്ങളോടു ചോദിക്കുന്നയാൾ തികഞ്ഞ ആത്മാർഥതയുള്ള ആളാണെങ്കിലോ? അദ്ദേഹം ബൈബിളിനെ ആദരിക്കുന്ന ഒരാളാണ് എന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ 1 കൊരിന്ത്യർ 6:18 പോലെയുള്ള ഭാഗങ്ങൾ അദ്ദേഹത്തെ കാണിച്ചുകൊടുക്കാം. അവിടെ പറയുന്നതു വിവാഹത്തിന് മുമ്പ് സെക്സിൽ ഏർപ്പെടുന്നവർ സ്വന്തം ശരീരത്തിന് എതിരെ പാപം ചെയ്യുന്നു, അതായത് ശരീരത്തോടു ദ്രോഹം ചെയ്യുന്നു എന്നാണ്.
നിങ്ങൾ ബൈബിൾ ഉപയോഗിച്ചാലും ഇല്ലെങ്കിലും ശരി, ബോധ്യത്തോടെ സംസാരിക്കുക എന്നതാണു പ്രധാനം. സദാചാരനിഷ്ഠയുള്ളവരായി തുടരാനുള്ള നിങ്ങളുടെ തീരുമാനത്തിൽ അഭിമാനിക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട് എന്ന കാര്യം മറക്കരുത്.—1 പത്രോസ് 3:16.
“ബോധ്യത്തോടെയുള്ള മറുപടി നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് നിങ്ങൾക്കു യാതൊരു സംശയവുമില്ല എന്നു തെളിയിക്കുന്നു. നിങ്ങൾ ചെയ്യുന്നത് എന്താണോ അതു ശരിയായതുകൊണ്ടാണു നിങ്ങൾ അതു ചെയ്യുന്നത്. അല്ലാതെ ആരെങ്കിലും നിങ്ങളോട് അങ്ങനെ ചെയ്യാൻ പറഞ്ഞതുകൊണ്ടല്ല.”—ജിൽ
ചുരുക്കത്തിൽ: സെക്സിനെക്കുറിച്ചുള്ള നിങ്ങളുടെ നിലപാടിൽ നിങ്ങൾക്കു ബോധ്യമുണ്ടെങ്കിൽ നിങ്ങൾക്ക് അത് മറ്റുള്ളവരോടു വിശദീകരിച്ചുകൊടുക്കാൻ കഴിയും. അവരുടെ പ്രതികരണത്തിൽ നിങ്ങൾക്ക് അതിശയം തോന്നിയേക്കാം. “എന്റെ സഹപ്രവർത്തകർ എന്റെ കന്യകാത്വത്തെ അഭിനന്ദിക്കുമായിരുന്നു,” 21 വയസ്സുള്ള മെലിൻഡ പറയുന്നു. “അവർ എന്റെ കന്യകാത്വത്തെ വിചിത്രമായി കാണുന്നില്ല, ആത്മനിയന്ത്രണത്തിന്റെയും സദ്സ്വഭാവത്തിന്റെയും അടയാളമായിട്ടാണു കാണുന്നത്.”
ചെയ്യാനാകുന്നത്! സെക്സിനെക്കുറിച്ചുള്ള ശരിയായ ബോധ്യം വളർത്തിയെടുക്കാൻ നിങ്ങൾക്കു സഹായം ആവശ്യമാണെങ്കിൽ “സെക്സിനെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം എങ്ങനെ വിശദീകരിക്കും?” എന്ന അഭ്യാസം ഡൗൺലോഡ് ചെയ്യുക. കൂടാതെ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകവും പരിശോധിക്കുക.
“സെക്സ് ഞങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുമോ?”—വാല്യം 1, അധ്യായം 24 (ഇംഗ്ലീഷ്)
“കന്യകാത്വം കാത്തുസൂക്ഷിക്കേണ്ടത് എന്തുകൊണ്ട്?”—വാല്യം 2, അധ്യായം 5 (ഇംഗ്ലീഷ്)
“‘യുവജനങ്ങൾ ചോദിക്കുന്നു’ പുസ്തകങ്ങളിലെ ന്യായവാദം എനിക്ക് ഇഷ്ടമാണ്. ഉദാഹരണത്തിന്, വാല്യം 1, പേജ് 187-ൽ, വിലപിടിപ്പുള്ള ഒരു നെക്ലേസ് സൗജന്യമായി കൊടുക്കുന്നതുപോലെയാണു വിവാഹത്തിനു മുമ്പ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനെ ദൃഷ്ടാന്തീകരിച്ചിരിക്കുന്നത്. നിങ്ങൾ നിങ്ങളുടെതന്നെ വില കളഞ്ഞുകുളിക്കുന്നു. 177-ാം പേജിൽ വിവാഹത്തിനു മുമ്പുള്ള സെക്സിനെ മനോഹരമായ ഒരു ചിത്രം ചവിട്ടുമെത്തയായി ഉപയോഗിക്കുന്നതുപോലെയാണെന്നു പറഞ്ഞിരിക്കുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദൃഷ്ടാന്തം 2-ാം വാല്യത്തിന്റെ 54-ാം പേജിലേതാണ്. ചിത്രക്കുറിപ്പ് ഇങ്ങനെ പറയുന്നു: ‘നിങ്ങൾക്കു തരാനുള്ള ഒരു സമ്മാനം, അതു തരുന്നതിനു മുമ്പേ തുറന്നുനോക്കുന്നതുപോലെയാണു വിവാഹത്തിനു മുമ്പ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്.’ അതു നിങ്ങളുടെ ഭാവിയിണയ്ക്കുവേണ്ടിയുള്ള എന്തെങ്കിലും മോഷ്ടിക്കുന്നതുപോലെയാണ്.”—വിക്ടോറിയ.