യുവജനങ്ങൾ ചോദിക്കുന്നു
വ്യായാമം ചെയ്യാനുള്ള ആഗ്രഹം എനിക്ക് എങ്ങനെ വളർത്താം?
ഞാൻ എന്തിനു വ്യായാമം ചെയ്യണം?
ചില നാടുകളിൽ ചെറുപ്പക്കാർ കായികാധ്വാനമുള്ള എന്തെങ്കിലും ചെയ്യാൻ വളരെ കുറച്ച് സമയമേ കണ്ടെത്തുന്നുള്ളൂ. അതുകൊണ്ടുതന്നെ അവർക്ക് ആരോഗ്യവും കുറവാണ്. എന്നാൽ ബൈബിൾ ഇങ്ങനെയാണു പറയുന്നത്: “കായികമായ വ്യായാമംകൊണ്ട് അല്പം പ്രയോജനമുണ്ട്.” (1 തിമൊഥെയൊസ് 4:8, സത്യവേദപുസ്തകം ആധുനിക വിവർത്തനം) താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
വ്യായാമം നല്ല ഉന്മേഷം തരും. ശരീരം അനങ്ങി എന്തെങ്കിലും ചെയ്യുമ്പോൾ തലച്ചോറിൽ എൻഡോർഫിൻ എന്നു പറയുന്ന ഒരു രാസവസ്തു ഉത്പാദിപ്പിക്കപ്പെടുന്നു. അത് നിങ്ങൾക്കു ഉന്മേഷവും സന്തോഷവും തരും. വിഷാദം കുറയ്ക്കാനുള്ള ഒരു മരുന്നാണ് വ്യായാമം എന്ന് ചിലർ പറയുന്നു.
“രാവിലെ നേരത്തേ എഴുന്നേറ്റ് ഓടാൻ പോയാൽ, അന്നത്തെ ദിവസം എനിക്കു ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ള ഉത്സാഹം തോന്നും. ഓടാൻ പോകുന്നത് എന്റെ സന്തോഷം കൂട്ടുന്നു.”—റജീന.
വ്യായാമം സൗന്ദര്യം വർധിപ്പിക്കും. നല്ല ശക്തിയും കരുത്തും ആത്മവിശ്വാസവും കിട്ടാൻ, വ്യായാമം ചെയ്യുന്നതു നിങ്ങളെ സഹായിക്കും.
“ഇപ്പോൾ എനിക്കു പത്തു പ്രാവശ്യം കമ്പിയിൽ തൂങ്ങിയുള്ള വ്യായാമം ചെയ്യാൻ പറ്റുന്നുണ്ട്. ഒരു വർഷം മുമ്പ് അത് എനിക്കു ചിന്തിക്കാനേ പറ്റില്ലായിരുന്നു. എന്തായാലും ഞാൻ ഇപ്പോൾ എന്റെ ശരീരം ശ്രദ്ധിക്കുന്നുണ്ട്.”—ഒലീവിയ.
വ്യായാമത്തിന് ആയുസ്സ് നീട്ടാൻ കഴിയും. ഊർജ്ജസ്വലരായിരിക്കുന്നതു നിങ്ങളുടെ ഹൃദയധമനികൾക്കും ശ്വാസകോശ സംവിധാനത്തിനും നല്ലതാണ്. ഹൃദയധമനികൾക്കുണ്ടാകുന്ന രോഗങ്ങളാണു പുരുഷന്മാരുടെയും സ്ത്രീകളുടെയും അകാലമരണത്തിനുള്ള ഒരു പ്രധാനകാരണം. അതു തടയാൻ ഹൃദയത്തിനും ശ്വാസകോശത്തിനും ഗുണം ചെയ്യുന്ന വ്യായാമങ്ങളിൽ ഏർപ്പെടുക.
“നല്ല വ്യായാമശീലങ്ങൾ നമുക്കുണ്ടെങ്കിൽ ദൈവം തന്ന ശരീരത്തിനു നമ്മൾ ദൈവത്തോടു നന്ദിയുള്ളവരാണെന്നു കാണിക്കുകയാണ്.”—ജസ്സീക്ക.
ചുരുക്കിപ്പറഞ്ഞാൽ: വ്യായാമം ചെയ്യുന്നതുകൊണ്ട് ഇപ്പോഴും ഭാവിയിലും വളരെ വലിയ പ്രയോജനങ്ങളുണ്ട്. ടോണിയ പറയുന്നത് ഇങ്ങനെയാണ്: “നടക്കാനോ ഓടാനോ പോയിവന്നിട്ട് ‘ശ്ശോ, ഇന്ന് പോകണ്ടായിരുന്നു‘ എന്ന് നിങ്ങൾ ഒരിക്കലും പറയില്ല. വ്യായാമം ചെയ്തത് ഓർത്ത് എനിക്ക് ഇതേവരെ വിഷമം തോന്നിയിട്ടില്ല.”
എന്നെ തടയുന്നത് എന്താണ്?
താഴെ പറയുന്ന കാര്യങ്ങൾ തടസ്സമായി വന്നേക്കാം:
ഉത്സാഹം തോന്നുന്നില്ല. “നല്ല ചുറുചുറുക്കുള്ള സമയമാണ് ചെറുപ്പകാലം. വലിയവലിയ രോഗങ്ങൾ—അതൊക്കെ പ്രായമായവരുടെ പ്രശ്നങ്ങളല്ലേ? ഇപ്പോഴെ അതെക്കുറിച്ചൊക്കെ ചിന്തിക്കുന്നത് എന്തിനാ?”—സോഫിയ.
സമയം കിട്ടുന്നില്ല. “ഭക്ഷണം കഴിക്കാനും ഉറങ്ങാനും തന്നെ സമയം കിട്ടുന്നില്ല. അത്രയ്ക്കു തിരക്കാ. അതിന് ഇടയ്ക്ക് വ്യായാമം ചെയ്യാനുള്ള സമയം എപ്പോഴാ കിട്ടുക.”—ക്ലാരിസ്സ.
ജിംനേഷ്യത്തിൽ അംഗത്വമില്ല. “ശരീരം നല്ല ഫിറ്റാക്കി നിറുത്തുന്നത് നല്ല ചെലവുള്ള കാര്യമാണ്. ജിംനേഷ്യത്തിൽ പോകണമെങ്കിൽ കാശു കൊടുക്കണം.”—ജന
ചിന്തിക്കാനായി:
വ്യായാമം ചെയ്യാൻ നിങ്ങളെ തടയുന്നത് എന്താണ്? ആ തടസ്സങ്ങൾ മാറ്റാൻ കുറച്ച് ശ്രമം ചെയ്യേണ്ടിവന്നാലും അതു ചെയ്യുന്നതുകൊണ്ട് ഗുണം കിട്ടും.
തടസ്സങ്ങൾ മറികടക്കാൻ. . .
ഇതാ ഏതാനും ചില നിർദേശങ്ങൾ:
നിങ്ങളുടെ ആരോഗ്യം നോക്കേണ്ടത് നിങ്ങളാണ്.—ഗലാത്യർ 6:5.
ഒഴികഴിവുകൾ പറയുന്നത് ഒഴിവാക്കുക. (സഭാപ്രസംഗകൻ 11:4) വ്യായാമം ചെയ്യാൻ ജിംനേഷ്യത്തിൽത്തന്നെ പോകണമെന്നില്ല. നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു പ്രവർത്തനം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക.
വ്യായാമം ചെയ്യാൻ പറ്റിയ എന്തൊക്കെ കാര്യങ്ങളുണ്ടെന്നു മറ്റുള്ളവരോടു ചോദിക്കുക.—സുഭാഷിതങ്ങൾ 20:18.
കൃത്യമായ പട്ടികയുണ്ടാക്കുക. ലക്ഷ്യങ്ങൾ വെക്കുന്നതും നേട്ടങ്ങൾ എഴുതിവെക്കുന്നതും മടുക്കാതെ തുടരാൻ നിങ്ങളെ സഹായിക്കും.—സുഭാഷിതങ്ങൾ 21:5.
നിങ്ങളോടൊപ്പം വ്യായാമം ചെയ്യാൻ ആരെയെങ്കിലും കണ്ടുപിടിക്കുക. ഒരു കൂട്ടുണ്ടായിരിക്കുന്നതു മുടങ്ങാതെ വ്യായാമം ചെയ്യാൻ നിങ്ങൾക്ക് പ്രചോദനം തരും.—സഭാപ്രസംഗകൻ 4:9, 10.
ചിലപ്പോഴൊക്കെ മുടങ്ങിപ്പോയേക്കാം എങ്കിലും മടുത്ത് പിന്മാറരുത്.—സുഭാഷിതങ്ങൾ 24:10.
അമിതമാകരുത്
“ശീലങ്ങളിൽ മിതത്വം” പാലിക്കാനാണ് പുരുഷനോടും സ്ത്രീയോടും ബൈബിൾ പറയുന്നത്. (1 തിമൊഥെയൊസ് 3:2, 11) അതുകൊണ്ട് ആവശ്യമായ വ്യായാമം ചെയ്യുക. അമിതമായി വ്യായാമം ചെയ്യുന്നതു ചിലപ്പോൾ വിപരീതഫലം ചെയ്തേക്കാം. “ബുദ്ധിയെക്കാൾ കൂടുതൽ മസ്സിലുള്ളതല്ല ഒരാളെ മിടുക്കനാക്കുന്നത്” എന്ന് ചെറുപ്പക്കാരിയായ ജൂലിയ പറയുന്നു.
ഫിറ്റാക്കി നിറുത്താൻ പ്രേരിപ്പിക്കുന്ന പരസ്യവാചകങ്ങൾ സൂക്ഷിക്കുക. “മടുത്തെന്നു തോന്നുമ്പോൾ പത്ത് എണ്ണം കൂടെ ചെയ്യുക” എന്നതുപോലുള്ള ഉപദേശം നിങ്ങളുടെ ശരീരത്തിനു ദോഷം ചെയ്യും. കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങളിൽനിന്നും നിങ്ങളുടെ ശ്രദ്ധ മാറ്റും.—ഫിലിപ്പിയർ 1:10.
കൂടാതെ, ഇത്തരം ആപ്തവാക്യങ്ങൾ നിങ്ങളെ നിരുത്സാഹിതരാക്കും. വേരെ എന്ന ചെറുപ്പക്കാരി ഇങ്ങനെ പറയുന്നു: “കുറെ പെൺകുട്ടികൾക്ക് അവരുടെ റോൾമോഡലുകളുടെ ചിത്രങ്ങളുണ്ട്. പ്രചോദനം കിട്ടാൻ അവർ അത് എടുത്ത് നോക്കും. പക്ഷേ അത് കാണുമ്പോൾ അവർക്ക് കൂടുതൽ നിരുത്സാഹമാണു തോന്നുക. നിങ്ങളുടെ ലക്ഷ്യം ആരോഗ്യം മെച്ചപ്പെടുത്തുക എന്നതായിരിക്കണം. അല്ലാതെ നിങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കുക എന്നതു മാത്രമായിരിക്കരുത്.”