യുവജനങ്ങൾ ചോദിക്കുന്നു
എന്റെ സംസാരത്തിന് എന്താ ഒരു ‘ബെല്ലും ബ്രേക്കും’ ഇല്ലാത്തത്?
“ചില സമയത്ത് എനിക്കു നാവിനെ നിയന്ത്രിക്കാൻ പറ്റും. പക്ഷേ ചിലപ്പോൾ തലച്ചോറിന്റെ സഹായംകൂടാതെ വായ തന്നെ സംസാരിക്കുന്നതായി എനിക്കു തോന്നാറുണ്ട്.”—ജെയിംസ്.
“ടെൻഷനടിച്ച് ഇരിക്കുമ്പോൾ ഞാൻ ചിന്തിക്കാതെ സംസാരിക്കും. അല്ലാത്തപ്പോൾ സാധാരണയെക്കാൾ കൂടുതൽ സംസാരിക്കും. ചുരുക്കിപ്പറഞ്ഞാൽ എപ്പോഴും ഞാൻ കുളമാക്കും.”—മാരി.
“നാവും ഒരു തീയാണ്” എന്നും “ചെറിയൊരു തീപ്പൊരി മതി വലിയൊരു കാടു കത്തിനശിക്കാൻ” എന്നും ബൈബിൾ പറയുന്നു. (യാക്കോബ് 3:5, 6) നിങ്ങളുടെ സംസാരം നിങ്ങളെ കുഴപ്പത്തിലാക്കാറുണ്ടോ? അങ്ങനെയാണെങ്കിൽ ഈ ലേഖനം നിങ്ങൾക്കുള്ളതാണ്.
ഞാൻ ‘ബെല്ലും ബ്രേക്കും’ ഇല്ലാതെ സംസാരിക്കുന്നത് എന്തുകൊണ്ടാണ്?
കുറവുകൾ. ബൈബിൾ പറയുന്നു: “നമ്മളെല്ലാം പലതിലും തെറ്റിപ്പോകുന്നവരാണല്ലോ. വാക്കു പിഴയ്ക്കാത്ത ആരെങ്കിലുമുണ്ടെങ്കിൽ അയാൾ ശരീരത്തെ മുഴുവൻ കടിഞ്ഞാണിട്ട് നിയന്ത്രിക്കാൻ കഴിയുന്ന പൂർണമനുഷ്യനാണ്.” (യാക്കോബ് 3:2) കുറവുകൾ ഉള്ളതുകൊണ്ട് നമുക്കു നടക്കുമ്പോൾ ചുവടു മാത്രമല്ല, സംസാരിക്കുമ്പോൾ വാക്കും പിഴയ്ക്കും.
“എല്ലാം തികഞ്ഞ തലച്ചോറും നാവും എനിക്ക് ഇല്ലാത്തതുകൊണ്ട് അതിന്റെ മേൽ എനിക്കു പൂർണനിയന്ത്രണമുണ്ടെന്നു പറയുന്നത് മണ്ടത്തരമായിരിക്കും.”—അന്ന.
അമിതസംസാരം. “സംസാരം കൂടിപ്പോയാൽ ലംഘനം ഉണ്ടാകാതിരിക്കില്ല” എന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 10:19) ഒരുപാടു സംസാരിക്കുകയും കുറച്ച് കേൾക്കുകയും ചെയ്യുന്നവർ ബുദ്ധിമുട്ടിപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ട് മറ്റുള്ളവരെ വിഷമിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്.
“സംസാരിക്കുന്നവർ എപ്പോഴും മിടുക്കരാകണമെന്നില്ല. ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ളതിൽവെച്ച് എറ്റവും മിടുക്കനായിരുന്നു യേശു. ചില സമയത്ത് ആ യേശുപോലും മിണ്ടാതിരുന്നിട്ടുണ്ട്.”—ജുലിയ.
അധിക്ഷേപിക്കുന്നത്. “ചിന്തിക്കാതെ സംസാരിക്കുന്നതു വാളുകൊണ്ട് കുത്തുന്നതുപോലെയാണ്” എന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 12:18) ചിന്തിക്കാതെയുള്ള സംസാരത്തിന് ഒരു ഉദാഹരണമാണ് അധിക്ഷേപം. അതായത് കുത്തുവാക്കുകൾ പറഞ്ഞുകൊണ്ട് മറ്റുള്ളവരെ കൊച്ചാക്കുന്നത്. ഇങ്ങനെ അധിക്ഷേപിക്കുന്നവർ “ഞാൻ ഒരു തമാശയ്ക്കു പറഞ്ഞതാണ്” എന്നു പറയാറുണ്ട്. എന്നാൽ മറ്റുള്ളവരെ നാണം കെടുത്തുന്നത് അങ്ങനെ ചിരിച്ചുവിടാൻ പറ്റുന്ന ഒരു കാര്യമല്ല. “അസഭ്യസംസാരവും ഹാനികരമായ എല്ലാ കാര്യങ്ങളും” ഉപേക്ഷിക്കാനാണു ബൈബിൾ പറയുന്നത്.—എഫെസ്യർ 4:31.
“എനിക്കു വിറ്റടിക്കുന്നതും തമാശ പറയുന്നതും ഇഷ്ടമാണ്. പക്ഷേ ചിലപ്പോൾ അത് അധിക്ഷേപമായിപ്പോകും. മിക്കപ്പോഴും എനിക്ക് ഇങ്ങനെ അബദ്ധം പറ്റാറുണ്ട്.”—ഒക്സാന.
നാവിനെ മെരുക്കാൻ
നാവിനെ മെരുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇക്കാര്യത്തിൽ സഹായിക്കുന്ന ചില ബൈബിൾതത്ത്വങ്ങളുണ്ട്. ഉദാഹരണത്തിന് പിൻവരുന്നവ ശ്രദ്ധിക്കൂ.
“പറയാനുള്ളതു . . . മനസ്സിൽ പറഞ്ഞിട്ട് മിണ്ടാതിരിക്കുക.”—സങ്കീർത്തനം 4:4.
ചിലപ്പോൾ ഏറ്റവും നല്ല മറുപടി മൗനമാണ്. ലോറ എന്ന ചെറുപ്പക്കാരി ഇങ്ങനെ പറയുന്നു: “ദേഷ്യം വന്നാൽ ഞാൻ ആളാകെ മാറും. പക്ഷേ, മനസ്സിൽ തോന്നിയ ദേഷ്യം അപ്പോൾ കാണിക്കാഞ്ഞത് എത്ര നന്നായെന്നു പിന്നെ എനിക്കു തോന്നും.” കുറച്ച് നേരം മിണ്ടാതിരുന്നാൽ അബദ്ധം പറയുന്നത് ഒഴിവാക്കാൻ കഴിയും.
“നാവ് ഭക്ഷണം രുചിച്ചുനോക്കുന്നതുപോലെ ചെവി വാക്കുകളെ പരിശോധിച്ചുനോക്കില്ലേ?”—ഇയ്യോബ് 12:11.
എന്തെങ്കിലും പറയുന്നതിനു മുമ്പ് പിൻവരുന്ന ചോദ്യങ്ങൾ ഉപയോഗിച്ച് അതിനെ വിലയിരുത്തുന്നെങ്കിൽ പിന്നീട് ഉണ്ടായേക്കാവുന്ന ദുഃഖങ്ങൾ ഒഴിവാക്കാൻ നിങ്ങൾക്കു കഴിയും.
ഇതു സത്യമാണോ? പറഞ്ഞാൽ ക്രൂരതയായിപ്പോകുമോ? പറയേണ്ട ആവശ്യമുണ്ടോ?—റോമർ 14:19.
ആരെങ്കിലും എന്നോടാണ് ഇതുപോലെ പറയുന്നതെങ്കിൽ എനിക്ക് എന്തു തോന്നും?—മത്തായി 7:12.
കേൾക്കുന്ന ആളിന്റെ കാഴ്ചപ്പാടിനെ മാനിക്കുന്നതാണോ ഇത്?—റോമർ 12:10.
ഇതു പറയാനുള്ള പറ്റിയ സമയം ഇതാണോ?—സഭാപ്രസംഗകൻ 3:7.
“താഴ്മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കാണുക.”—ഫിലിപ്പിയർ 2:3.
ഈ ഉപദേശം മറ്റുള്ളവരെക്കുറിച്ച് നല്ല രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കും. അത് സംസാരിക്കുന്നതിനു മുമ്പ് ചിന്തിക്കാനും നാവ് അടക്കേണ്ടിടത്തു നാവ് അടക്കാനും സഹായിക്കും. ഇനി മുറിപ്പെടുത്തുന്ന എന്തെങ്കിലും നേരത്തേ പറഞ്ഞിട്ടുണ്ടെങ്കിൽത്തന്നെ എത്രയും പെട്ടെന്നു ക്ഷമ ചോദിക്കാൻ താഴ്മ നിങ്ങളെ സഹായിക്കും. (മത്തായി 5:23, 24) അതുകൊണ്ട് നാവിനെ മെരുക്കുന്ന കാര്യത്തിൽ മെച്ചപ്പെടാൻ നിങ്ങൾക്കു തീരുമാനിച്ച് ഉറയ്ക്കാം.