യുവജനങ്ങൾ ചോദിക്കുന്നു
മാധ്യമങ്ങളിൽ കാണുന്നത് അനുകരിക്കരുതാത്തത് എന്തുകൊണ്ട്?—ഭാഗം 1: പെൺകുട്ടികൾക്കുവേണ്ടി
മാധ്യമങ്ങളിൽ കാണുന്ന കഥാപാത്രങ്ങൾ എങ്ങനെയാണ്?
പിൻവരുന്ന സ്വഭാവവിശേഷതകൾ വായിച്ചശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ചിന്തിക്കുക.
കോളം 1 |
കോളം 2 |
---|---|
പക്വതയില്ലാത്തവൾ |
ഉത്തരവാദിത്വമുള്ളവൾ |
മത്സരി |
നിയമം അനുസരിക്കുന്നവൾ |
സദാചാരനിലവാരമില്ലാത്തവൾ |
നീതിനിഷ്ഠയുള്ളവൾ |
വിവരമില്ലാത്തവൾ |
ബുദ്ധിയുള്ളവൾ |
അപവാദം പറയുന്നവൾ |
വിവേകമുള്ളവൾ |
തട്ടിപ്പുകാരി |
നേരുള്ളവൾ |
സിനിമകൾ, മാസികകൾ, ടിവി തുടങ്ങിയവയിൽ അവതരിപ്പിക്കുന്ന കൗമാരപ്രായക്കാരികളായ കഥാപാത്രങ്ങളെ, മുകളിൽ കൊടുത്തിരിക്കുന്നവയിൽ ഏതു വാക്കുകൾ ഉപയോഗിച്ചായിരിക്കും നിങ്ങൾ വർണിക്കുക?
മുകളിൽ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെ ഗുണങ്ങളാണ് നിങ്ങൾക്കു വേണ്ടത്?
ആദ്യത്തെ ചോദ്യത്തിനുള്ള നിങ്ങളുടെ ഉത്തരം കോളം ഒന്നിലും രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം കോളം രണ്ടിലും ആകാനാണു സാധ്യത, അല്ലേ? അതിന്റെ അർഥം, മാധ്യമങ്ങളിൽ കാണിക്കുന്ന “സ്ഥിരം” കൗമാരകഥാപാത്രങ്ങളെപ്പോലെ ആകാനല്ല, അതിലും നല്ലവരാകാനാണു നിങ്ങളുടെ ആഗ്രഹം. മിക്കവരുടെയും ആഗ്രഹവും ഇതുതന്നെയാണ്. എന്തുകൊണ്ടാണെന്നു നോക്കാം.
“ഒരു കൂസലുമില്ലാത്ത മത്സരികളായിട്ടാണു സിനിമകളിൽ കൗമാരക്കാരായ പെൺകുട്ടികളെ ചിത്രീകരിക്കുന്നത്. അതു കണ്ടാൽ തോന്നും എല്ലാ കൗമാരക്കാരും വിശ്വസിക്കാൻ കൊള്ളാത്തവരും സ്വന്തം ഇമേജ് നിലനിറുത്താൻ പെടാപ്പാടു പെടുന്നവരും നാടകീയമായി പെരുമാറുന്നവരും ഒക്കെ ആണെന്ന്!”—എറിൻ.
“സിനിമകളിലും ടിവിയിലും കാണുന്ന ടീനേജ് പെൺകുട്ടികൾ എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നവരാണ്. ആൺകുട്ടികൾ, വസ്ത്രങ്ങൾ, ചമയം, പ്രശസ്തി എന്നിവയോടെല്ലാം അവർക്ക് ആസക്തിയായിരിക്കും.”—നദാലി.
“മദ്യം കഴിക്കാത്തവരും ആൺകുട്ടികളോടൊപ്പം താമസിക്കാത്തവരും മാതാപിതാക്കളോടു മത്സരിക്കാത്തവരും ആയ പെൺകുട്ടികളെ കാണിക്കുന്നത് അപൂർവമാണ്. അങ്ങനെ കാണിച്ചാൽത്തന്നെ അവരെ മതഭ്രാന്തരോ നാണം കുണുങ്ങികളോ ആയിട്ടായിരിക്കും ചിത്രീകരിക്കുന്നത്.”—മരിയ.
നിങ്ങളോടുതന്നെ ചോദിക്കുക: ‘ഞാൻ സംസാരിക്കുകയും പ്രവർത്തിക്കുകയും വസ്ത്രം ധരിക്കുകയും ചെയ്യുന്ന രീതി എന്നെക്കുറിച്ച് എന്താണ് വെളിപ്പെടുത്തുന്നത്? ഞാൻ ശരിക്കും അങ്ങനെയാണോ, അതോ മാധ്യമങ്ങളിൽ കാണുന്ന കഥാപാത്രങ്ങളെ കണ്ണുമടച്ച് അനുകരിക്കുകയാണോ?’
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുകയാണ് എന്നു ചിന്തിക്കുന്ന പലരും ശരിക്കും പറഞ്ഞാൽ ഏതെങ്കിലും കഥാപാത്രത്തിന്റെ വ്യക്തിത്വം അതേപടി പകർത്തുക മാത്രമാണ് ചെയ്യുന്നത്. കാരെൻ എന്ന ചെറുപ്പക്കാരി പറയുന്നു: “എന്റെ അനിയത്തി അങ്ങനെയാണ്. ആൺകുട്ടികളെക്കുറിച്ചും വസ്ത്രങ്ങളെക്കുറിച്ചും ആണ് അവളുടെ ചിന്ത മുഴുവൻ. മറ്റൊന്നും തനിക്ക് ഒരു വിഷയമേ അല്ല എന്നാണ് അവളുടെ ഭാവം. അവൾ മിടുക്കിയാണ്. അവൾക്കു മറ്റു പലതിലും താത്പര്യമുണ്ടെന്ന് എനിക്കറിയാം. പക്ഷേ അവൾ അഭിനയിക്കുകയാണ്. കാരണം, മറ്റു പെൺകുട്ടികളെപ്പോലെയാകണമെങ്കിൽ ഇങ്ങനെയൊക്കെ വേണം എന്നാണ് അവളുടെ വിചാരം. അവൾക്കു 12 വയസ്സേ ഉള്ളൂ!”
ബൈബിൾ പറയുന്നു: “ഈ വ്യവസ്ഥിതി നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെടുക്കാൻ ഇനി സമ്മതിക്കരുത്.”—റോമർ 12:2.
മാധ്യമങ്ങളിൽ കാണിക്കുന്നതുപോലെ അല്ല എല്ലാ പെൺകുട്ടികളുടെയും വീക്ഷണം. “മാധ്യമങ്ങളിൽ ചിത്രീകരിക്കുന്ന പെൺകുട്ടികൾ സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധിക്കുന്നവരും ഒരു കഥയുമില്ലാത്തവരും ബാലിശമായി പ്രവർത്തിക്കുന്നവരും ഒക്കെയാണ്. പക്ഷേ നമ്മളെല്ലാം അതിനെക്കാളും ബുദ്ധിയോടെ പ്രവർത്തിക്കുന്നവരാണെന്നാണ് എനിക്കു തോന്നുന്നത്. സുന്ദരന്മാരായ ആൺകുട്ടികളെ ദിവാസ്വപ്നം കാണുന്നതിനെക്കാൾ പ്രധാനപ്പെട്ട എത്രയെത്ര കാര്യങ്ങൾ നമുക്കു ചെയ്യാനുണ്ട്!” എന്ന് 15 വയസ്സുള്ള അലെക്സിസ് പറയുന്നു.
ബൈബിൾ പറയുന്നു: പക്വതയുള്ളവർ, ‘ശരിയും തെറ്റും വേർതിരിച്ചറിയാനായി തങ്ങളുടെ വിവേചനാപ്രാപ്തിയെ ഉപയോഗത്തിലൂടെ പരിശീലിപ്പിച്ചവരാണ്.’— എബ്രായർ 5:14.
മാധ്യമങ്ങളിൽ കാണുന്ന കഥാപാത്രങ്ങളെ ബിസിനെസ്സ് താത്പര്യങ്ങളോടെ സൃഷ്ടിച്ചിരിക്കുന്നതാണ്, അല്ലാതെ പെൺകുട്ടികളുടെ ക്ഷേമത്തിനുവേണ്ടിയല്ല. കൗമാരപ്രായത്തിൽ എത്തുന്നതിനു മുമ്പുതന്നെ ചെറുപ്പക്കാർ വൻകിട വ്യവസായങ്ങളുടെ മുഖ്യലക്ഷ്യങ്ങളാകുന്നു. എങ്ങനെയും ലാഭം കൊയ്യുക എന്നതുമാത്രമാണ് അവരുടെ ചിന്ത. പബ്ലിഷിങ്, ഫാഷൻരംഗം, സാങ്കേതികരംഗം, വിനോദരംഗം എന്നിവയിലെല്ലാം ഈ പ്രവണതയാണ് കാണുന്നത്. ഒരു ഇംഗ്ലീഷ് പുസ്തകം ഇങ്ങനെ പറഞ്ഞു: ‘പുതുപുത്തൻ ഫാഷനിലുള്ള വസ്ത്രങ്ങളോ ആഭരണങ്ങളോ സൗന്ദര്യവർധക വസ്തുക്കളോ ഇലക്ട്രോണിക് സാധനങ്ങളോ ഇല്ലെങ്കിൽ ചെറുപ്പക്കാർക്കു പേരെടുക്കാൻ കഴിയില്ലെന്നാണ് പരസ്യക്കാർ കൊടുക്കുന്ന സന്ദേശം. ലൈംഗികകാര്യങ്ങളെക്കുറിച്ച് അറിയുന്നതിനു മുമ്പുതന്നെ കുട്ടികൾ അത്തരം കാര്യങ്ങൾ ചിത്രീകരിക്കുന്ന പരസ്യങ്ങൾ സ്ഥിരമായി കാണാൻ തുടങ്ങുന്നു.’
ബൈബിൾ പറയുന്നു: “കാരണം ജഡത്തിന്റെ മോഹം, കണ്ണിന്റെ മോഹം, വസ്തുവകകൾ പൊങ്ങച്ചത്തോടെ പ്രദർശിപ്പിക്കൽ ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിൽനിന്നുള്ളതല്ല, ലോകത്തിൽനിന്നുള്ളതാണ്.”—1 യോഹന്നാൻ 2:16.
ചിന്തിക്കാൻ: അത്യാധുനിക ഫാഷൻ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ വാങ്ങുന്നതിന് നമ്മൾ അമിതപ്രാധാന്യം കൊടുക്കുമ്പോൾ ശരിക്കും ആർക്കാണ് പ്രയോജനം കിട്ടുന്നത്? നിങ്ങളുടെ കൂട്ടുകാരുടെ ഇടയിൽ പേരെടുക്കാൻവേണ്ടി ഏറ്റവും പുതിയ മോഡൽ സ്മാർട്ട് ഫോൺ കൂടിയേ തീരൂ എന്നു തീരുമാനിച്ചാൽ വാസ്തവത്തിൽ ലാഭം കിട്ടുന്നത് ആർക്കായിരിക്കും? കച്ചവടക്കാരുടെ ലക്ഷ്യം എന്താണ്?—നിങ്ങളുടെ നന്മയോ അതോ അവരുടെ ലാഭമോ?
നിങ്ങൾക്കു ചെയ്യാൻ കഴിയുന്നത്
മാധ്യമങ്ങളിൽ കാണിക്കുന്ന കാര്യങ്ങൾ കണ്ണുമടച്ച് വിശ്വസിക്കാതിരിക്കുക. വളർന്നുവരുമ്പോൾ കണ്ണുകൊണ്ട് കാണുന്നതിനുമപ്പുറം കാണാനുള്ള കഴിവു നമ്മൾ നേടും. മാധ്യമങ്ങളിൽ കാണിക്കുന്ന കാര്യങ്ങൾ നിങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നു മനസ്സിലാക്കാൻ ചിന്താപ്രാപ്തി ഉപയോഗിക്കുക. “കുറച്ച് വസ്ത്രവും കൂടുതൽ മേക്കപ്പും. ഇങ്ങനെയാണ് മാധ്യമങ്ങൾ കൗമാരക്കാരികളെ അവതരിപ്പിക്കുന്നത്. അത് തങ്ങളുടെ സൗന്ദര്യം കൂട്ടുകയല്ല, പകരം മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ പെടാപ്പാടുപെടുന്ന ഒരാളായി ചിത്രീകരിക്കുകയാണെന്നു പല പെൺകുട്ടികളും തിരിച്ചറിയുന്നില്ല,”എന്ന് 14 വയസ്സുള്ള അലേന പറയുന്നു.
നിങ്ങൾ ആരാകാനാണോ ആഗ്രഹിക്കുന്നത് അതിനനുസരിച്ചുള്ള ലക്ഷ്യങ്ങൾ വെക്കുക. ഉദാഹരണത്തിന്, ഈ ലേഖനത്തിന്റെ തുടക്കത്തിൽ കൊടുത്തിരിക്കുന്ന ഗുണങ്ങളിൽ, നിങ്ങൾക്കു വേണമെന്നു തോന്നിയ ഗുണങ്ങളെപ്പറ്റി ചിന്തിക്കുക. ആ ഗുണങ്ങൾ നേടിയെടുക്കാനോ അതിൽ പുരോഗതി വരുത്താനോ എന്തുകൊണ്ട് ഇപ്പോൾത്തന്നെ ശ്രമിച്ചുകൂടാ? ബൈബിൾ പറയുന്നു: “പുതിയ വ്യക്തിത്വം ധരിക്കുക. ശരിയായ അറിവ് നേടുന്നതനുസരിച്ച് ഈ വ്യക്തിത്വം അതിനെ സൃഷ്ടിച്ച ദൈവത്തിന്റെ പ്രതിച്ഛായയോടു കൂടുതൽക്കൂടുതൽ സാമ്യമുള്ളതായി പുതുക്കപ്പെടുന്നു.” അതെ, ഈ വ്യക്തിത്വം ദൈവത്തിന്റെ പ്രതിച്ഛായയോടു സാമ്യമുള്ളതാണ്, അല്ലാതെ പരസ്യക്കാർ പടച്ചുവിടുന്ന പ്രതിച്ഛായയനുസരിച്ചുള്ളതല്ല.—കൊലോസ്യർ 3:10.
മാതൃകായോഗ്യരായവരെ അനുകരിക്കുക. അതു ചിലപ്പോൾ നിങ്ങളുടെ കുടുംബത്തിലുള്ളവർത്തന്നെയായിരിക്കാം,നിങ്ങളുടെ അമ്മയോ ആന്റിയോ ഒക്കെ. അല്ലെങ്കിൽ പക്വതയുള്ള കൂട്ടുകാരികളോ പരിചയക്കാരോ ആകാം. ക്രിസ്തീയസഭയിൽ അനുകരിക്കാൻ പറ്റിയ സ്ത്രീകൾ ഉണ്ടെന്നത് യഹോവയുടെ സാക്ഷികൾക്ക് ഒരു അനുഗ്രഹമാണ്.—തീത്തോസ് 2:3-5.
ചെയ്തുനോക്കൂ: രൂത്ത്, ഹന്ന, അബീഗയിൽ, എസ്ഥേർ, മറിയ, മാർത്ത തുടങ്ങിയ മാതൃകായോഗ്യരായ സ്ത്രീകളെക്കുറിച്ച് അവരുടെ വിശ്വാസം അനുകരിക്കുക എന്ന പുസ്തകം ഉപയോഗിച്ച് പഠിക്കുക. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം www.isa4310.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.