കുടുംബങ്ങൾക്കുവേണ്ടി | വിവാഹജീവിതം
ദേഷ്യപ്പെടുന്ന സ്വഭാവം മാറ്റിയെടുക്കാം?
“എല്ലാ ദിവസവും ഭർത്താവിന്റെയും ഭാര്യയുടെയും ക്ഷമ പരീക്ഷിക്കപ്പെടാറുണ്ട്. കല്യാണത്തിനു മുമ്പ് അത് വലിയൊരു പ്രശ്നമായിട്ട് നിങ്ങൾക്കു തോന്നിയിട്ടേ ഉണ്ടാവില്ല. എന്നാൽ വിവാഹജീവിതത്തിൽ വിജയിക്കാൻ സംയമനം പാലിച്ചേ പറ്റൂ.”—ജോൺ.
ദേഷ്യപ്പെടുന്ന സ്വഭാവം നല്ലതല്ലാത്തത് എന്തുകൊണ്ട്?
ഇണയുടെ കുറവുകൾ കൂടുതൽ മനസ്സിലാകുന്നതു വിവാഹശേഷമായിരിക്കും.
“വിവാഹത്തിന്റെ പുതുമോടി കഴിഞ്ഞാൽപ്പിന്നെ ഇണയുടെ കുറവുകളിലായിരിക്കും നിങ്ങളുടെ ശ്രദ്ധ. കുറവുകൾക്കു കൂടുതൽ ശ്രദ്ധ കൊടുത്താൽ നിങ്ങളുടെ ക്ഷമ നശിക്കാനാണു സാധ്യത.”—ജെസീന.
ദേഷ്യം വന്നാൽ ചിന്തിക്കാതെ സംസാരിച്ചുപോകും.
“എനിക്കു മനസ്സിൽ തോന്നുന്നത് എന്താണോ അതു ഞാൻ അപ്പോൾത്തന്നെ പറയും. ചിലപ്പോൾ പറയാൻ പാടില്ലാത്ത കാര്യങ്ങൾപ്പോലും. പിന്നെ തോന്നും ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കിൽ അങ്ങനെയൊന്നും പറഞ്ഞുപോകില്ലായിരുന്നല്ലോ എന്ന്.”—കാർമെൻ.
ബൈബിൾ പറയുന്നു: “സ്നേഹം ക്ഷമയും ദയയും ഉള്ളതാണ്.” (1 കൊരിന്ത്യർ 13:4) സ്നേഹിക്കുന്നവർ പെട്ടെന്ന് അക്ഷമരാകില്ല എന്ന കാര്യം മനസ്സിലാക്കാവുന്നതേ ഉള്ളൂ. എന്നാൽ എല്ലായ്പ്പോഴും അത് അങ്ങനെയാകണമെന്നില്ല. മുമ്പ് പറഞ്ഞ ജോൺ പറയുന്നു: “ഏത് നല്ല ഗുണത്തെയും പോലെ ക്ഷമ നശിക്കാൻ എളുപ്പമാണ്. അതുകൊണ്ടുതന്നെ അതു വളർത്തിക്കൊണ്ടുവരാൻ നല്ല ശ്രമം ചെയ്യണം.”
ദേഷ്യപ്പെടുന്ന സ്വഭാവം എങ്ങനെ മാറ്റിയെടുക്കാം?
അപ്രതീക്ഷിതസംഭവങ്ങൾ ക്ഷമ പരീക്ഷിച്ചേക്കാം.
ഉദാഹരണം: നിങ്ങളുടെ ഇണ ദേഷ്യപ്പെട്ട് ഒരു കാര്യം നിങ്ങളോടു പറയുന്നു. തിരിച്ചും അതുപോലെതന്നെ പറയാനായിരിക്കും നിങ്ങൾക്കു തോന്നുക.
ബൈബിൾതത്ത്വം: “പെട്ടെന്നു നീരസപ്പെടരുത്. നീരസം വിഡ്ഢിയുടെ ലക്ഷണമല്ലോ.”—സഭാപ്രസംഗകൻ 7:9, അടിക്കുറിപ്പ്.
എങ്ങനെ ക്ഷമ കാണിക്കാം: ശാന്തമാകുക. തിരിച്ച് എന്തെങ്കിലും പറയുന്നതിനു മുമ്പ് ഇണ നിങ്ങളോടു ദേഷ്യപ്പെട്ടത് നിങ്ങളെ വിഷമിപ്പിക്കാനോ മുറിപ്പെടുത്താനോ അല്ല എന്നു ചിന്തിക്കുക. “ഇണ പറഞ്ഞ ഒരു കാര്യത്തിന്റെ എഴുതാപ്പുറം വായിക്കാനുള്ള പ്രവണതയാണ് പലർക്കും. നമ്മൾ ചിന്തിക്കുന്ന അത്രയൊന്നും ഇണ ഉദ്ദേശിച്ചിട്ടേ ഉണ്ടാകില്ല, പറഞ്ഞിട്ടും ഉണ്ടാകില്ല” എന്ന് വിവാഹത്തെക്കുറിച്ചുള്ള ഒരു പുസ്തകം പറയുന്നു.
ഇണ നിങ്ങളെ ദേഷ്യം പിടിപ്പിക്കാൻതന്നെയാണ് ഒരു കാര്യം പറഞ്ഞതെന്നിരിക്കട്ടെ. അതേ വിധത്തിൽ തിരിച്ചടിക്കാതെ ക്ഷമ കാണിച്ചുകൊണ്ട് ആ ‘ചൂട്’ തണുപ്പിക്കാൻ നിങ്ങൾക്കു കഴിയും. “വിറകില്ലെങ്കിൽ തീ കെട്ടുപോകും” എന്ന് ബൈബിൾ പറയുന്നു.—സുഭാഷിതങ്ങൾ 26:20.
“ഭാര്യയെ ഒരു ശത്രുവായിട്ട് കാണാൻ തോന്നിത്തുടങ്ങിയാൽ ഉടനെ ഇങ്ങനെ ചിന്തിക്കുക: അവളെ സ്നേഹിക്കാൻ എനിക്ക് എന്തൊക്കെ കാരണങ്ങളാണുള്ളത്? എന്നിട്ട് പെട്ടെന്നുതന്നെ ഭാര്യയ്ക്ക് ഇഷ്ടമുള്ള എന്തെങ്കിലും ചെയ്യുക.”—ഏഥാൻ.
ചിന്തിക്കാനായി:
നിങ്ങളുടെ ഇണ ദേഷ്യപ്പെട്ട് എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്താൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?
ഇനിയൊരു അവസരത്തിൽ അങ്ങനെ സംഭവിച്ചാൽ നിങ്ങൾക്ക് എങ്ങനെ കൂടുതൽ ക്ഷമ കാണിക്കാം?
പ്രകോപിപ്പിക്കുന്ന കാര്യം ഇണ വീണ്ടുംവീണ്ടും ചെയ്യുകയാണെങ്കിലോ?
ഉദാഹരണം: ഇണ വൈകിയേ ഇറങ്ങൂ. കാത്തുകാത്ത് നിങ്ങളുടെ ക്ഷമ നശിക്കാറാകുന്നു.
ബൈബിൾതത്ത്വം: ‘അന്യോന്യം സഹിക്കുകയും ഉദാരമായി ക്ഷമിക്കുകയും ചെയ്യുക.’—കൊലോസ്യർ 3:13.
എങ്ങനെ ക്ഷമ കാണിക്കാം: നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളേക്കാൾ പ്രാധാന്യം വിവാഹബന്ധത്തിനു കൊടുക്കുക. സ്വയം ചോദിക്കുക: ‘ഇതൊരു പ്രശ്നമായെടുത്താൽ ഇതു ഞങ്ങളുടെ ബന്ധത്തിനു ഗുണം ചെയ്യുമോ ദോഷം ചെയ്യുമോ?’ “നമ്മളെല്ലാം പലതിലും തെറ്റിപ്പോകുന്നവരാണല്ലോ” എന്ന് ബൈബിൾ പറയുന്ന കാര്യവും ഓർക്കുക. (യാക്കോബ് 3:2) അതിനർഥം നിങ്ങളും പല കാര്യങ്ങളിലും മെച്ചപ്പെടാനുണ്ടെന്നാണ്.
“എനിക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും കൂട്ടുകാരി ചെയ്താൽ ഞാൻ ദേഷ്യപ്പെട്ടെന്നു വരില്ല. എന്നാൽ അതേ കാര്യം ഭർത്താവ് ചെയ്താൽ എനിക്കു ചിലപ്പോൾ ദേഷ്യം വരും. കാരണം ഭർത്താവ് എപ്പോഴും കൂടെയുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ കുറവുകളാണ് ഞാൻ കൂടുതൽ ശ്രദ്ധിക്കുന്നത്. എന്നാൽ സ്നേഹിക്കുന്നതിൽ ക്ഷമ കാണിക്കുന്നതും, അതായത് ദേഷ്യപ്പെടാതിരിക്കുന്നതും, ഉൾപ്പെടുന്നു. ശരിക്കും പറഞ്ഞാൽ ആദരവ് കാണിക്കാനുള്ള ഒരു വഴി. അതുകൊണ്ട് എന്റെ വിവാഹജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇത്.”—നിയ.
ചിന്തിക്കാനായി:
ഇണയോട് ഞാൻ ദേഷ്യപ്പെടാറുണ്ടോ?
നിങ്ങൾക്ക് എങ്ങനെ ഇണയോടു ദേഷ്യപ്പെടാതിരിക്കാൻ കഴിയും?